സ്വന്തം ലേഖകൻ: യുകെയുടെ കുടിയേറ്റ പ്രശ്നം റുവാണ്ടയിലേക്ക് ഔട്ട്സോഴ്സ് ചെയ്താൽ പരിഹരിക്കപ്പെടുമോ? രാജ്യത്തേക്കു നുഴഞ്ഞുകയറുന്നവരെ ‘ഔട്ട്സോഴ്സ്’ ചെയ്തു കുടിയേറ്റപ്രശ്നം പരിഹരിക്കാനാണ് ബോറിസ് ജോൺസൺ സർക്കാരിൻ്റെ ആലോചന. അനധികൃത കുടിയേറ്റക്കാരെ 6500ലേറെ കിലോമീറ്റർ അകലെ, മധ്യ ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിലേക്കു വിമാനത്തിൽ കയറ്റി അയയ്ക്കും. അവരെ കയ്യേൽക്കുന്നതിന് യുകെ പണം നൽകും.
മനുഷ്യക്കടത്തിൽനിന്ന് എണ്ണമറ്റ ജീവനുകളെ രക്ഷിക്കുന്നതാണു പദ്ധതിയെന്ന് ബോറിസ് ഊറ്റംകൊള്ളുമ്പോൾ മനുഷ്യത്വരഹിതമായി പദ്ധതിയെന്നാണ് പ്രതിപക്ഷ വാദം. ഒരു ഉൽപന്നം പോലെ മനുഷ്യനെ മറ്റൊരു രാജ്യത്തേക്കു കൈമാറുന്നതിനെതിരെ മനുഷ്യാവകാശ സംഘടനകളും ഐക്യരാഷ്ട്രസംഘടനയും രംഗത്തെത്തി. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചു മദ്യപാർട്ടി നടത്തിയതിന് പിഴ അടയ്ക്കേണ്ടിവന്ന ജോൺസൺ, സംഭവത്തിൽനിന്നു ശ്രദ്ധ തിരിക്കാനുള്ള രാഷ്ട്രീയ അടവായും പദ്ധതിയെ കാണുന്നവരുണ്ട്. എന്തായാലും എതിർപ്പുകളെയെല്ലാം മറികടന്നു പദ്ധതിയുമായി മുന്നോട്ടു നീങ്ങുകയാണു യുകെ സർക്കാർ.
‘സാമ്പത്തിക വികസന പങ്കാളിത്തം’ എന്ന പേരിൽ 12 കോടി പൗണ്ട് (ഏകദേശം 1200 കോടി രൂപ) റുവാണ്ടയ്ക്കു നൽകാൻ കരാറായിക്കഴിഞ്ഞു. യുകെ ആഭ്യന്തരമന്ത്രി പ്രീതി പട്ടേലും റുവാണ്ട വിദേശകാര്യമന്ത്രി വിൻസന്റ് ബിറൂട്ടയും കഴിഞ്ഞ ദിവസം ഒപ്പുവച്ച കരാർ പ്രകാരം അഭയാർഥികളെ അയച്ചു തുടങ്ങുമ്പോൾ കൂടുതൽ പണം നൽകും. ഈ വർഷം മുതൽ അനധികൃതമായി രാജ്യത്തു കടന്നവരെ ആഫ്രിക്കയിൽ പുനരധിവസിപ്പിക്കുമെന്നാണ് ബോറിസ് ജോൺസൺ പറഞ്ഞത്. ഞങ്ങളുടെ അനുകമ്പ കണക്കില്ലാത്തതാണെങ്കിലും സഹായിക്കാനുള്ള ശേഷിയിൽ കുറവുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല