ലോക ചരിത്രം പരിശോധിച്ചാല്‍ ഭരണ നേതൃത്വങ്ങളില്‍ നിന്നും മിക്കപ്പോഴും സ്ത്രീകള്‍ പിന്തള്ളപ്പെട്ടിരുന്നു. ബ്രിട്ടന്റെ സ്ഥിതിയും മറിച്ചല്ലായിരുന്നു എന്നാല്‍ ഇപ്പോള്‍ കാര്യങ്ങളെല്ലാം മാറി മറിയാന്‍ പോകുകയാണ്. ബ്രിട്ടീഷ് രാജസിംഹാസനത്തില്‍ ഇനിമുതല്‍ രാജകുമാരന്മാര്‍ക്കു തുല്യമായ സ്ഥാനം രാജകുമാരിമാര്‍ക്കു നല്‍കാന്‍ തീരുമാനം കൈക്കൊണ്ടിരിക്കുന്നു. പെര്‍ത്തില്‍ ചേര്‍ന്ന കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്മാരുടെ യോഗമാണു രാജകീയ പിന്തുടര്‍ച്ചാ നിയമം ഭേദഗദി ചെയ്യാന്‍ തീരുമാനിച്ചത്. ഇനി മുതല്‍ രാജാവിന്‍റെ ആദ്യസന്തതിക്കായിരിക്കും കിരീടാവകാശം.
രാജാവിന് ആണ്‍മക്കളുണ്ടെങ്കില്‍ രാജകുമാരിമാര്‍ക്കു സിംഹാസനത്തില്‍ അവകാശം നിഷേധിച്ചിരുന്ന നിയമം മാറ്റും. രാജാവ് അഥവാ രാജ്ഞി റോമന്‍ കത്തോലിക്കാ വിശ്വാസിയെ വിവാഹം ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്കും നീക്കി. എന്നാല്‍, ആംഗ്ലിക്കന്‍ സഭയുടെ പരമാധികാരി ആയതിനാല്‍ രാജാവ് ചര്‍ച്ച് ഒഫ് ഇംഗ്ലണ്ട് വിശ്വാസിയായിരിക്കണമെന്ന് ഇക്കാര്യം വിവരിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ കൂട്ടിച്ചേര്‍ത്തു. ഈ നിയമം വില്യം-കേറ്റ് ദമ്പതികള്‍ക്ക് പെണ്‍കുട്ടി ജനിക്കുന്ന പക്ഷം ആ കുട്ടിയിലൂടെ ആകും ചരിത്രം തിരുത്തിക്കുറിക്കുക., ഇനി അഥവാ അവര്‍ക്ക് ആണ്‍കുട്ടിയാണ് ജനിക്കുന്നതെങ്കില്‍ നിയമ ഭേദഗതിയില്‍ വരുത്തിയ മാറ്റാന്‍ കാണാന്‍ നമ്മള്‍ കാത്തിരിക്കേണ്ടി വരുമെന്ന് വ്യക്തം.
കിരീടാവകാശം സംബന്ധിച്ചു വ്യവസ്ഥ ചെയ്യുന്ന 1689സെ ബില്‍ ഒഫ് റൈറ്റ്സും 1701ലെ ആക്റ്റ് ഓഫ് സെറ്റില്‍മെന്‍റും ഭേഗഗതി ചെയ്താലെ തീരുമാനം പ്രാബ ല്യത്തില്‍ വരൂ. തീരുമാനത്തിനു മുന്‍കാല പ്രാബല്യമില്ല. അമ്പത്തിനാല് അംഗ കോമണ്‍വെല്‍ത്തിലെ 16 അംഗങ്ങളുടെ രാഷ്ട്രത്തലവന്‍ ബ്രിട്ടീഷ് രാജാവാണ്. ബ്രിട്ടന്‍, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, ക്യാനഡ, ജമൈക്ക, ആന്‍റിഗുവ ആന്‍ഡ് ബാര്‍ബുഡ, പപ്പുവ ന്യൂഗിനി, സെന്‍റ് ക്രിസ്റ്റഫര്‍ ആന്‍ഡ് നെവിസ്, സെന്‍റ് വിന്‍സന്‍റ് ആന്‍ഡ് ഗ്രെനെഡീന്‍സ്, തുവാലു, ബാര്‍ബഡോസ്, ഗ്രെനഡ, സോളമന്‍ ദ്വീപുകള്‍, സെന്‍റ് ലൂസിയ ആന്‍ഡ് ബഹാമസ് എന്നിവയാണവ. സ്വാതന്ത്ര്യം നേടിയ ബ്രിട്ടീഷ് കോളനികളാണു കോമണ്‍വെല്‍ത്ത് അംഗരാഷ്ട്രങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല