സ്വന്തം ലേഖകൻ: ഋഷി സുനകിന് ബ്രിട്ടിഷ് പ്രധാനമന്ത്രി പദം നഷ്ടപ്പെടുമോ ഇല്ലയോ എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള നിയമമായ റുവാണ്ട ബിൽ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോള്‍ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ തോല്‍പ്പിക്കാന്‍ മുന്നിട്ടിറങ്ങുമെന്ന ഭീഷണി നിലനില്‍ക്കുന്നുണ്ട്. റുവാണ്ട ബില്ലിനെ തോല്‍പ്പിക്കാനുള്ള അംഗബലം തങ്ങള്‍ക്കുണ്ടെന്ന് വിമത ടോറി എംപിമാര്‍ ഋഷി സുനകിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പുതിയ നാടുകടത്തല്‍ നിയമം വളരെ ദുര്‍ബലമാണെന്നും പഴുതുകളുണ്ടെന്നും ഇതിന് സുപ്രധാന മാറ്റങ്ങൾ ആവശ്യമാണെന്നുമാണ് ഭരണകക്ഷി പാർട്ടിയായ കൺസർവേറ്റീവിലെ വലത് വിഭാഗമായ വിമതപക്ഷം ആരോപിക്കുന്നത്. ഇന്ന് യുകെ സമയം വൈകിട്ടാണ് ബില്ലിന്മേൽ ചർച്ചയും വോട്ടെടുപ്പും.
വിവിധ വിഭാഗങ്ങളിൽ നിന്ന് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുമ്പോഴും വോട്ടെടുപ്പുമായി മുന്നോട്ട് പോകുമെന്ന് നമ്പർ 10 ഓഫിസ് വ്യക്തമാക്കി. പ്രമേയം പിന്‍വലിച്ച് പുതുവര്‍ഷത്തില്‍ മെച്ചപ്പെട്ട ബിൽ അവതരിപ്പിക്കണമെന്ന വിമതരുടെ നിലപാട് ഡൗണിങ് സ്ട്രീറ്റ് തള്ളി. വലത് വിമതരില്‍ 40 ൽപ്പരം എംപിമാരുണ്ടെന്നാണ് പറയപ്പെടുന്നത്. അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതില്‍ കോടതികളുടെ ഇടപെടല്‍ തടയാന്‍ നിയമം അപര്യാപ്തമെന്നാണ് ഇവരുടെ വാദം.
മുന്‍ ഇമിഗ്രേഷന്‍ മന്ത്രി റോബര്‍ട്ട് ജെന്റിക്ക് ബില്ലിനെതിരെ അവസാന നിമിഷം തിരിഞ്ഞതും മന്ത്രി സ്ഥാനം രാജിവച്ചതും തിരിച്ചടിയായിരുന്നു. ബോട്ടിലെത്തുന്നവരെ റുവാന്‍ഡയിലേക്ക് നാടുകടത്തുന്നതിന് എതിരെ വ്യക്തിപരമായി അപ്പീല്‍ സമര്‍പ്പിക്കാനുള്ള അവസരം നല്‍കുന്നതാണ് പ്രധാന എതിര്‍പ്പ് സൃഷ്ടിക്കുന്നത്. എന്നാല്‍ ഇത് ചെയ്തില്ലെങ്കില്‍ രാജ്യാന്തര നിയമങ്ങളുടെ ലംഘനമാകുമെന്ന് ഡൗണിങ് സ്ട്രീറ്റ് ചൂണ്ടിക്കാണിക്കുന്നു.
ഇതിനിടെ ചെറുബോട്ടുകളിലെത്തുന്ന കുടിയേറ്റക്കാരെ ഹോട്ടലുകളില്‍ പാര്‍പ്പിക്കാനുള്ള വാര്‍ഷിക ചെലവ് 11 ബില്ല്യന്‍ പൗണ്ടിലേക്ക് വര്‍ധിപ്പിക്കുന്നതായി മന്ത്രിമാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇതിന്റെ ഒരു ഭാഗം മാത്രമാണ് റുവാണ്ട പദ്ധതി നടപ്പാക്കാന്‍ ആവശ്യം വരികയെന്നാണ് ബില്ലിന്റെ സവിശേഷതയായി വ്യക്തമാക്കുന്നത്. വോട്ടെടുപ്പിന് മുന്നോടിയായ റുവാണ്ട ബില്ലിനെ പിന്തുണയ്ക്കാൻ മുഴുവൻ ഭരണകക്ഷി എംപിമാരെയും പ്രേരിപ്പിക്കാൻ ഋഷി സുനക് ഇപ്പോഴും ശ്രമം തുടരുകയാണ്.
വിമതരെ വിശ്വാസത്തിലെടുക്കാനും ബില്ലിനെ കുറിച്ച് ബോധ്യപ്പെടുത്താനും ഡൗണിങ് സ്ട്രീറ്റിൽ ഉച്ചകോടി നടക്കുകയാണ് ഇപ്പോൾ. ഇന്ന് വൈകുന്നേരം ഹൗസ് ഓഫ് കോമൺസിലാണ് റുവാണ്ട ബില്ലിന്മേൽ എംപിമാർക്ക് ചർച്ച ചെയ്യാനും വോട്ടുചെയ്യാനും അവസരം ലഭിക്കുക. യുകെയിൽ എത്തുന്നവരെ ചെറിയ ബോട്ടുകളിൽ കിഴക്കൻ ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കുന്നതിനാണ് പദ്ധതി രൂപകൽപ്പന ചെയ്തിട്ടുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല