സ്വന്തം ലേഖകൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനു പകരം കൺസർവേറ്റീവ് പാർട്ടി പ്രധാനമന്ത്രി സ്ഥാനാർഥിത്വത്തിനുള്ള മത്സരത്തിൽ ഇന്ത്യൻ വംശജനും മുൻ ചാൻസലറുമായ ഋഷി സുനാകിനെ പിൻതള്ളി, വിദേശകാര്യമന്ത്രി ലിസ് ട്രസ് മുന്നേറുന്നതായി പുതിയ സർവേ.
പുതിയ നേതാവിനെ കണ്ടെത്താൻ കൺസർവേറ്റീവ് പാർട്ടി അംഗങ്ങളിൾക്കിടയിലെ പോളിംഗ് പുരോഗമിക്കുകയാണ്. ദ ടൈംസിനുവേണ്ടി യുഗോവ് നടത്തിയ സർവേയിൽ ലിസ് ട്രസിന് 69 ശതമാനവും സുനാകിന് 31 ശമതാനവുമാണു പിന്തുണ. 38 ശതമാനം ലീഡോടെ ലിസ് ട്രസ് മുന്നേറുകയാണ്. ജൂലൈ 20ന് പുറത്തുവന്ന സർവേയിൽ ലിസ് ട്രസിന് 62 ശതമാനവും സുനാകിന് 38 ശതമാനവുമായിരുന്നു പിന്തുണ.
ആദ്യഘട്ട പ്രചാരണത്തിൽ വോട്ടെടുപ്പിൽനിന്നു വിട്ടുനിൽക്കാൻ 21 ശതമാനം ട്രോയി അംഗങ്ങളാണു താത്പര്യം പ്രകടിപ്പിച്ചിരുന്നത്. എന്നാൽ, പ്രചാരണം അന്തിമഘട്ടത്തിലേക്ക് എത്തിയതോടെ പക്ഷം ചേരാതെ നിൽക്കുന്നവരുടെ എണ്ണം 13 ശതമാനത്തിലേക്കു ചുരുങ്ങി. ലിസ് ട്രസിന്റെ പിന്തുണ വർധിച്ചതാണ് ഇതിനു കാരണം. കൺസർവേറ്റീവ് പാർട്ടി തെരഞ്ഞെടുപ്പ് ഫലം സെപ്റ്റംബർ അഞ്ചിനു പുറത്തുവരും.
ടോറി നേതൃത്വ പോരാട്ടം മുന്നോട്ടു നീങ്ങവേ പ്രമുഖരെല്ലാം ലിസ് ട്രസിന് പിന്നാലെ പോകുന്ന കാഴ്ചയാണ്. ടോറി നേതൃത്വ പോരാട്ടത്തില്‍ മുമ്പ് എതിരാളിയായ വാണിജ്യമന്ത്രി പെന്നി മോര്‍ഡന്റ് ലിസ് ട്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ പാകിസ്ഥാന് വംശജനും മുന്‍ ചാന്‍സലറുമായ സാജിദ് ജാവേദും റിഷി സുനാകിനെ തള്ളി മറുകണ്ടം ചാടി. സുനാകിനൊപ്പം സാജിദ് ജാവേദും രാജിവച്ചതോടെയാണ് ബോറിസ് ജോണ്സണ് പ്രധാനമന്ത്രി സ്ഥാനം ഒഴിയാന്‍ നിര്‍ബന്ധിതനായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല