
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ നഴ്സുമാർക്ക് 5% ശമ്പള വർധന പ്രഖ്യാപിച്ചത് ഈയിടെയാണ്. എന്നാൽ നൽകാൻ പോകുന്ന നാമമാത്ര ശമ്പള വര്‍ധന 40% നികുതി വഴി തിരിച്ചെടുക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാരെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. നഴ്സുമർക്കൊപ്പം അധ്യാപകർ ഉൾപ്പടെയുള്ള നിരവധി ജീവനക്കാർ ഉയർന്ന നികുതി അടക്കേണ്ടി വരും. ആദായനികുതി അലവന്‍സുകളും പരിധികളും സര്‍ക്കാര്‍ മരവിപ്പിച്ചതിന്റെ ഫലമായി 2027ൽ നഴ്‌സുമാരില്‍ എട്ടില്‍ ഒരാളും നാലില്‍ ഒന്ന് അധ്യാപകരും ഉയര്‍ന്ന നികുതിദായകരാകുമെന്ന റിപ്പോർട്ടുകളാണ് പുറത്തു വന്നിട്ടുള്ളത്.
ബജറ്റ് കമ്മി കുറയ്ക്കാനുള്ള ട്രഷറിയുടെ ശ്രമത്തിന്റെ ഫലമായി 40% അല്ലെങ്കില്‍ അതിനുമുകളിലുള്ള ആദായനികുതി അടയ്ക്കുന്ന നികുതിദായകരില്‍ അഞ്ചിലൊന്ന് (ഏകദേശം 8 ദശലക്ഷം) ആളുകളില്‍ മെച്ചപ്പെട്ട ശമ്പളം ലഭിക്കുന്ന പൊതുമേഖലാ തൊഴിലാളികള്‍ ഉണ്ടാകുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസ്‌ക്കല്‍ സ്റ്റഡീസ്(ഐഎഫ്എസ്) പറയുന്നു. 1979 ല്‍ കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ വാറ്റ് ഇരട്ടിയാക്കി 15% ആക്കിയതിന് ശേഷമുള്ള ഏറ്റവും വലിയ നികുതി വര്‍ധന നടപടിയായാണ് ഐഎഫ്എസ് ഇതിനെ വിശേഷിപ്പിച്ചത്.
അലവന്‍സുകള്‍ മരവിപ്പിക്കുന്ന സമയത്ത് 2.5 ദശലക്ഷം ആളുകള്‍ ഇനി അടിസ്ഥാന നികുതിദായകരായിരിക്കില്ല. അലവന്‍സുകളും പരിധികളും ഉയര്‍ത്തേണ്ടതില്ലെന്ന തീരുമാനം പണപ്പെരുപ്പത്തിനനുസരിച്ച് വേതനം നിലനിര്‍ത്തുന്നതില്‍ പരാജയപ്പെടുന്ന തൊഴിലാളികളുടെ സാമ്പത്തിക സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നതായി ഐഎഫ്എസ് പറഞ്ഞു.
കോവിഡ് 19 മഹാമാരി മൂലം പൊതു ധനകാര്യത്തിൽ ഉണ്ടായ നഷ്ടങ്ങള്‍ പരിഹരിക്കാന്‍ നടപടി ആവശ്യമാണെന്ന് ചാന്‍സലര്‍ ജെറമി ഹണ്ട് പറഞ്ഞിരുന്നു. ദേശീയ വരുമാനത്തിന്റെ ഒരു വിഹിതമെന്ന നിലയില്‍ നികുതികള്‍ 70 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരിക്കുമെന്ന് സര്‍ക്കാരിന് സാമ്പത്തിക നിർദേശങ്ങൾ നല്‍കുന്ന സ്വതന്ത്ര സ്ഥാപനമായ ഓഫിസ് ഫോര്‍ ബജറ്റ് റെസ്പോണ്‍സിബിലിറ്റി പറഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല