സ്വന്തം ലേഖകൻ: ഒരുലക്ഷത്തിലേറെ വരുന്ന റോയൽ മെയിൽ ജീവനക്കാരുടെ സമരത്തിൽ ബ്രിട്ടനിലെ പോസ്റ്റൽ മേഖല സ്തംഭിച്ചു. നാലു ദിവസമായി നടക്കുന്ന ഒന്നാംഘട്ട സമരത്തിന്റെ തുടക്കമായാണ് ഇന്നു രാവിലെ മുതൽ 24 മണിക്കൂർ സമയത്തേക്ക് ജീവനക്കാർ പണിമുടക്കുന്നത്. ഈ മാസം 31നാണ് രണ്ടാംഘട്ട സമരം. പിന്നീട് സെപ്റ്റംബർ 8, 9 തിയതികളിലും ജീവനക്കാർ ജോലിയിൽനിന്നും വിട്ടുനിന്ന് പ്രതിഷേധിക്കും.
5.5 ശതമാനം ശമ്പള വർധന ആവശ്യപ്പെട്ടാണ് ജീവനക്കാരുടെ സമരം. ജീവിതച്ചെലവും പണപ്പെരുപ്പവും വർധിച്ച ബ്രിട്ടനിൽ തികച്ചും ന്യായമായ ആവശ്യമാണ് ജീവനക്കാർ ഉന്നയിക്കുന്നത്. അതുകൊണ്ടുതന്നെ സമരത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം നൂറു ശതമാനത്തിന് അടുത്താണ്.
പോസ്റ്റൽ ജീവനക്കാരുടെ സംഘടനയായ കമ്മ്യൂണിക്കേഷൻ വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിലാണ് സമരം. സമരത്തിന്റെ ഫലമായി രാജ്യത്തെ കത്തുവിതരണവും പാഴ്സൽ വിതരണവും മുടങ്ങും. മാനേജർമാരുടെയും സമരത്തിൽ പങ്കെടുക്കാത്ത ജീവനക്കാരുടെയും കരാർ തൊഴിലാളികളുടെയും പിന്തുണയോടെ സ്പെഷൽ ഡലിവറി സർവീസും ഫസ്റ്റ് ക്ലാസ് ട്രാക്ക് സർവീസും മുടങ്ങാതെ നടത്തുമെന്ന് മാനേജ്മെന്റ് പറയുന്നുണ്ടെങ്കിലും ഇത് എളുപ്പമല്ല.
സമരത്തിൽ പങ്കെടുക്കുന്ന 115,000 ജീവനക്കാരുടെ ജോലി മറ്റു രീതികളിൽ ചെയ്തു തീർക്കുക എളുപ്പമുള്ള കാര്യമല്ല.
പണപ്പെരുപ്പം നാൽപതു വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ നിൽക്കുന്ന സാഹചര്യത്തിൽ ശമ്പളവർധന ആവശ്യപ്പെട്ട് യൂണിയൻ മാനേജ്മെന്റുമായി നടത്തിയ പലവട്ടം ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് ജീവനക്കാർ സമരത്തിലേക്ക് നീങ്ങിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല