സ്വന്തം ലേഖകൻ: യുകെയിലെ പെട്രോൾ പമ്പുകളിൽ ഇനി മുതൽ തത്സമയ ഇന്ധനവില പ്രദർശിപ്പിക്കണം. സൂപ്പര്‍മാര്‍ക്കറ്റുകളും മറ്റ് ഇന്ധന ചില്ലറ വ്യാപാരികളും അമിത നിരക്ക് ഈടാക്കുന്നത് തടയാന്‍ ലക്ഷ്യമിട്ടുള്ള പുതിയ പദ്ധതി പ്രകാരമാണ് തത്സമയ വിലകള്‍ പ്രസിദ്ധീകരിക്കുന്നത്. ഇതനുസരിച്ചു ഡ്രൈവര്‍മാര്‍ക്ക് വിലകുറഞ്ഞ പെട്രോൾ വാഹനങ്ങളിൽ നിറക്കാൻ ഉള്ള സൗകര്യം കണ്ടെത്താം.
തത്സമായ വില പ്രസ്ദ്ധീകരിക്കുന്നത് ഇന്ധന കമ്പനികൾക്ക് വില കുറയ്ക്കാനുള്ള മത്സരത്തിന് കാരണമാകുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ വര്‍ഷം സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ബ്രിട്ടിഷുകാര്‍ ഇന്ധനത്തിനായി ലീറ്ററിന് നിലവിൽ ഉള്ളതിനേക്കാൾ കൂടുതൽ തുക അധികമായി നല്‍കിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
തത്സമായ വിവരങ്ങള്‍ പങ്കിടാന്‍ ചില്ലറ വ്യാപാരികളെ നിര്‍ബന്ധിക്കുന്നതിന് നിലവിലുള്ള നിയമത്തില്‍ മാറ്റം വരുത്തുമെന്ന് ഊര്‍ജ്ജ സുരക്ഷാ സെക്രട്ടറി ഗ്രാന്റ് ഷാപ്പ്സ് പറഞ്ഞു. തുടര്‍ച്ചയായി പരിശോധന നടത്തുന്നതിനായി ഒരു പുതിയ ‘ഇന്ധന മോണിറ്റര്‍’ സമിതിയും സ്ഥാപിക്കും. വില കുറയ്ക്കുന്നതിനും വിൽപ്പനയിൽ സുതാര്യത വര്‍ധിപ്പിക്കുന്നതിനും പുതിയ അധികാരങ്ങള്‍ നിയമത്തില്‍ ഉള്‍പ്പെടുത്തുമെന്നും ഗ്രാന്റ് ഷാപ്പ്സ് പറഞ്ഞു.
റഷ്യയുടെ യുക്രൈന് അധിനിവേശത്തിന് തൊട്ടുപിന്നാലെ പെട്രോള്‍, ഡീസല്‍ വില റെക്കോര്‍ഡ് നിലയിൽ ഉയര്‍ന്നിരുന്നു. എന്നാൽ പിന്നീട് മൊത്തവില ഗണ്യമായി കുറഞ്ഞവെങ്കിലും ബ്രിട്ടനിൽ വില കുറച്ചിരുന്നില്ല. ഇതേ തുടർന്ന് ഇന്ധന വിലയിൽ ഉണ്ടായ കുറവ് ഉപയോക്താക്കള്‍ക്ക് കൈമാറുന്നില്ലെന്ന പരാതി ഉയർന്നിരുന്നു. പരാതിയെ തുടർന്ന് കോമ്പറ്റീഷന് ആന്‍ഡ് മാര്‍ക്കറ്റ്സ് അതോറിറ്റി (സിഎംഎ) അന്വേഷണം നടത്തി വരികയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല