1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 14, 2023

സ്വന്തം ലേഖകൻ: വീസ ചട്ടങ്ങളില്‍ വരുത്തിയ ഭേദഗതികള്‍ ഇപ്പോള്‍ ബ്രിട്ടനില്‍ താമസിക്കുന്ന നിരവധി വിദേശികളുടെ നെഞ്ചില്‍ തീ വാരിയിട്ടിരുന്നു. ബ്രിട്ടനില്‍ താമസിക്കുന്നവര്‍ക്ക് പങ്കാളികളേയും കുടുംബത്തെയും ബ്രിട്ടനിലേക്ക് കൊണ്ടു വരുന്നതിനുള്ള മിനിമം വേതനം 38,700 പൗണ്ട് ആക്കി ഉയര്‍ത്തിയതായിരുന്നു ഏറെ ആശങ്കകള്‍ക്ക് വഴി തെളിച്ചത്.. ഈ നിയമം, ഇപ്പോള്‍ ബ്രിട്ടനിലുള്ള വിദേശികള്‍ക്കും ബാധകമാകും എന്ന സര്‍ക്കാരിന്റെ ആദ്യ നിലപാടായിരുന്നു പലരെയും ഭീതിയില്‍ ആഴ്ത്തിയത്.

അത്തരമൊരു സാഹചര്യം വന്നാല്‍, ഇന്ത്യയില്‍ നിന്നുള്‍പ്പടെയുള്ള പലര്‍ക്കും വീസയുടെ കാലാവധി തീരുന്ന മുറയ്ക്ക് അത് പുതുക്കി ലഭിക്കാതെ ബ്രിട്ടന്‍ വിട്ടു പോകേണ്ട സാഹചര്യമുണ്ടാക്കും. എന്നാല്‍ അത്തരമൊരു ഭയം ആര്‍ക്കും വേണ്ടെന്ന് പ്രധാന മന്ത്രി ഋഷി സുനാക് വ്യക്തമാക്കിയിരിക്കുകയാണ്. ഇപ്പോള്‍ ബ്രിട്ടനിലുള്ളവര്‍ക്കും, ബ്രിട്ടീഷ് പൗരന്മാരുടെ വിദേശ പങ്കാളികള്‍ക്കും ഈ ഉയര്‍ന്ന പരിമിതി ബാധകമാക്കില്ല.

ആശ്രിത വീസ ലഭിക്കുന്നതിനുള്ള കുറഞ്ഞ വരുമാന പരിധി പെട്ടെന്ന് ഉയര്‍ത്തിയത് പലരുടെയും സ്വപ്നങ്ങള്‍ കരിച്ചു കളഞ്ഞു എന്ന് ലേബര്‍ എം പി സര്‍ സ്റ്റീഫന്‍ ടിംസ് ആരോപിച്ചിരുന്നു. വിവാഹ നിശ്ചയം വരെ കഴിഞ്ഞ പലരുടെയും കുടുംബ സ്വപ്നങ്ങള്‍ക്ക് വിലങ്ങിടുകയാണ് സര്‍ക്കാര്‍ എന്നും അദ്ദേഹം ആരോപിച്ചു.അതേസമയം, യു കെയിലേക്ക് കുടുംബത്തെ കൊണ്ടുവരുന്ന ആര്‍ക്കും അവരുടെ കാര്യങ്ങള്‍ നോക്കി നടത്തുന്നതിനുള്ള സാമ്പത്തിക സ്ഥിതി ഉണ്ടാകണം എന്നത് ഒരു ആവശ്യം തന്നെയാണ് എന്നായിരുന്നു ഋഷി സുനാക് പ്രതികരിച്ചത്.

ഇതിനുള്ള വരുമാന പരിധി കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെ കാലമായി വര്‍ദ്ധിപ്പിച്ചിട്ടില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നിരുന്നാലു, ഇത്തരത്തിലുള്ള ചില പ്രത്യേക കേസുകള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്നും അതിനായി ചില മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഉയര്‍ന്ന വേതന പരിധിയുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്ക മനസ്സിലാകുന്നുണ്ടെന്നും, അത് ദൂരീകരിക്കാന്‍ എത്രയും വേഗം ശ്രമിക്കുമെന്നും ഹോം സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി എല്‍ ബി സി റേഡിയോയില്‍ പറഞ്ഞു.

തുടര്‍ന്ന് പുതിയതായി നിയമിക്കപ്പെട്ട ലീഗല്‍ ഇമിഗ്രേഷന്‍ മന്ത്രി ടോ പഴ്ഗ്ലോവ്, രാജ്യത്ത് ഇപ്പോള്‍ താമസിക്കുന്നവര്‍ക്ക് വീസ പുതുക്കുവാന്‍ 38,000 പൗണ്ടിന്റെ പരിധി ബാധകമാകില്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഈ നിയമം പ്രാബല്യത്തില്‍ വരുന്നതിനു മുന്‍പ് വീസ പുതുക്കുന്നതിനായി അപേക്ഷിക്കുന്നവര്‍ക്ക് വരുമാന പരിധി ബാധകമാകില്ല എന്ന് അദ്ദേഹം പറഞ്ഞു, എന്നാല്‍, ഭാവിയിലും ഈ സുരക്ഷ തുടരുമോ എന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല.

കഴിഞ്ഞയാഴ്ച ബ്രിട്ടിഷ് സർക്കാർ പ്രഖ്യാപിച്ച പുതിയ വീസ നിയമത്തിനെതിരേ കാന്റർബറി ആർച്ബിഷപ് റവ. ഡോ. ജെസ്റ്റിൻ വെൽബി ഉൾപ്പെടെയുള്ളവർ കടുത്ത വിമർശനവുമായി രംഗത്ത് എത്തിയതും ശ്രദ്ധേയമായി. ബ്രിട്ടിഷുകാരായ ഒട്ടേറെ ആളുകളെ പ്രതികൂലമായി ബാധിക്കുന്ന നിയമം കുടുംബങ്ങളുടെ തകർച്ചയ്ക്കു വഴിവയ്ക്കുമെന്നും, നിശ്ചയിച്ചിട്ടുള്ള വിവാഹങ്ങൾ പോലും മുടങ്ങാൻ വഴിവയ്ക്കുമെന്നുമായിരുന്നു പാർലമെന്റിലെ പ്രഭുസഭയിൽ ആർച്ബിഷപ്പിന്റെ വിമർശനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.