
സ്വന്തം ലേഖകൻ: ഈ സ്കൂള്‍ ടേമില്‍ അധ്യാപകര്‍ രണ്ട് ദിവസം കൂടി സമരത്തിന് ഇറങ്ങുമെന്ന് പ്രഖ്യാപിച്ച് നാഷണല്‍ എഡ്യുക്കേഷന്‍ യൂണിയന്. ജൂലൈ 5, ജൂലൈ 7 ദിവസങ്ങളില്‍ തങ്ങളുടെ അംഗങ്ങള്‍ പണിമുടക്കുമെന്ന് യൂണിയന്റെ നാഷണല്‍ എക്സിക്യൂട്ടീവ് പ്രഖ്യാപിച്ചു.
ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ മൂന്ന് ദിവസം വീതം എന്‍ഇയു സമരത്തില്‍ ഏര്‍പ്പെട്ടിരുന്നു. യൂണിയനും, സര്‍ക്കാരും തമ്മിലുള്ള ശമ്പളത്തര്ക്കമാണ് സമരങ്ങള്‍ക്ക് കാരണമാകുന്നത്. ഈ വര്‍ഷം മുഴുവന്‍ സമരം തുടരാന്‍ അംഗങ്ങളുടെ താല്പര്യം തേടി എന്‍ഇയു വീണ്ടും ബാലറ്റിംഗ് നടത്തിവരികയാണ്.
എഎസ്സിഎല്‍, എന്‍എഎച്ച്ടി, എന്‍എഎസ്യുഡബ്യുടി തുടങ്ങി മറ്റ് യൂണിയനുകളും ഇംഗ്ലണ്ടിലെ അധ്യാപകരുടെ ശമ്പള പ്രശ്നവും, ഫണ്ടിംഗും ചൂണ്ടിക്കാണിച്ച് സമരം തുടരാനുള്ള ബാലറ്റിംഗ് നടത്തുന്നുണ്ട്. തര്‍ക്കവിഷയത്തില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ ഓട്ടം ടേമില്‍ സംഘടിതമായ നടപടി കൈക്കൊള്ളുമെന്ന് യൂണിയനുകള്‍ മുന്നറിയിപ്പ് നല്കി.
എന്നാല്‍ സ്കൂള്‍ ടീച്ചേഴ്സ് റിവ്യൂ ബോഡിയുടെ ശമ്പള നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നതിനായി കാത്തിരിക്കുന്നതിനാല്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ എഡ്യുക്കേഷന്‍ സെക്രട്ടറി വിസമ്മതിക്കുകയാണ്. എന്തായാലും കുട്ടികളുടെ പഠിപ്പ് മുടക്കം ആയിരിക്കും ഇതിന്റെ ഫലമായുണ്ടാവുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല