സ്വന്തം ലേഖകൻ: യുകെ മലയാളികളുടെ ജീവിതച്ചെലവുകളുടെ ഞെരുക്കം ലഘൂകരിക്കാന്‍ തുടങ്ങുന്നു എന്നതിന്റെ സൂചനയായി, രണ്ട് വര്‍ഷത്തിനിടെ ആദ്യമായി ശരാശരി ശമ്പള വളര്‍ച്ച പണപ്പെരുപ്പത്തിന് മുകളില്‍ ഉയര്‍ന്നു. ജൂണിനും ഓഗസ്റ്റിനും ഇടയിലെ വേതന വര്‍ധനവ് 7.8 % എന്ന വാര്‍ഷിക നിരക്കിലേയ്ക്ക് ഉയര്‍ന്നു. ഇത് ഇതേ കാലയളവിലെ പണപ്പെരുപ്പത്തിനേക്കാള്‍ കൂടുതലാണെന്ന ആശ്വാസവാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്.
2021 ഒക്ടോബര്‍ മാസത്തിന് ശേഷം ആദ്യമായാണ് ശമ്പള വര്‍ധനവ് പണപെരുപ്പ നിരക്കിനേക്കാള്‍ കൂടുതലാകുന്നത്. പൊതുമേഖല തൊഴിലാളികളുടെ ശമ്പള വര്‍ധനവ് ജൂണിനും ഓഗസ്റ്റിനും ഇടയ്ക്ക് 6.8 ശതമാനത്തില്‍ എത്തിയിരുന്നു. ഇത് 2001 -ന് ശേഷം ഏറ്റവും വലിയ വര്‍ധനവാണെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.
എന്നാല്‍ പൊതുമേഖലയെ അപേക്ഷിച്ച് സ്വകാര്യമേഖലയില്‍ ശമ്പള വര്‍ധനവ് കൂടുതലാണ്. സ്വകാര്യ മേഖലയിലെ ശമ്പള വര്‍ധനവ് 8% ആണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഫിനാന്‍സ്, ബിസിനസ് സേവനമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് വാര്‍ഷിക വേതനത്തില്‍ ഏറ്റവും കൂടുതല്‍ വര്‍ധനവ് ഉണ്ടായത്. ഇതിനു പിന്നാലെ മികച്ച ശമ്പള വര്‍ധനവ് ഉണ്ടായ വിഭാഗം നിര്‍മ്മാണ മേഖലയില്‍ ഉള്ളവരാണ്.
എന്നാല്‍ നിലവിലെ പണപ്പെരുപ്പം ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലക്ഷ്യം വെച്ചതിന്റെ മൂന്നിരട്ടിയായി തുടരുകയാണ്. പണപ്പെരുപ്പം കുറയുകയും ശമ്പളത്തിന്റെ മൂല്യം വര്‍ധിക്കുകയും ചെയ്യുന്നു എന്നത് ശുഭവാര്‍ത്തയാണെന്ന് ചാന്‍സിലര്‍ ജെറമി ഹണ്ട് പറഞ്ഞു . പണപ്പെരുപ്പം തടയാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് തുടര്‍ച്ചയായി വര്‍ധിപ്പിച്ചത് യുകെയിലെങ്ങും വലിയ അതൃപ്‍തിയ്ക്കു കാരണമായിരുന്നു
ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ യുകെയിലെ ജോലി ഒഴിവുകളുടെ എണ്ണം കുറയുന്നത് തുടര്‍ന്നു, ഈ കാലയളവില്‍ ജോലി ഒഴിവുകളുടെ എണ്ണം 43,000 കുറഞ്ഞ് 988,000 ആയി. മറ്റ് വ്യവസായങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ലഭ്യമായ ജോലികളില്‍ റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് ഏറ്റവും വലിയ ഇടിവുണ്ടായി, കഴിഞ്ഞ മൂന്ന് മാസത്തെ അപേക്ഷിച്ച് ഒഴിവുകള്‍ ഏകദേശം 30% ഇടിഞ്ഞു.
മൊത്തത്തിലുള്ള കണക്കുകളില്‍ കുറവുണ്ടായിട്ടും, കോവിഡ് പാന്‍ഡെമിക് സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നതിനുമുമ്പ് 2020 ജനുവരി മുതല്‍ മാര്‍ച്ച് വരെ കണ്ട ഒഴിവുകളുടെ ആകെ എണ്ണം 187,000 കൂടുതലാണ്. പണപ്പെരുപ്പം കുറയുകയും ഉയര്‍ന്ന പലിശനിരക്കിന്റെ ആഘാതത്തില്‍ തൊഴിലുടമകള്‍ പിടിമുറുക്കുകയും ചെയ്യുമ്പോള്‍, സാമ്പത്തിക വിദഗ്ധര്‍ വേതനം കുറയുമെന്ന് പ്രതീക്ഷിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല