സ്വന്തം ലേഖകൻ: വാടകയ്ക്ക് താമസിക്കുന്ന 10 മില്ല്യണിലേറെ ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ റെന്റേഴ്‌സ് റിഫോം ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. യാതൊരു കാരണവുമില്ലാതെ ഇറക്കിവിടുകയും, വളര്‍ത്തുമൃഗങ്ങളെ സൂക്ഷിക്കുന്നതിന് പരിപൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യുന്നത് ഉള്‍പ്പെടെ വിഷയങ്ങളില്‍ പരിഷ്‌കാരങ്ങള്‍ വരുത്തും. മാത്രമല്ല, ഉത്തരവാദിത്വമില്ലാത്ത, സാമൂഹിക വിരുദ്ധരായ വാടകക്കാരെ പുറത്താക്കാന്‍ ലാന്‍ഡ്‌ലോര്‍ഡ്‌സിന് വഴി സുഗമമാവുകയും ചെയ്യും.
റെന്റേഴ്‌സ് റിഫോം ബില്‍ പ്രകാരം ഹൗസിംഗ് ആക്ടിലെ സെക്ഷന്‍ 21 പ്രകാരം വാടകക്കാരെ കാരണമില്ലാതെ ഇറക്കിവിടാന്‍ ഇനി ലാന്‍ഡ്‌ലോര്‍ഡ്‌സിന് സാധിക്കില്ല. നേരത്തെ ഈ സെക്ഷന്‍ പ്രകാരം കാരണം കാണിക്കാതെ പുറത്താക്കാന്‍ അവകാശം നല്‍കിയിരുന്നു.
നിയമമാറ്റം അനുസരിച്ച് വാടക വര്‍ദ്ധന വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം മതിയെന്നും ബ്രിട്ടനിലെ രണ്ട് മില്ല്യണ്‍ ലാന്‍ഡ്‌ലോര്‍ഡ്‌സിന് നിബന്ധന വരും. ഇത്തരം വര്‍ദ്ധനവുകള്‍ക്ക് രണ്ട് മാസം മുന്‍പ് നോട്ടീസ് നല്‍കുകയും വേണം. ഇത് മലയാളികള്‍ അടങ്ങുന്ന കുടിയേറ്റ സമൂഹത്തിനു വലിയ ആശ്വാസമാകും. എന്നാല്‍ ഈ നടപടികള്‍ മൂലം നിരവധി പ്രോപ്പര്‍ട്ടി ഉടമകള്‍ വിപണിയില്‍ നിന്നും പിന്‍വാങ്ങുകയും, ഇത് ഹൗസിംഗ് സപ്ലൈ പ്രതിസന്ധി രൂക്ഷമാക്കുകയും ചെയ്യുമെന്നും ആശങ്കയുണ്ട്.
പ്രോപ്പര്‍ട്ടി വില്‍ക്കാനോ, കുടുംബാംഗത്തിന് കൈമാറുകയോ ചെയ്യാന്‍ സമയത്ത് ഇത് തിരിച്ചെടുക്കുന്നതും ശ്രമകരമല്ലാത്ത ദൗത്യമാകും. ‘നിരവധി വാടകക്കാരാണ് വളരെ മോശം സാഹചര്യത്തില്‍ യാതൊരു അവകാശവുമില്ലാതെ ജീവിച്ച് പോകാന്‍ നിര്‍ബന്ധിതരാകുന്നത്. പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്‍ വാടകക്കാര്‍ക്ക് നല്ല ഭവനങ്ങള്‍ നല്‍കുന്ന ലാന്‍ഡ്‌ലോര്‍ഡ്‌സിനെ സംരക്ഷിക്കും’, ഹൗസിംഗ് സെക്രട്ടറി മൈക്കിള്‍ ഗോവ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല