സ്വന്തം ലേഖകൻ: ഇംഗ്ലണ്ടില്‍ എ-ലെവലുകള്‍ക്കും ടി-ലെവലുകള്‍ക്കും പകരമാകാന്‍ അഡ്വാന്‍സ്ഡ് ബ്രിട്ടീഷ് സ്റ്റാന്‍ഡേര്‍ഡ് കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി റിഷി സുനക്. വിദ്യാഭ്യാസ നയത്തിലെ ഈ ഉടച്ചു വാര്‍ക്കലിന്റെ ഫലമായി 16 മുതല്‍ 19 വയസ്സ് വരെയുള്ള കുട്ടികള്‍ 5 വിഷയങ്ങള്‍ കൂടുതലായി പഠിക്കും. ഇതില്‍ ഗണിതശാസ്ത്രവും ഇംഗ്ലീഷും ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍ .
മാറ്റങ്ങൾ നിലവില്‍ വരുന്നതിന് വര്‍ഷങ്ങള്‍ എടുക്കും. നിലവില്‍ പ്രൈമറി സ്കൂള്‍ മുതലാണ് മാറ്റങ്ങള്‍ ആരംഭിക്കുന്നത്. വിദ്യാര്‍ഥികലുടെ അക്കാദമികവും തൊഴില്‍പരവുമായ ഘടകങ്ങളെ സംയോജിപ്പിക്കാന്‍ കഴിയും എന്നതാണ് പുതിയ പാഠ്യ ക്രമത്തിന്റെ ഏറ്റവും ശ്രദ്ധേയമായ വശങ്ങളില് ഒന്നായി ചൂണ്ടിക്കാണിക്കുന്നത്.
മികച്ച വിദ്യാഭ്യാസ നയം എന്നത്, ഒരു മികച്ച സാമ്പത്തിക നയമാണ്, മികച്ച സാമൂഹിക നയമാണ്, മികച്ച ധാര്‍മ്മിക നയമാണ് എന്നാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുന്നതിനിടെ പ്രധാനമന്ത്രി സുനക് പറഞ്ഞത്. പുതിയ നയം, എ ലെവല്‍ വിദ്യാഭ്യാസത്തിലെയും വൊക്കേഷണല്‍ ടി ലെവല്‍ വിദ്യാഭ്യാസത്തിലെയും മികച്ച ഘടകങ്ങളെ ഒരുമിച്ചു കൊണ്ടു വരും എന്ന് മാഞ്ചസ്റ്ററില്‍ നടക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സമ്മേളനത്തില്‍ സുനക് പറഞ്ഞു.
കര്‍ക്കശമായതും, അറിവുകളാല്‍ സമ്പന്നമായതുമായ പുതിയ രീതി സാങ്കേതിക വിദ്യാഭ്യാസത്തെയും അക്കാദമിക വിദ്യാഭ്യാസത്തെയും ഒരേ തലത്തില്‍ കൊണ്ടു വരും. മാത്രമല്ല, സ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ഓരോ വിദ്യാര്‍ത്ഥിക്കും ഇംഗ്ലീഷിലും ഗണിത ശാസ്ത്രത്തിലും അറിവ് നേടാനായി എന്ന് ഉറപ്പാക്കുകയും ചെയ്യും. രാജ്യത്തെ ഒരു കുട്ടിയും വിദ്യാഭ്യാസ വിഷയത്തില്‍ പിന്നാക്കം പോകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
16 മുതല്‍ 19 വയസ്സ് വരെ പ്രായമുള്ള യുകെയിലെ വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസ നിലവാരത്തില്‍ മുന്നില്‍ നില്ക്കുന്ന മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മൂന്നിലൊന്ന് സമയം മാത്രമേ ക്ലാസ് മുറികളില്‍ ചെലവഴിക്കുന്നതേയുള്ളുവെന്നും അത് മാറേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ പാഠ്യ ക്രമത്തില്‍ ഒരു വിദ്യാര്‍ത്ഥി അധ്യാപകനൊപ്പം 195 മണിക്കൂറെങ്കിലും കൂടുതല്‍ പഠനത്തിനായി ചെലവഴിക്കപ്പെടുമെന്നും അദ്ദേഹം പ്രത്യാശിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല