യുകെ പാസ്‌പോര്‍ട്ട് എക്‌സ്റ്റന്‍ഷന്‍ സര്‍വീസ് ഇനി പ്രവര്‍ത്തിക്കില്ല. ഇതിന്റെ ആവശ്യം ഇനി ഉണ്ടാകാന്‍ സാധ്യതയില്ലാത്തതിനാലാണ് എക്സ്റ്റന്‍ഷന്‍ സെന്ററിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. കഴിഞ്ഞ വേനലവധിക്കാലത്താണ് യുകെ ഹോം ഓഫീസ് എക്സ്റ്റന്‍ഷന്‍ സെന്റര്‍ ആരംഭിച്ചത്. പാസ്‌പോര്‍ട്ട് പുതുക്കുന്നതിനുള്ള അപേക്ഷകള്‍ ധാരാളം വന്നതിനാല്‍ പലതും കെട്ടി കിടക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പാസ്‌പോര്‍ട്ട് ഓഫീസിലെ തെരക്ക് ഒഴിവാക്കാന്‍ എക്‌സ്റ്റന്‍ഷന്‍ സെന്റര്‍ ആരംഭിച്ചത്.
യുഎഇയിലുള്ള നിരവധി ബ്രിട്ടീഷ് പൗരന്മാര്‍ ഈ എക്സ്റ്റ്ന്‍ഷന്‍ സെന്ററിന്റെ സേവനം പ്രയോജനപ്പെടുത്തിയിരുന്നെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ ജൂണ്‍ മാസത്തില്‍ 500,000 പാസ്‌പോര്‍ട്ട് പുതുക്കാനുള്ള അപേക്ഷകളായിരുന്നു തീരുമാനമാകാതെ കെട്ടികിടന്നത്. പാസ്‌പോര്‍ട്ട് ഓഫീസിലെ തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറച്ചതായിരുന്നു ഇതിന് കാരണം. അതിനൊപ്പം തന്നെ മറ്റു രാജ്യങ്ങളിലുണ്ടായിരുന്ന പാസ്‌പോര്‍ട്ട് ഓഫീസുകള്‍ പൂട്ടുകയും ചെയ്തു. മറ്റു രാജ്യങ്ങളിലുള്ള ബ്രിട്ടീഷുകാര്‍ക്ക് പാസ്‌പോര്‍ട്ട് പുതുക്കുന്നതിനായി ലണ്ടന്‍ ഓഫീസിനെ ആശ്രയിക്കേണ്ടി വന്നു. ഇതാണ് പാസ്‌പോര്‍ട്ട് ഓഫീസിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചത്.
ഈ സാഹചര്യത്തിലാണ് യുകെ ഹോം ഓഫീസ് പാസ്‌പോര്‍ട്ട് ഓഫീസിന്റെ നിയന്ത്രണം ഏറ്റെടുത്തതും പാസ്‌പോര്‍ട്ട് എക്‌സ്റ്റന്‍ഷന്‍ ഓഫീസ് ആരംഭിച്ചതും. ഇപ്പോള്‍ തെരക്ക് ഒഴിവായ സാഹചര്യത്തില്‍ എക്സ്റ്റന്‍ഷന്‍ സെന്റര്‍ ആവശ്യമില്ലെന്ന് കണ്ടാണ് പൂട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഇപ്പോള്‍ പാസ്‌പോര്‍ട്ട് പുതുക്കുന്നതിന് ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കുകയും പാസ്‌പോര്‍ട്ട് ലണ്ടനിലേക്ക് അയച്ചു കൊടുക്കുകയും ചെയ്യാം. 72.50 പൗണ്ടാണ് ഇതിന് വരുന്ന ചെലവ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല