സ്വന്തം ലേഖകൻ: ഇന്ത്യന്‍ വംശജൻ ഋഷി സുനക് ഇനി ബ്രിട്ടന്റെ പ്രധാനമന്ത്രി. ബക്കിങ്ങാം കൊട്ടാരത്തിലെത്തിയ സുനാകിനെ ചാൾസ് മൂന്നാമൻ രാജാവ് പ്രധാനമന്ത്രിയായി നിയമിച്ചു. കൊട്ടാരത്തിന്റെ 1844ാം മുറിയിൽ വച്ചായിരുന്നു ചടങ്ങ്. സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി ലിസ് ട്രസ് കൊട്ടാരത്തിലെത്തി രാജാവിന് രാജിക്കത്ത് കൈമാറിയിരുന്നു. തുടർന്ന് പ്രാദേശിക സമയം 10.15ന് ഡൗണിങ് സ്ട്രീറ്റിലെ വസതിക്കു മുന്നിൽ വിടവാങ്ങൽ സ്റ്റേറ്റ്മെന്റ് നടത്തി.
ബക്കിങ്ങാം കൊട്ടാരത്തിൽനിന്നു പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഡൗണിങ് സ്ട്രീറ്റിലെ പത്താം നമ്പർ വസതിയിലെത്തുന്ന പുതിയ പ്രധാനമന്ത്രി 11.35ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഉച്ചയ്ക്കുശേഷം മന്ത്രിസഭാംഗങ്ങളുടെ നിയമനവും ഉണ്ടാകും. ധനം, വിദേശകാര്യം, ആഭ്യന്തരം തുടങ്ങിയ വകുപ്പുകളിൽ ആരാണ് ചുമതലയേൽക്കുക എന്നതിലാണ് ജനങ്ങൾ ആകാംക്ഷാപൂർവം നോക്കിയിരിക്കുന്നത്. നിലവിലെ ധനമന്ത്രി ജെറമി ഹണ്ടിന് സ്ഥാനം നഷ്ടമാകുമോ എന്നും ഉറ്റുനോക്കുന്നു.
ഋഷിക്കും കുടുംബത്തിനും ഇത് ദീപാവലി സമ്മാനം കൂടിയാണ്. ലോകമെങ്ങുമുള്ള ഇന്ത്യക്കാർക്കും. ബ്രിട്ടനിലെ 20 ലക്ഷത്തോളം വരുന്ന ഇന്ത്യൻ സമൂഹത്തിനും ഋഷിയുടെ ഈ സ്ഥാനലബ്ധി ദീപാവലി ദിനത്തിൽ ഇരട്ടി മധുരമാണ് സമ്മാനിക്കുന്നത്.
ലിസ് ട്രസ് രാജിവച്ചതോടെയാണ് ഋഷിയെ തേടി പുതിയ നിയോഗം എത്തിയത്. രണ്ടു മാസത്തോളം നീണ്ട പ്രചാരണങ്ങൾക്കു ശേഷമാണു ലിസ് ട്രസ്, ഇന്ത്യൻ വംശജനായ ഋഷി സുനാകിനെ പിന്തള്ളി ബ്രിട്ടന്റെ അധികാരത്തിലെത്തിയത്. എന്നാൽ 45 ദിവസത്തോളം കഷ്ടപ്പെട്ട് പിടിച്ചുനിന്നശേഷം ലിസ് പടിയിറങ്ങിയപ്പോൾ രാജ്യം ഉറ്റുനോക്കിയത് ഋഷി സുനാകിനെ തന്നെയാണ്. സാമ്പത്തിക വിദഗ്ധനും മുൻ ധനമന്ത്രിയുമായ ഋഷിക്ക് ബ്രിട്ടന്റെ ഇന്നത്തെ കനത്ത സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാനാകുമെന്ന് ജനങ്ങൾ വിശ്വസിച്ചു.
പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിന്റെ അന്തിമഘട്ടം വരെയെത്തിയ ആദ്യ ഇന്ത്യക്കാരനാണു സുനക്. 15 ലക്ഷത്തോളം വരുന്ന ഇന്ത്യൻ സമൂഹവും എംപിമാരിലെ നല്ലൊരു പങ്കും സുനാകിനൊപ്പം നിന്നെങ്കിലും പാർട്ടി അംഗങ്ങൾക്കിടയിലെ വോട്ടെടുപ്പിൽ കടുത്ത മത്സരം കാഴ്ച്ചവച്ച സുനക് പിന്നിലാകുകയായിരുന്നു.
സാമ്പത്തികനയം തിരിച്ചടിയായതോടെയാണ് ലിസ് ട്രസ് പ്രധാനമന്ത്രി പദം ഒഴിഞ്ഞത്. മിനി ബജറ്റിലെ നികുതി ഇളവ് പ്രഖ്യാപനങ്ങൾക്കു പിന്നാലെ വിപണി കുത്തനെ ഇടിഞ്ഞ്, സാമ്പത്തികരംഗം തകിടം മറിഞ്ഞതോടെ ഭരണകക്ഷിയിൽത്തന്നെ ലിസിനെതിരെ കടുത്ത വിമർശനം ഉയരുകയായിരുന്നു. പുതിയ നികുതിനയം പിൻവലിച്ചെങ്കിലും പ്രശ്നം തീർന്നില്ല. നയപരാജയത്തിന്റെ കയ്പ്പറിഞ്ഞു ലിസ് പടിയിറങ്ങിയതോടെ, ഋഷി അടുത്ത നേതാവായി.
അവശ്യ സാധനങ്ങൾക്ക് വില കുതിച്ചുയർന്നതുൾപ്പെടെ ബ്രിട്ടന്റെ സാമ്പത്തിക സ്ഥിതി ആശങ്കാജനകമായി. രാജ്യത്തെ രക്ഷിക്കാൻ, ലോകത്തെതന്നെ അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധനായ ഋഷിക്ക് കഴിയുമെന്ന വിശ്വാസം ജനങ്ങൾക്കിടിയിലുണ്ടായി. സാമ്പത്തികമാന്ദ്യമെന്ന പൊള്ളുന്ന വിഷയത്തിൽ ഋഷി മുന്നോട്ടു വയ്ക്കുന്ന പദ്ധതികൾക്ക് രാജ്യത്തെ രക്ഷിക്കാൻ കഴിയുമെന്ന പ്രതീക്ഷ അദ്ദേഹത്തിന്റെ വിജയത്തിന് കാരണമായി.
അധികാരമേറ്റാലുടൻ നികുതികൾ വെട്ടിക്കുറയ്ക്കുമെന്നായിരുന്നു ട്രസിന്റെ വാഗ്ദാനം. എന്നാൽ നാണ്യപ്പെരുപ്പം തടയുമെന്നായിരുന്നു സുനക് വാഗ്ദാനം ചെയ്തത്. പ്രചാരണ സമയത്ത് സാമ്പത്തിക നയത്തിൽ ഇരുവരും ഏറ്റുമുട്ടൽ നടത്തി. നികുതിയിളവുകൾക്കായുള്ള ട്രസിന്റെ നയങ്ങൾ രാജ്യത്തെ ദുരിതത്തിലേക്കു നയിക്കുമെന്ന് സുനക് അന്നേ വാദിച്ചിരുന്നു.
എന്നാൽ മറ്റൊരു രാജ്യവും ഇത്രയേറെ നികുതിഭാരം അടിച്ചേൽപിക്കുന്നില്ലെന്നും ഭാവിവളർച്ചയ്ക്ക് സുനാകിനു പദ്ധതിയില്ലെന്നും ട്രസ് അന്ന് തിരിച്ചടിച്ചു. എന്നാൽ സാമ്പത്തിക വിഷയത്തിൽ തട്ടി ലിസ് പദവി ഒഴിയുമ്പോൾ വ്യക്തമാമായത് ഋഷിയായിരുന്നു ശരി എന്നാണ്. ഈ തിരിച്ചറിവാണ് ജനങ്ങൾക്കിടയിൽ ഋഷിക്ക് തുണയായത്.
വിലക്കയറ്റം പിടിച്ചുനിർത്തിയ ശേഷമേ നികുതിയിളവുകളെപ്പറ്റി ആലോചിക്കൂ എന്ന് അന്ന് സുനക് വ്യക്തമാക്കിയിരുന്നു. വിവിധ മേഖലകൾക്കായി ശതകോടികളുടെ നികുതിയിളവു നൽകുമെന്ന ലിസ് ട്രസിന്റെ വാഗ്ദാനത്തെ കുട്ടിക്കഥ പോലെയാണു കാണുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
നമ്മുടെ സമ്പദ്‌വ്യവസ്ഥ ശരിയായ രീതിയിൽ മുന്നോട്ട് കൊണ്ടുപോകാനും പാർട്ടിയെ ഒന്നിപ്പിക്കാനും ആഗ്രഹിക്കുന്നു എന്നാണ് രണ്ടാം തവണയും പ്രധാനന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചുകൊണ്ട് ഋഷി സുനക് വ്യക്തമാക്കിയത്. രാജ്യം കടുത്ത സാമ്പത്തിക തകര്‍ച്ചയെ അഭിമുഖികരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല