സ്വന്തം ലേഖകൻ: യു.കെയിൽ മലയാളി നഴ്സിനെയും രണ്ടു മക്കളെയും കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ സാജുവിനെ പോലീസ് കീഴടക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് നോർത്താംപ്ടൺഷെയർ പോലീസ്. 2022 ഡിസംബർ 15-ലെ ദൃശ്യങ്ങളാണ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്. ഭാര്യയെയും രണ്ടു മക്കളെയും കൊലപ്പെടുത്തിയ സംഭവത്തിൽ ഇയാളെ നോർത്താംപ്ടൺഷെയർ കോടതി കഴിഞ്ഞദിവസം 40 വർഷം തടവിന് ശിക്ഷിച്ചിരുന്നു.
യുവതിക്കും രണ്ട് മക്കൾക്കും പരിക്കേറ്റിട്ടുണ്ടെന്ന വിവരത്തെ തുടർന്നായിരുന്നു സാജുവിന്റെ വീട്ടിൽ പോലീസ് എത്തിയത്. വാതിലിന്‍റെ ചില്ല് തകർത്താണ് പോലീസ് ഇയാളുടെ വീട്ടിൽ കയറിയത്. പോലീസ് അകത്തുകയറുമ്പോൾ കാണുന്നത് കയ്യിൽ കത്തിയും പിടിച്ച് നിൽക്കുന്ന സാജുവിനെയാണ്. കത്തി താഴെയിടാൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും സാജു തയ്യാറായില്ല. തന്നെ വെടിവയ്ക്കാൻ ആവശ്യപ്പെട്ട് ഇയാൾ അലറുന്നതും ദൃശ്യങ്ങളിൽ കാണാം. പിന്നീട് തോക്കുപയോഗിച്ച് സാജുവിനെ കീഴ്പെടുത്തിയ ശേഷമാണ് പോലീസ് പിടികൂടുന്നത്.
2022 ഡിസംബറിലായിരുന്നു വൈക്കം സ്വദേശി അഞ്ജു(35), മക്കളായ ജാൻവി (4), ജീവ(6) എന്നിവർ കൊല്ലപ്പെട്ടത്. നോർത്താംപ്ടണിലെ കെറ്ററിങ്ങിലുള്ള വീട്ടിൽവെച്ചായിരുന്നു സാജു മൂന്നുപേരേയും ആക്രമിച്ചത്. അഞ്ജു സംഭവസ്ഥലത്തുവെച്ചും മക്കൾ പിന്നീട് ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. മൂന്നുപേരും ശ്വാസംമുട്ടിയാണ് മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കഴിഞ്ഞ ഏപ്രിലിലാണ് ഇയാൾ കുറ്റം സമ്മതിച്ചത്.
അഞ്ജുവിന് വിവാഹേതരബന്ധമുണ്ടെന്ന സംശയത്തേത്തുടർന്ന് മദ്യലഹരിയിൽ കൊലനടത്തുകയായിരുന്നെന്നാണ് സാജുവിന്റെ മൊഴി. അഞ്ജുവിനെ കൊന്നുകഴിഞ്ഞ് നാലുമണിക്കൂർ ആലോചിച്ചശേഷമാണ് കുട്ടികളെ കൊന്നത്. കെറ്ററിങ് ജനറൽ ആശുപത്രിയിലെ നഴ്സായ അഞ്ജുവിനെയും മക്കളെയും കാണാത്തതിനെ തുടർന്ന് അയൽക്കാരാണ് പോലീസിനെ വിവരമറിയിച്ചത്. തുടർന്ന് പോലീസെത്തുമ്പോൾ സാജു വീട്ടിലുണ്ടായിരുന്നു.
അഞ്ജു വിശ്വാസവഞ്ചന കാണിച്ചുവെന്ന സാജുവിന്റെ ആരോപണത്തിന് തെളിവില്ലെന്ന് പ്രോസിക്യൂട്ടർ ജെയിംസ് ന്യൂട്ടൻ-പ്രൈസ് കെ.സി. പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി സാജുവിന്റെ ഫോൺ പരിശോധിച്ചപ്പോൾ ഭാര്യ ജോലിക്കുപോകുന്ന സമയത്ത് ഡേറ്റിങ് വെബ്സൈറ്റുകളിൽ സ്ത്രീകൾക്കായി തിരഞ്ഞിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
2012-ലായിരുന്നു അഞ്ജുവിന്റെയും സാജുവിന്റെയും പ്രണയവിവാഹം. 2021-ലാണ് ഇരുവരും യുകെയിൽ താമസത്തിനെത്തിയത്. കെറ്ററിങ്ങിലെ ഒരു സ്വകാര്യ സ്ഥാപനത്തിലായിരുന്നു സാജുവിന് ജോലി. യുകെയിൽ എത്തിയതിന് പിന്നാലെ ചില കുടുംബ പ്രശ്‌നങ്ങളും ഇവർക്കിടയിൽ നിലനിന്നിരുന്നു. സാജു സ്ഥിരമായി അഞ്ജുവിനെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് കൊലപാതക വിവരം പുറത്തുവന്നതിന് പിന്നാലെ കുടുംബം ആരോപിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല