സ്വന്തം ലേഖകൻ: യുകെയിൽ ഇനി ജിപിയിൽ പോകാതെ ഏഴ് അസുഖങ്ങൾക്ക് ചികിത്സ ലഭിക്കും. എൻഎച്ച്എസ് ഫാർമസി ഫസ്റ്റ് അഡ്വാൻസ്ഡ് സർവീസ് എന്ന പേരിലുള്ള പുതിയ സംവിധാനം ഇന്നലെ മുതൽ പ്രാബല്യത്തിലായി. ചെവി വേദന, തലകറക്കം പ്രാണികൾ കടിക്കുന്നതു മൂലമുള്ള അലർജികൾ, ഷിംഗിൾസ്, സൈനസൈറ്റിസ്, തൊണ്ടവേദന, സങ്കീർണമല്ലാത്ത യൂറിനറി ട്രാക്ക് ഇൻഫെക്ഷൻ എന്നിവയ്ക്ക് ഫാർമസി കൗണ്ടറിൽനിന്നും നേരിട്ട് മരുന്നു വാങ്ങാൻ പറ്റുന്ന സംവിധാനമാണിത്.
ഈ സംവിധാനം പ്രാബല്യത്തിലാകുന്നതോടെ പ്രതിവർഷം ഒരു കോടിയോളം ആശുപത്രി അപ്പോയ്ന്റ്മെന്റുകൾ ലാഭിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. തിരഞ്ഞെടുക്കപ്പെട്ട ഫാർമസികളിൽ നേരിട്ടെത്തിയോ ഫാർമസിസ്റ്റുമായി വിഡിയോ കൺസൾട്ടേഷൻ വഴിയോ രോഗികൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. ഓരോ രോഗത്തിനും രോഗികളുടെ പ്രായം പ്രധാന ഘടകമാണ്. ചില നിശ്ചിത പ്രായത്തിലുള്ളവരെ ഈ സേവനത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഇവയ്ക്കു പുറമേ ഫാർമസികൾ രക്തസമ്മർദ്ദ പരിശോധനയും ഒരുക്കും. നിലവിലുള്ള കമ്മ്യൂണിറ്റി ഫാർമസിസ്റ്റുകളുടെ കൂടുതൽ സേവനം ലഭ്യമാക്കിയാകും പദ്ധതി നടപ്പിലാക്കുക. രാജ്യത്ത് ഇതുവരെ പതിനായിരത്തിലധികം ഫാർമസികൾ ഈ സേവനം നൽകാൻ സന്നദ്ധതയറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
എൻഎച്ച്എസ് ആക്സിഡന്റ് ആൻഡ് എമർജൻസി ഡിപ്പാർട്ട്മെന്റിലും അർജന്റ് കെയർ സെന്ററുകളിലും മണിക്കൂറുകൾ കാത്തിരിക്കാതെ തന്നെ നിസ്സാര രോഗങ്ങൾക്ക് ഇനി ആളുകൾക്ക് മരുന്നു വാങ്ങി മടങ്ങാം. ജിപിയിൽ പേരു റജിസ്റ്റർ ചെയ്യാത്തവർക്കും ഇത്തരത്തിൽ ഫാർമസി കൺസൾട്ടേഷൻ സാധ്യമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല