സ്വന്തം ലേഖകൻ: ദീർഘമായ ഒരു ഇടവേളയ്‌ക്കുശേഷമാണ് യുകെയിൽ നിത്യോപയോഗ സാധനങ്ങളുടേതടക്കം ഭക്ഷ്യവിലയും ജീവിതച്ചിലവും സമീപകാലത്ത് കുറഞ്ഞത്. എന്നാൽ തുടർച്ചയായി നാലാം മാസവും പെട്രോൾ വില വർധിച്ചതോടെ, വീണ്ടും വിലക്കയറ്റത്തിന്റെ ആശങ്കയിലാകുന്നു യുകെ സാമ്പത്തികരംഗം.
പെട്രോൾ വില കഴിഞ്ഞമാസം ലിറ്ററിന് ശരാശരി 4.5 പെൻസിന്റെ വർദ്ധനവോടെ കുതിച്ചുയർന്നതായി ഓട്ടോറിസ്റ്റുകളുടെ അസോസിയേഷനായ ആർഎസി ചൂണ്ടിക്കാണിക്കുന്നു. സെപ്റ്റംബറിൽ അൺലീഡഡ് പെട്രോൾ വില ലിറ്ററിന് ഏകദേശം £1.52 ൽ നിന്ന് £1.57 ആയി ഉയർന്നു. ഇതോടെ ഒരു സാധാരണ കുടുംബത്തിന്റെ കാർ നിറയ്ക്കുന്നതിനുള്ള ചെലവ് £86 അധികമായി ഉയർന്നു.
സെപ്റ്റംബറിലെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം പെട്രോൾ ലിറ്ററിന് ശരാശരി 4.5 പെൻസ് വർദ്ധിച്ചു, അതേസമയം ഡീസൽ ലിറ്ററിന് 8 പെൻസും വർദ്ധിച്ചു. കഴിഞ്ഞ മാസം മുതൽ ഡീസൽ ലിറ്ററിന് 1.54 പൗണ്ടിൽ നിന്ന് 1.63 പൗണ്ടായി ഉയർന്നു. ആഗോള എണ്ണവില ഉയർന്നതാണ് ഇന്ധന വില വർധിക്കാൻ പ്രധാനകാരണമെന്ന് ആർഎസി പറഞ്ഞു, എങ്കിലും പെട്രോളിന് റീട്ടെയിൽ ഔട്ട്ലെറ്റുകൾ “അമിത വില” ഈടാക്കുന്നതും കാരണമാണെന്ന് ആർഎസി ആരോപിച്ചു.
ചില്ലറവ്യാപാരികൾ അമിത വിലവർദ്ധനവ് ഒഴിവാക്കിയാൽ ഇപ്പോഴുള്ളതിനേക്കാൾ കുറഞ്ഞത് 7 പെൻസെങ്കിലും വില കുറയും. നിലവിലെ ശരാശരിയായ 1.57 പൗണ്ടിൽ നിന്ന് ലിറ്ററിന് ഏകദേശം £1.50 ആയി കുറയുമെന്നും ആർഎസി ചൂണ്ടിക്കാണിച്ചു.
അതേസമയം ” പെട്രോൾ വില നിലവിലെ ലഭ്യതച്ചിലവിനേക്കാൾ കൂടുതലല്ല” എന്ന് സ്വതന്ത്ര റീട്ടെയിൽ ഫോർകോർട്ടുകളും വാദിക്കുന്നു. യുകെ ഫോർകോർട്ടുകളിൽ 64% വരുന്ന സ്വതന്ത്ര വിൽപ്പനക്കാരെ പ്രതിനിധീകരിക്കുന്ന പെട്രോൾ റീട്ടെയ്‌ലേഴ്‌സ് അസോസിയേഷൻ, ഉയർന്ന തൊഴിൽ, ഇന്ധന ചെലവ്, വിൽപ്പന കുറയൽ എന്നിവ കാരണം വിലവർധനവ് അനിവാര്യമാണെന്നും ലാഭ മാർജിനുകൾ തീരെക്കുറവാണെന്നും വ്യക്തമാക്കി.
കോവിഡ് മഹാമാരിക്കുശേഷം സാധാരണക്കാർക്ക് ആശ്വാസമായി യുകെയിലെ ജീവിതച്ചെലവ് ചെറുതായി കുറഞ്ഞുതുടങ്ങുകയും, പണപ്പെരുപ്പത്തിനൊപ്പം ഉപഭോക്തൃ വിലകൾ 6.7% ആയി കുറയുകയും ചെയ്യുന്ന സമയമാണ് പെട്രോൾ വില വർദ്ധനവെന്നതാണ് തിരിച്ചടി.
പെട്രോളിനും ഡീസലിനും അടക്കം ഇന്ധനവില ഉയരുന്നത് ഗാർഹിക സാമ്പത്തിക രംഗത്തെ സമ്മർദ്ദം വർദ്ധിപ്പിക്കും. ട്രാൻസ്പോർട്ടേഷൻ ചിലവുകൾ വർധിക്കുന്നതിനാൽ നിത്യോപയോഗ സാധന വിലകളും ഭക്ഷ്യവിലകളും വീണ്ടും കുതിച്ചുയരും. ഭക്ഷ്യവിലകൾ കുറഞ്ഞത് ഓഗസ്റ്റിൽ വിലക്കയറ്റം അപ്രതീക്ഷിതമായി കുറയാൻ സഹായിച്ചിരുന്നു. ഒന്നര വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് ഇപ്പോൾ വിലകൾ താഴ്ന്നു.
കാലക്രമേണ വിലകൾ എങ്ങനെ മാറുന്നുവെന്ന് അളക്കുന്ന പണപ്പെരുപ്പ നിരക്ക് ജൂലൈയിലെ 6.8% ൽ നിന്ന്, ഓഗസ്റ്റ് വരെയുള്ള കാലം 6.7% ആയി കുറഞ്ഞുവെന്നും ഔദ്യോഗിക കണക്കുകൾ കാണിക്കുന്നു. തുടർച്ചയായ മൂന്നാം മാസമാണ് ഈ കണക്ക് കുറയുന്നത്. പാല്, ചീസ്, പച്ചക്കറി എന്നിവയുടെ വില കഴിഞ്ഞ മാസം കുറഞ്ഞെങ്കിലും ധാന്യങ്ങളുടെ വില ഉയർന്നിരുന്നു. കഴിഞ്ഞ മാസം പെട്രോൾ, ഡീസൽ വിലയിലുണ്ടായ വർധന, മൂലം വീണ്ടും വിലക്കയറ്റം വർദ്ധിക്കുമെന്ന് മിക്ക വിപണി വിദഗ്ധരും പ്രതീക്ഷിക്കുന്നു.
ഇന്ധന ചില്ലറ വിൽപന വിപണിയിൽ ആധിപത്യം പുലർത്തുന്ന സൂപ്പർമാർക്കറ്റുകളായ Asda, Sainsbury’s, Morrison’s, Tesco എന്നിവയിൽ ഈ വർഷമാദ്യം കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി നടത്തിയ അന്വേഷണത്തെത്തുടർന്ന്, യുകെയിലുടനീളമുള്ള ചില്ലറ വിൽപ്പനക്കാരുടെ ലാഭ മാർജിൻ പെട്രോളിന് നിലവിലെ ചിലവിൽ വരുന്നതിനേക്കാൾ വളരെ കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു.
സൗദി അറേബ്യയും റഷ്യയും, ഒപെക് + ഗ്രൂപ്പിലെ അംഗങ്ങളും ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉൽപ്പാദക രാജ്യങ്ങളിൽ രണ്ടെണ്ണവും ഉൽപ്പാദനം കുറയ്ക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകുമ്പോൾ, പെട്രോൾ വില വരും മാസങ്ങളിലും ഉയരാൻ തന്നെയാണ് സാധ്യത. യുഎസ് ഡോളറിനെതിരെ പൗണ്ട് മൂല്യം കുറഞ്ഞതും ആഗോള വിപണിയിൽ നിന്ന് മൊത്ത ഇന്ധനം വാങ്ങുന്നത് യുകെയ്ക്ക് കൂടുതൽ ബാധ്യത വരുത്തിവക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല