സ്വന്തം ലേഖകൻ: ഇംഗ്ലണ്ടില്‍ കോണ്‍ക്രീറ്റ് സുരക്ഷ ഭീഷണിയുള്ള സ്‌കൂളുകള്‍ 2024 വരെ അടച്ചിടുമെന്നു റിപ്പോര്‍ട്ട്. ആര്‍എഎസി കോണ്‍ക്രീറ്റ് സുരക്ഷ മൂലം ക്ലാസ്മുറികള്‍ തകര്‍ന്നുവീഴുമെന്ന അവസ്ഥയില്‍ വിദ്യാര്‍ത്ഥികളെ പുറത്തിരുത്തി പഠിപ്പിക്കാനാണ് സ്‌കൂളുകള്‍ തയ്യാറെടുക്കുന്നത്.
ഇതിന് സാധിക്കാത്ത സ്‌കൂളുകളാകട്ടെ ഓണ്‍ലൈന്‍ മോഡിലേക്ക് മാറുകയും, വിദ്യാര്‍ത്ഥികള്‍ 2024 വരെയെങ്കിലും വീടുകളില്‍ കുടുങ്ങുകയും ചെയ്യും. കോണ്‍ക്രീറ്റ് സുരക്ഷിതമാക്കാന്‍ കാലതാമസം നേരിട്ടാല്‍ തടസ്സങ്ങള്‍ 2025 വരെ നീളാനും സാധ്യതയുള്ളതായി ഹെഡ്ടീച്ചര്‍ മുന്നറിയിപ്പ് നല്‍കുന്നു. താല്‍ക്കാലിക ക്ലാസ്മുറികള്‍ ഒരുക്കാനാണ് പ്രശ്‌നബാധിത സ്‌കൂളുകളുടെ നീക്കം.
പോര്‍ട്ടബിള്‍ ക്യാബിന്‍ ക്ലാസ്മുറികള്‍ ആവശ്യത്തിന് ലഭ്യമാക്കാന്‍ കഴിയാതെ പോയാല്‍ വിദ്യാര്‍ത്ഥികള്‍ ലോക്ക്ഡൗണ്‍ രീതിയില്‍ ഓണ്‍ലൈന്‍ സ്‌കൂളിംഗിലേക്ക് പോകാന്‍ നിര്‍ബന്ധിതമാകുമെന്ന് ഹെഡ്ടീച്ചര്‍മാരും, രക്ഷിതാക്കളും ആശങ്കപ്പെടുന്നു. സ്‌കൂളുകളുടെ സുരക്ഷ സംബന്ധിച്ച് അനിശ്ചിതാവസ്ഥ നിലനില്‍ക്കുന്നതായി എഡ്യുക്കേഷന്‍ സെക്രട്ടറി ഗിലിയാന്‍ കീഗന്‍ സമ്മതിച്ചു.
പുതിയ ടേം ആരംഭിക്കുമ്പോള്‍ തന്നെ നൂറിലേറെ സ്‌കൂളുകള്‍ ഭാഗികമായോ, പൂര്‍ണ്ണമായോ അടച്ചിട്ടിട്ടുണ്ട്. എന്നാല്‍ കോണ്‍ക്രീറ്റ് അപകടകരമായ രീതിയിലാണെന്ന് സംശയിക്കുന്ന 450 സ്‌കൂളുകള്‍ കൂടി എഞ്ചിനീയര്‍മാര്‍ പരിശോധിക്കാന്‍ ബാക്കിയുണ്ട്. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ മടങ്ങിയെത്തുമ്പോള്‍ തങ്ങള്‍ സുരക്ഷിതരാണോയെന്ന് പോലും ഉറപ്പില്ലാത്ത അവസ്ഥയിലാകും കുട്ടികള്‍. 1500-ഓളം സ്‌കൂളുകള്‍ കോണ്‍ക്രീറ്റിന്റെ സ്ഥിതി സംബന്ധിച്ച സര്‍വ്വെയില്‍ ഉത്തരങ്ങള്‍ നല്‍കിയിട്ടുമില്ല.
കൊവിഡ് മഹാമാരി മൂലം ഉണ്ടായ ലോക്ക്ഡൗണ്‍ പഠനത്തിനു സമാനമായി വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായി മറ്റൊരു പ്രതിസന്ധിയായി മാറുകയാണ് സ്‌കൂളുകളുടെ സുരക്ഷാഭീഷണി മൂലമുള്ള പഠന പ്രതിസന്ധി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല