സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ വോട്ടിംഗ് പ്രായം 16 ആക്കുന്നതിനോട് യോജിപ്പില്ലെന്ന് പ്രധാനമന്ത്രി തെരേസാ മേയ്, ലേബര്‍ പാര്‍ട്ടി കോട്ടകളിലേക്ക് ബസുമായി പ്രധാനമന്ത്രി. അധികാരത്തിലെത്തിയാല്‍ വോട്ടിങ് പ്രായം 16 വയസാക്കി കുറയ്ക്കുമെന്ന ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്റെ വാഗ്ദാനത്തോട് പ്രതികരിക്കുകയായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി. ഇതോടെ വോട്ടിംഗ് പ്രായം കുറയ്ക്കല്‍ ബ്രിട്ടനിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ ചേരിതിരിവിനും കാരണമാകുകയാണ്.
ലേബര്‍ പാര്‍ട്ടിക്കു പുറമേ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, സ്കോട്ടിഷ് നാഷനല്‍ പാര്‍ട്ടി, ഗ്രീന്‍ പാര്‍ട്ടി എന്നീ കക്ഷികള്‍ വോട്ടിങ് പ്രായം കുറയ്ക്കണമെന്ന അഭിപ്രായക്കാരാണ്. എന്നാല്‍ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും തീവ്രവലതുപക്ഷ പാര്‍ട്ടിയായ യുക്കിപ്പിനും ഇതിനെതിരാണ്. പ്രചാരണം ശക്തമായി പുരോഗമിക്കുന്നതിനിടെ ആദ്യമായി അഭിപ്രായ സര്‍വേകളിലൊന്നില്‍ ലേബര്‍ പാര്‍ട്ടിക്ക് നേരിയ മുന്‍തൂക്കം ലഭിച്ചതും ശ്രദ്ധേയമായി.
ജെറമി കോര്‍ബിന്റെ റെയില്‍വേ, റോയല്‍മെയില്‍, ഊര്‍ജമേഖല എന്നിവ ദേശസാല്‍കരിക്കുമെന്ന പ്രഖ്യാപനവും യൂണിവേഴ്സിറ്റി വിദ്യാഭ്യാസം സൗജന്യമാക്കുമെന്ന വാഗ്ദാനവും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ തുടങ്ങിയതായാണ് സൂചന. എന്നാല്‍ ബ്രെക്സിറ്റിനെ മുന്നില്‍ നിര്‍ത്തി പട നയിക്കുന്ന തെരേസാ മേയ്ക്കു തന്നെയാണ് ഇപ്പോഴും മുന്‍തൂക്കം. ലിബറല്‍ ഡെമോക്രാറ്റുളും യുക്കിപ്പും പ്രചാരണം പുരോഗമിക്കുന്തോറും കിതക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
സാധാരണക്കാരെ ചാക്കിലാക്കാന്‍ വന്‍കിട സാമ്പത്തിക ക്രയവിക്രയങ്ങള്‍ക്ക് ‘റോബിന്‍ഹുഡ് ടാക്സ്’ പോലുള്ള വാഗ്ദാനങ്ങളുമായി ടോറികള്‍ക്കൊപ്പം എത്താന്‍ ലേബര്‍ പാര്‍ട്ടി ശ്രമിക്കുമ്പോള്‍ ലേബര്‍ കോട്ടകളിലേക്ക് ബസില്‍ ഇടിച്ചു കയറുകയാണ് തെരേസാ മേയ്. ‘തെരേസ മേയ് ഫോര്‍ ബ്രിട്ടന്’ എന്നെഴുതിയ നീല ‘കാമ്പയിന് കോച്ചില്‍’ ലേബര്‍ ശക്തികേന്ദ്രങ്ങളിലെ വോട്ടര്‍മാരോട് നേരിട്ട് വോട്ടു ചോദിക്കുകയാണ് പ്രധാനമന്ത്രി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല