
സ്വന്തം ലേഖകൻ: ജനത്തിന് ദുരിതം സമ്മാനിക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ സിവില്‍ സര്‍വീസ് യൂണിയന്‍ സമരദിനങ്ങള്‍ നീട്ടാന്‍ അവകാശം കരസ്ഥമാക്കി. സമരത്തെ അനുകൂലിച്ച് ഹോം ഓഫീസ്, ഡിവിഎല്‍എ, ഡ്രൈവിംഗ് ടെസ്റ്റ് എക്‌സാമിനര്‍ ജോലിക്കാരും രംഗത്തുവന്നതോടെ യുകെ ജനതയുടെ ജനങ്ങളുടെ ഹോളിഡേ പദ്ധതികള്‍ക്കു തിരിച്ചടി നേരിടുമെന്നാണ് ആശങ്ക. പാസ്‌പോര്‍ട്ട് ഓഫീസ്, ബോര്‍ഡര്‍ ഫോഴ്‌സ് ജീവനക്കാരുടെ പണിമുടക്ക് ഓട്ടം സീസണ്‍ വരെ നീളാന്‍ വഴിയൊരുങ്ങിയതോടെയാണിത്.
ആറ് മാസത്തേക്ക് കൂടി സമരം ചെയ്യാനുള്ള വിധിയാണ് വലിയ സിവില്‍ സര്‍വ്വീസ് യൂണിയന്‍ ആയ പബ്ലിക് & കൊമേഴ്‌സ്യല്‍ സര്‍വ്വീസസ് യൂണിയന്‍ അംഗങ്ങള്‍ പുറപ്പെടുവിച്ചത്. 88 ശതമാനം വോട്ടുകള്‍ സമരത്തെ അനുകൂലിച്ചതായി പിസിഎസ് വ്യക്തമാക്കി. ഇതോടെ വര്‍ഷത്തിന്റെ ബാക്കി മാസങ്ങളിലും പണിമുടക്ക് സംഘടിപ്പിക്കാനുള്ള വഴിയാണ് ഒരുങ്ങിയിരിക്കുന്നത്.
മാസങ്ങളായി ശമ്പളവും, തൊഴില്‍ സാഹചര്യങ്ങളും മുന്‍നിര്‍ത്തി ഗവണ്‍മെന്റുമായി ഏറ്റുമുട്ടലിലാണ് പിസിഎസ്. ഇതിന്റെ പേരില്‍ ബോര്‍ഡര്‍, ഫോഴ്‌സ്, പാസ്‌പോര്‍ട്ട് ഓഫീസ്, എച്ച്എം റവന്യൂ & കസ്റ്റംസ് ഉള്‍പ്പെടെ വിവിധ വകുപ്പുകളില്‍ സമരവും നടത്തിയിരുന്നു. 52 ശതമാനം പേര്‍ പങ്കെടുത്ത ബാലറ്റിംഗ് ഫലം അനുകൂലമായതോടെ ലക്ഷ്യമിട്ട മേഖലകളില്‍ കൂടുതല്‍ നടപടികള്‍ സാധ്യമാകുമെന്ന് പിസിഎസ് വ്യക്തമാക്കി.
ഹോം ഓഫീസ്, പാസ്‌പോര്‍ട്ട് ഓഫീസ്, ഡിവിഎല്‍എ, ഡ്രൈവിംഗ് ടെസ്റ്റ് എക്‌സാമിനര്‍മാര്‍ തുടങ്ങിയവയില്‍ ജോലി ചെയ്യുന്ന അംഗങ്ങള്‍ സമരം തുടരുന്നതിനെ അനുകൂലിക്കുകയാണ്.
പണം ടേബിളില്‍ വെയ്ക്കാന്‍ മന്ത്രിമാര്‍ തയ്യാറായില്ലെങ്കില്‍ സമ്മറില്‍ കൂടുതല്‍ തടസങ്ങള്‍ നേരിടാനും, ഇത് ഓട്ടം സീസണ്‍ വരെ നീളാനും സാധ്യതയുണ്ടെന്ന് പിസിഎസ് ജനറല്‍ സെക്രട്ടറി മാര്‍ക്ക് സെര്‍വോട്ക മുന്നറിയിപ്പില്‍ പറഞ്ഞു.
പാസ്‌പോര്‍ട്ട് പുതുക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കനത്ത തടസങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് പിസിഎസ് ഭീഷണി. ഇത് നാട്ടിലേക്കുള്ള വരവും പോക്കും തടസപ്പെടുത്തുമെന്ന ആശങ്കയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല