സ്വന്തം ലേഖകൻ: സീറ്റ്‌ബെല്‍റ്റ് ധരിക്കാതെ കാറില്‍ സഞ്ചരിച്ച സംഭവത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന് ലങ്കാഷയര്‍ പോലീസ് പിഴചുമത്തി. കേസ് കോടതിയിലെത്തുംമുമ്പ് പിഴയടയ്ക്കുകയാണെങ്കില്‍ പതിനായിരത്തോളം രൂപയും, കോടതിയിലെത്തിയാല്‍ അമ്പതിനായിരം രൂപയുമായിരിക്കും പിഴയടയ്‌ക്കേണ്ടിവരുകയെന്ന് പോലീസ് പറഞ്ഞു.
സംഭവത്തില്‍ സുനക് നേരത്തേ മാപ്പുപറഞ്ഞിരുന്നു. വ്യാഴാഴ്ച സുനകിന്റെ സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെയാണ് സീറ്റ്‌ബെല്‍റ്റ് ധരിക്കാതെ കാറില്‍ സഞ്ചരിക്കുന്ന വീഡിയോ പുറത്തുവന്നത്. ലങ്കാഷെയറിലേക്കുള്ള യാത്രയ്ക്കിടെ കാറിന്റെ പിന്‍സീറ്റിലിരുന്ന് സുനക് തന്റെ സര്‍ക്കാരിന്റെ നേട്ടങ്ങളും ജനക്ഷേമപരിപാടികളും വിശദീകരിക്കുകയായിരുന്നു.
വീഡിയോ ചിത്രീകരിക്കാനായി കുറച്ചുസമയത്തേക്ക് സീറ്റ്‌ബെല്‍റ്റ് മാറ്റിയതാണെങ്കിലും തെറ്റ് അംഗീകരിക്കുന്നെന്ന് അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കി. ജാഗ്രതക്കുറവ് സംഭവിച്ചതില്‍ സുനക് ഖേദം പ്രകടിപ്പിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല