സ്വന്തം ലേഖകൻ: അധികാരമേറ്റശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്ക് വിവാദമാകുന്ന പ്രഖ്യാപനങ്ങളുമായി രംഗത്ത് വരാൻ തുടങ്ങിയിട്ട് അധികനാളായിട്ടില്ല. സമീപകാലത്ത് ഋഷി സുനക്ക് നടത്തിയ പെട്രോൾ കാർ നിരോധനവും സർക്കാരിന്റെ ഹരിത പദ്ധതികളിൽ നിന്നുള്ള പിന്മാറ്റവുമൊക്കെ പ്രതിപക്ഷ കക്ഷികളിൽ നിന്ന് മാത്രമല്ല സ്വന്തം പാർട്ടിക്കാരിൽ നിന്നുപോലും ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു.
ഇപ്പോൾ വിവാദമായേക്കാവുന്ന പുതിയ രണ്ട് പ്രഖ്യാപനങ്ങൾ കൂടി ഋഷി നടത്തിയിരിക്കുന്നു. ലോകം മുഴുവൻ മാറിയിട്ടും ബ്രിട്ടീഷുകാരൻ നെഞ്ചോടുചേർത്ത് നിർത്തിയിരുന്ന പുകവലി നിരോധനമാണ് പുതിയൊരു പ്രഖ്യാപനം. ബിർമിംഗ്ഹാമിനെയും മാഞ്ചസ്റ്ററിനെയും ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽ പദ്ധതിയായ എച്ച്എസ് 2 വിന്റെ നോർത്തേൺ പ്രൊജെക്റ്റിൽ നിന്നുള്ള പിന്മാറ്റമാണ് രണ്ടാമത്തേത്.
അതിനിടെ സ്‌കോട്ട്ലാൻഡിൽ ഭരണകക്ഷിയായ എസ്എൻപിക്ക് തിരിച്ചടി നൽകി ലേബറുകൾ നേടിയ ഉപതിരഞ്ഞെടുപ്പ് വിജയവും ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധനേടി. പുകവലി നിരോധനത്തിനായി പുതിയ രീതിയിലുള്ള ഒരു പ്രത്യേക പദ്ധതി തന്നെയാണ് പ്രധാനമന്ത്രി ഋഷി സുനക്ക് അവതരിപ്പിച്ചിട്ടുള്ളത്. ഓരോവർഷവും ഓരോവയസ്സുകൂട്ടി പുകയില ഉത്പന്നങ്ങൾ വാങ്ങാൻ കഴിയുന്നത് നിരോധിക്കുക എന്നതാണ് പദ്ധതി.
നിലവിൽ 18 വയസ്സു പൂർത്തിയായവർക്കാണ് ബ്രിട്ടനിൽ പുകയില ഉൽപ്പന്നങ്ങൾ വാങ്ങാനും ഉപയോഗിക്കാനും കഴിയുക. ഓരോവർഷവും പ്രായപരിധി ഉയർത്തിക്കൊണ്ടു വരികയാണ് പുതിയ പുകവലി നിരോധന പദ്ധതിയുടെ രീതി. ഇതനുസരിച്ച് നിലവിൽ 14 വയസ്സുള്ള കുട്ടികൾക്ക് എത്രതന്നെ വയസ്സ് കൂടിയാലും പുകയില ഉൽപ്പന്നങ്ങൾ വാങ്ങാനും ഉപയോഗിക്കാനും കഴിയാത്ത രീതിയിലേക്ക് നിയമം മാറും.
അതേസമയം നിലവിലെ കടുത്ത പുകവലിക്കാർക്ക് അവരുടെ ആയുഷ്ക്കാലം മുഴുവനും പുകവലിക്കാനും കഴിയും. കൺസർവേറ്റീവ് പാർട്ടിയുടെ സമ്മേളനത്തിലാണ് പ്രധാനമന്ത്രി ഈ പദ്ധതി അവതരിപ്പിച്ചിട്ടുള്ളത്. പ്രതിപക്ഷം ഇതിനോട് പ്രതികരിച്ചിട്ടില്ല. പാർലമെന്റിന്റെ അനുമതി കൂടി ലഭിച്ചശേഷം മാത്രമേ പദ്ധതി നടപ്പിലാക്കാനാകൂ. ഇതിനായി പാർലമെന്റിൽ എംപിമാർക്ക് രാഷ്ട്രീയ വ്യത്യാസമില്ലാതെ സ്വതന്ത്രമായി വോട്ടുചെയ്യാനും അവസരം നൽകുമെന്ന് ഋഷി പറഞ്ഞു.
ബർമിംഗ്ഹാമിനെയും മാഞ്ചസ്റ്ററിനെയും ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽ പദ്ധതിയായ എച്ച്എസ് 2 വിന്റെ നോർത്തേൺ പ്രൊജെക്റ്റിൽ നിന്നുള്ള പിന്മാറ്റം ഋഷിക്കും സർക്കാരിനും എതിരെ കടുത്ത വിമർശനമാണ് ഉയർത്തിയിട്ടുള്ളത്. ഋഷി സുനക്കിനെ വികസന വിരുദ്ധൻ എന്നുപോലും പദ്ധതി അനുകൂലികളും പ്രതിപക്ഷ കക്ഷികളും വിമർശിക്കുന്നു. എന്നാൽ പദ്ധതിയിൽ നിന്നുള്ള പിന്മാറ്റം മൂലം സർക്കാരിന് 36 ബില്യൺ പൗണ്ട് ലാഭിക്കാൻ കഴിയുമെന്നും ആ തുക മിഡ്‌ലാൻഡ്‌സിലും നോർത്തിലും റോഡുകളുടെ നിർമ്മാണത്തിനും റിപ്പയറിങ്ങിനും ഗതാഗത പുരോഗതിക്കുമായി തിരിച്ചുവിടാൻ കഴിയുമെന്നുമാണ് ഋഷിയുടെ വാദം.
അതിവേഗ ട്രെയിനേക്കാളും സാധാരണ ജനങ്ങൾക്ക് ഇപ്പോൾ ആവശ്യം റോഡുകളിലെ ഗട്ടറുകൾ നികത്തുകയാണെന്നും ഋഷി സുനക്ക് പറഞ്ഞു. HS2- ന് വേണ്ടി ചെലവഴിക്കേണ്ട പണം ഇനി വെറും ആറ് മാസം മുമ്പ് മരവിപ്പിച്ച റോഡ് പദ്ധതികളിലേക്ക് പോകും.
എന്നാൽ പ്രധാനമന്ത്രിയുടെ “നെറ്റ്‌വർക്ക് നോർത്ത്” പദ്ധതിയിൽ ഇതിനകം നടന്നുകൊണ്ടിരിക്കുന്ന അല്ലെങ്കിൽ ഫണ്ടിംഗ് പ്രതീക്ഷിക്കുന്ന സ്കീമുകളും ചാൻസലറോ പ്രധാനമന്ത്രിയോ ആയിരുന്നപ്പോൾ സുനക്കിന്റെ കീഴിൽ താൽക്കാലികമായി നിർത്തുകയോ റദ്ദാക്കുകയോ ചെയ്ത പദ്ധതികളുമാണ് ഉൾപ്പെടുന്നതെന്ന് വിമർശകർ ആരോപിക്കുന്നു.
ഋഷി സുനക്കിന്റെ ഇപ്പോഴത്തെ വിപ്ലവകരമായ പ്രഖ്യാപനങ്ങൾ എല്ലാംതന്നെ 2025ലെ പൊതു തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ടാണെന്നാണ് പൊതുവെയുള്ള മറ്റൊരു ആരോപണം. മാസങ്ങൾക്കു മുമ്പുവരെ ജനപിന്തുണയുടെ സർവ്വേകളിലും മറ്റും ലേബറുകൾക്കാണ് കൂടുതൽ പിന്തുണ ലഭിച്ചിരുന്നതെങ്കിൽ, ഇപ്പോൾ അതിന് മാറ്റവും വന്നിട്ടുണ്ട്.
എങ്കിലും സ്കോട്ട്ലാൻഡിലെ ഏറ്റവും പുതിയ ഉപതിരഞ്ഞെടുപ്പ് പരാജയവും ടോറികൾക്കും പ്രധാനമന്ത്രി ഋഷിക്കും വീണ്ടുമൊരു തിരിച്ചടിയായി. റൂഥർഗ്ലെൻ, ഹാമിൽട്ടൺ വെസ്റ്റ് ഉപതെരഞ്ഞെടുപ്പിൽ ലേബറുകൾ സ്കോട്ട്ലാൻഡിലെ ഭരണകക്ഷിയായ എസ്എൻപിയെയാണ് വൻ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയത്.
ലേബർ പാർട്ടി സ്ഥാനാർത്ഥി മൈക്കൽ ഷാങ്‌സ് 17,845 വോട്ടുകൾ നേടി വെസ്റ്റ്മിൻസ്റ്റർ സീറ്റിൽ വിജയിച്ചു. എസ്എൻപിയുടെ കാറ്റി ലൗഡനു ലഭിച്ച വോട്ടിന്റെ ഇരട്ടിയിലധികം ലേബറുകൾ നേടി. സ്‌കോട്ടിഷ് നാഷണൽ പാർട്ടിയിൽ നിന്ന് ലേബറിലേക്കുള്ള വോട്ടുകളുടെ എണ്ണം 20.4% വർധിച്ചത്, ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്നും ലേബർ പാർട്ടി വീണ്ടും സ്കോട്ട്ലാൻഡിൽ ശക്തിപ്രാപിക്കുന്നു എന്നതിനും തെളിവാണെന്ന് പാർട്ടി നേതൃത്വം അവകാശപ്പെട്ടു.
കൺസർവേറ്റീവ് പാർട്ടിയെ സംബന്ധിച്ച് സ്കോട്ട്ലാൻഡ് ഒരു ശക്തികേന്ദ്രം അല്ലെങ്കിൽത്തന്നെയും ഇംഗ്ലണ്ടിൽ നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളിൽ രണ്ടിലുമേറ്റ പരാജയവും പാർട്ടിക്ക് കനത്ത തിരിച്ചടി നൽകുന്നതാണ്. 2025 ജനുവരിയിലെ പൊതുതിരഞ്ഞെടുപ്പിനായി രാഷ്ട്രീയ കക്ഷികളെല്ലാം കച്ചമുറുക്കിക്കഴിഞ്ഞു എന്നുകൂടി തെളിയിക്കുന്നതാണ് നിലവിലെ പ്രഖ്യാപനങ്ങളും ആരോപണങ്ങളും വിമർശനങ്ങളും തിരഞ്ഞെടുപ്പുകളിലെ വിജയപരാജയങ്ങളുമെന്നും നിരീക്ഷകർ വിലയിരുത്തുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല