സ്വന്തം ലേഖകൻ: കുടുംബ ബജറ്റിനെ താളം തെറ്റിച്ച ജീവിതച്ചെലവ് വര്‍ധന മൂലം ജനം ഷോപ്പുകളില്‍ നിന്നകലുന്നു. വര്‍ധിച്ചുവരുന്ന ജീവിതച്ചെലവില്‍ നിന്നുള്ള സമ്മര്‍ദ്ദത്തിന് വിധേയമായി ഗാര്‍ഹിക ബജറ്റുകള്‍ വെട്ടിക്കുറയ്ക്കേണ്ടിവന്നിരിക്കുകയാണ്. കടകളിലെ വില്‍പ്പന മന്ദഗതിയിലാണെന്ന് ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യം (ബിആര്‍സി) പറഞ്ഞു.
മാര്‍ച്ചിലെ വില്‍പ്പന വളര്‍ച്ച ഈ വര്‍ഷം ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ നിരക്കില്‍ ഉയര്‍ന്നതായി പുതിയ കണക്കുകള്‍ കാണിക്കുന്നു, യുകെ റീട്ടെയില്‍ വില്‍പ്പന 12 മാസങ്ങള്‍ക്ക് മുമ്പുള്ളതിനേക്കാള്‍ 0.4% കുറഞ്ഞു.
ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഉയര്‍ന്ന ഊര്‍ജ ബില്ലുകളും നികുതികളും നേരിടേണ്ടി വരുന്ന സാഹചര്യത്തിലാണ് ഇത് വരുന്നത്. ജനങ്ങളുടെ ധനകാര്യത്തിലെ സമ്മര്‍ദ്ദവും യുക്രൈനിലെ യുദ്ധവും ‘ഉപഭോക്തൃ ആത്മവിശ്വാസം തകര്‍ത്തു’ എന്ന് ബിആര്‍സി പറഞ്ഞു.
ബിആര്‍സിയുടെ ചീഫ് എക്സിക്യൂട്ടീവ് ഹെലന് ഡിക്കിന്‍സണ്‍, ഉപഭോക്താക്കള്‍ അവരുടെ സാമ്പത്തിക കാര്യങ്ങളില്‍ ‘ഈ വര്‍ഷം ഒരു വലിയ വെല്ലുവിളി’ നേരിട്ടു, അത് ‘ഭാവിയില്‍ റീട്ടെയില്‍ ചെലവുകളില്‍ പ്രതിഫലിക്കാന്‍ സാധ്യതയുണ്ട്”.
മുന്‍ മാസങ്ങളെ അപേക്ഷിച്ച് വില്‍പ്പനയില്‍ ഇടിവ് ഉണ്ടാവുകയും ഈ സമയത്ത് ഉയര്‍ന്ന പ്രവര്‍ത്തനച്ചെലവുകള്‍ നേരിടേണ്ടി വരുകയും ചെയ്തെന്നു ചെറുകിട ബിസിനസ് ഉടമകള്‍ ബിബിസിയോട് പറഞ്ഞു. ഈസ്റ്റര്‍ വില്‍പ്പന പോലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവായിരിക്കും.
പകുതിയിലേറെ ജനവും ചെലവ് ചുരുക്കലിന് നിര്‍ബന്ധിതമായതായി റെഡ്ഫീല്‍ഡ് & വില്‍റ്റണ്‍ സ്ട്രാറ്റജീസ് അടുത്തിടെ നടത്തിയ സര്‍വെ കണ്ടെത്തിയിരുന്നു. ഒരു മാസത്തോളമായി 56 ശതമാനം പേര് ഹീറ്റിംഗ് ഉപയോഗം കുറച്ചുവെന്നാണ് സര്‍വെയില്‍ വ്യക്തമായത്. 53 ശതമാനം പേര് ഗ്രോസറികള്‍ വാങ്ങുന്നത് കുറച്ചു. 54 ശതമാനം പേര് വസ്ത്രങ്ങള്‍ വാങ്ങുന്നത് ഒഴിവാക്കിയും റെസ്റ്റൊറന്റില്‍ പോയി കഴിക്കുന്നതും, ടേക്ക്എവെയും കുറച്ച് പകുതിയോളം പേര് ആശ്വാസം കണ്ടെത്തിയെന്നും സര്‍വെ പറയുന്നു.
ഹോളിഡേ പ്ലാനുകള്‍ കുറച്ചും, വിലകുറഞ്ഞ സമ്മാനങ്ങള്‍ വാങ്ങിയും ആശ്വാസം കണ്ടെത്തുന്നവരുമുണ്ടെന്ന് സര്‍വെ വ്യക്തമാക്കി. കുതിച്ചുയരുന്ന പണപ്പെരുപ്പത്തോടൊപ്പം, എനര്‍ജി ബില്ലുകള്‍ കൂടി ഉയര്‍ന്നത് സാധാരണ കുടുംബങ്ങളെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.
ഭക്ഷ്യ ഉത്പാദന മേഖലയിലും വലിയ തിരിച്ചടിയാണ് ഉണ്ടാകുന്നത്. നാഷണല്‍ ഇന്‍ഷുറന്‍സും, എനര്‍ജി ബില്ലുകളും കുതിച്ചുയര്‍ന്നു. നാഷണല്‍ ഇന്‍ഷുറന്‍സ് 1.25% ആണ് വര്‍ദ്ധിച്ചത്. 12,570 പൗണ്ടിന് മുകളില്‍ വരുമാനം നേടുന്നവര്‍ക്കാണ് വര്‍ദ്ധന. 30,000 പൗണ്ട് വരുമാനമുള്ളവര്‍ക്ക് 255 പൗണ്ടോളമാണ് ശരാശരി അധിക ചെലവ് നേരിടുക.
ധനലഭ്യത കുറഞ്ഞ കൗണ്‍സിലുകള്‍ ശരാശരി 3.5 ശതമാനം കൗണ്‍സില്‍ ടാക്സ് വര്‍ധനയും വരുത്തി. മൊബൈല്‍ ഫോണ്‍ ബില്ലുകള്‍ പണപ്പെരുപ്പത്തിന് ആനുപാതികമായി വര്‍ദ്ധിക്കും. 11.7 ശതമാനം വരെയാണ് വര്‍ദ്ധന. ഇതോടെ പ്രതിമാസം 4.10 പൗണ്ടാണ് ഇതിനായി ചെലവ് വരുന്നത്. ബ്രോഡ്ബാന്‍ഡ് ബില്ലുകളും സമാനമായി ഉയരും. 9.3 ശതമാനം വരെ ഉയരുന്നതിനാല്‍ 3.70 പൗണ്ടാണ് ഇന്റര്‍നെറ്റ് ബില്ലുകളിലെ വര്‍ദ്ധന. കുടിവെള്ളത്തിനു 1.7 ശതമാനം വര്‍ധനയും കമ്പനികള്‍ നടപ്പാക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല