സ്വന്തം ലേഖകന്‍: യുകെയിലേക്കുള്ള കുടിയേറ്റം വെട്ടിക്കുറയ്ക്കും, കുടിയേറ്റക്കാര്‍ക്കുള്ള സര്‍ക്കാര്‍ സൗജന്യങ്ങള്‍ക്കും നിയന്ത്രണം, തീവ്ര വലതുപക്ഷ ചായ്‌വ് പ്രകടമാക്കി ജനപ്രിയ വാഗ്ദാനങ്ങളുമായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രകടന പത്രിക. തീവ്ര വലതുപക്ഷക്കാരായ ബ്രിട്ടീഷ് വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ കടുത്ത നിര്‍ദേശങ്ങളടങ്ങുന്നതാണ് ടോറി പ്രകടന പത്രിക. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റം വെട്ടിക്കുറക്കുമെന്നും യൂറോപ്യന്‍ യൂനിയനു പുറത്തുള്ള വിദഗ്ധ തൊഴിലാളികള്‍ക്ക് ബ്രിട്ടനില്‍ ജോലിചെയ്യുന്നതിന് നിയമങ്ങള്‍ കര്‍ക്കശമാക്കുമെന്നാണ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങളില്‍ പ്രധാനം.
കുടിയേറ്റക്കാരെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങള്‍ പ്രതിവര്‍ഷം ഒരാള്‍ക്ക് 2000 പൗണ്ട് വീതം പിഴ നല്‍കണമെന്നും കുടിയേറ്റക്കാര്‍ ദേശീയ ആരോഗ്യ സര്‍വിസ് സ്ഥാപനങ്ങളില്‍ ചികിത്സ തേടുമ്പോള്‍ ഫീസ് നല്‍കണമെന്നും പത്രികയില്‍ എടുത്തു പറയുന്നു. നിലവില്‍ കുടിയേറ്റക്കാരെ നിയമിക്കുന്നതിന് സ്ഥാപനങ്ങള്‍ നല്‍കേണ്ട ഇമിഗ്രേഷന്‍ സ്‌കില്‍സ് ചാര്‍ജ് 1000 പൗണ്ടാണ്. ഇതാണ് ഇരട്ടിയാക്കിയത്. ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജ് എന്ന പേരിലാകും കുടിയേറ്റക്കാരില്‍നിന്നു ചികിത്സക്കു പണം ഈടാക്കുക.
നിലവിലുള്ളതില്‍നിന്നും കുടിയേറ്റം വെട്ടിച്ചുരുക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി തെരേസ മേയ് വ്യക്തമാക്കി. നടപടികള്‍ കര്‍ക്കശമാക്കുന്നതോടെ കുടിയേറ്റവിരുദ്ധ യു.കെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടിയുടെ വോട്ടുകള്‍ ഉറപ്പിക്കാനാണ് ടോറികള്‍ ലക്ഷ്യമിടുന്നത്. കുടിയേറ്റത്തിനൊപ്പം സ്‌കൂള്‍ കുട്ടികള്‍ക്ക് സൗജന്യ ഭക്ഷണം നിലനിര്‍ത്തി ഫീസ് നിര്‍ത്തലാക്കുന്നത് ഉള്‍പ്പെടെ സാമൂഹിക സുരക്ഷ പദ്ധതികളില്‍ മാറ്റംവരുത്തുമെന്നും പ്രകടന പത്രികയിലുണ്ട്.
അതിനിടെ രാജ്യത്തെ മൂന്നാമത്തെ വലിയ കക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി കഴിഞ്ഞ ദിവസം തങ്ങളുടെ പ്രകടന പത്രിക പുറത്തിറക്കി. ബ്രക്‌സിറ്റ് ചര്‍ച്ചകളില്‍ ഉരിത്തിരിയുന്ന വ്യവസ്ഥകള്‍ നടപ്പിലാക്കണമോ എന്നു തീരുമാനിക്കാന്‍ ജനങ്ങള്‍ക്കിടയില്‍ വീണ്ടും ഹിതപരിശോധന നടത്തുമെന്നാണ് ലിബറല്‍ ഡെമോക്രാറ്റുകളുടെ പ്രധാന വാഗ്ദാനം. ഇതിലൂടെ ബ്രെക്‌സിറ്റ് നടപ്പിലാക്കണമോ എന്നു തീരുമാനിക്കാന്‍ ജനങ്ങള്‍ക്ക് ഒരവസരംകൂടി നല്‍കി ജനപ്രീതിയും വോട്ടും നേടാനാണ് പാര്‍ട്ടിയുടെ ശ്രമം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല