സ്വന്തം ലേഖകൻ: കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റുകൾ ബ്രിട്ടൻ താത്കാലികമായി നിർത്തിവച്ചു. ഇന്ത്യയിലെ ആരോഗ്യമേഖല പ്രതിസന്ധി നേരിടുമ്പോൾ റിക്രൂട്ട്മെന്റുകൾ നടത്തുന്നത് ധാർമികമായി ശരിയല്ലെന്ന വിലയിരുത്തലിലാണ് ബ്രിട്ടീഷ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ഇതുസംബന്ധിച്ച നിർദേശം എൻഎച്ച്എസ് ഇംഗ്ലണ്ട് വിവിധ ട്രസ്റ്റുകൾക്കും റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾക്കും നൽകി.
കോവിഡിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയ്ക്ക് ബ്രിട്ടൻ യാത്രാവിലക്ക് ഏർപ്പെടുത്തിയതോടെ പല ഏജൻസികളും സ്വന്തം നിലയിൽ വിമാനം ചാർട്ടർ ചെയ്തു നഴ്സുമാരെ എത്തിക്കാനുള്ള ശ്രമം നടത്തിയിരുന്നു. എൻഎച്ച്എസ് ട്രസ്റ്റുകൾ ഹോട്ടൽ ക്വാറന്റൈനുള്ള പണം തുക നൽകാൻ തയാറായതോടെ ഇവരുടെ യാത്രകൾ സാധ്യമാകുമെന്ന് കരുതിയിരിക്കവേയാണ് താൽക്കാലിക റിക്രൂട്ട്മെന്റ് മരവിപ്പിക്കൽ കൂടി എത്തിയിരിക്കുന്നത്.
ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെയാണു നിരോധനം. റിക്രൂട്ട്മെന്റ് നടപടികൾ പൂർത്തിയാക്കി വരും ദിവസങ്ങളിൽ യുകെയിലേക്ക് പോകാനിരിക്കുന്ന നഴ്സുമാർക്ക് ഇന്ത്യയിൽ കോവിഡ് കേസുകൾ കുറയുന്നത് വരെ കാത്തിരിക്കേണ്ടി വരും. അതേസമയം, നിലവിൽ ജോബ് ഓഫർ ലഭിച്ച ആരുടെയും അവസരം നഷ്ടപ്പെടില്ലെന്ന് എൻഎച്ച്എസ് ഉറപ്പ് നൽകിയിട്ടുണ്ട്. ജോബ് ഓഫർ ലഭിച്ചവരുമായി നിരന്തരം സമ്പർക്കം പുലർത്തി ആവശ്യമായ നിർദേശങ്ങളും സഹായങ്ങളും ചെയ്യണമെന്ന് ട്രസ്റ്റുകൾക്കും ഏജൻസികൾക്കും എൻഎച്ച്എസ് നിർദേശം നൽകി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല