സ്വന്തം ലേഖകൻ: ബ്രെക്സിറ്റും കോവിഡും കാരണം ജീവനക്കാരുടെ ക്ഷാമത്തിൽ ഞെരുങ്ങുകയാണ് യുകെയിലെ ബിസിനസുകളെന്ന് റിപ്പോർട്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം ജോലിക്കാരെ കിട്ടാത്തതിനാൽ നികത്താനാകാതെ കിടക്കുന്ന ഒഴിവുകളുടെ എണ്ണം പുതിയ റെക്കോർഡിൽ എത്തിയിരിക്കുകയാണ്. പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന്റെ അടയന്തിര ഇടപെടൽ വേണമെന്നാണ് റിക്രൂട്ടമെൻ്റ് മേഖലയിൽ ഉള്ളവരുടെ ആവശ്യം.
ദേശീയ തലത്തിൽ പ്രധാന മേഖലകളിലുടനീളം വർദ്ധിച്ചു വരുന്ന തൊഴിലാളി ക്ഷാമത്തിന് പ്രധാന കാരണം ബ്രെക്സിറ്റ് നിയമങ്ങളും കോവിഡ് നിയന്ത്രണങ്ങളുമാണ്. റിക്രൂട്ട്‌മെന്റ് ആൻഡ് എംപ്ലോയ്‌മെന്റ് കോൺഫെഡറേഷൻ (ആർഇസി) റിപ്പോർട്ട് പ്രകാരം ഓഗസ്റ്റ് അവസാനത്തോടെ 1.66 ദശലക്ഷം ഒഴിവുകളാണ് രാജ്യത്തുടനീളം ഉണ്ടായിരിക്കുന്നത്. വരും മാസങ്ങളിൽ ഈ കണക്കുകൾ വർദ്ധിക്കുന്നത് തുടരുമെന്നാണ് സൂചന.
സൂപ്പർമാർക്കറ്റ്, ഫാസ്റ്റ് ഫുഡ്, പബ് ചെയിനുകൾ എന്നിവ ഉൾപ്പെടെയുള്ള ബിസിനസുകൾ യൂറോപ്യൻ യൂണിയൻ അടക്കമുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് കൂടുതൽ തൊഴിലാളികളെ ഉപയോഗിച്ച് ഒഴിവുകൾ നികത്താൻ അനുവദിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു കഴിഞ്ഞു. ആർഇസിയുടെ കണക്കുകൾ പ്രകാരം തൊഴിലാളി ക്ഷാമം ഏറ്റവും രൂക്ഷമായ തൊഴിൽ മേഖലകളിൽ ഒന്നാം സ്ഥാനത്ത് എച്ച്. ഡി. വി. ഡ്രൈവർമാരാണ്. ഒരു ലക്ഷത്തിലേറെ ഒഴിവുകളാണ് ഈ രംഗത്ത് നികത്താനുള്ളത്.
79,123 ഒഴിവുകളുമായി നഴ്സിംഗ് മേഖലയാണ് രണ്ടാം സ്ഥാനത്ത്. സ്പെഷ്യലിസ്റ്റ് വെൽഡർമാർ, കശാപ്പുകാർ, ഇഷ്ടികപ്പണിക്കാർ എന്നിവർക്കും ആവശ്യക്കാർ ഏറെയാണ്. കോൺഫെഡറേഷൻ ഓഫ് ബ്രിട്ടീഷ് ഇൻഡസ്ട്രി (സിബിഐ) സർക്കാർ അടിയന്തിരമായി ഒരു ഷോർട്ടേജ് ഒക്യുപേഷൻ ലിസ്റ്റ് തയ്യാ റാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. യൂറോപ്യൻ യൂണിയനിൽ നിന്നും ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും വിദഗ്ധ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ കമ്പനികളെ അനുവദിക്കുന്ന വിധം റിക്രൂട്ട്മെൻ്റ് ചട്ടങ്ങൾ ഉദാരമാക്കാനാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല