സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ലോക്ക്ഡൌണിന്റെ സാമ്പത്തികവും സാമൂഹികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് കൺസർവേറ്റീവുകൾക്കിടയിൽ വർദ്ധിച്ചു വരുന്ന അസ്വസ്ഥതകൾക്കിടയിൽ എംപിമാർ ഇന്ന് ഉത്തരവിൽ വോട്ട് രേഖപ്പെടുത്തും. ഭൂരിപക്ഷം എംപിമാരുടേയും അംഗീകാരിരമുണ്ടെങ്കിൽ ഇന്ന് അർദ്ധരാത്രിക്ക് ശേഷം നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും. ഡിസംബർ 2 വരെ നീണ്ടുനിൽക്കുന്നതാണ് ബോറിസ് ജോൺസൺ പ്രഖ്യാപിച്ച രണ്ടാം ലോക്ക്ഡൌൺ.
ഇത്തവണയും പബ്ബുകൾ, റെസ്റ്റോറന്റുകൾ, ജിമ്മുകൾ, അവശ്യമല്ലാത്ത ഷോപ്പുകൾ എന്നിവ അടച്ചിടേണ്ടി വരും. നേരത്തെ, 11,000 കൊറോണ വൈറസ് രോഗികളാണ് ആശുപത്രികളിൽ ഉള്ളതെന്ന് എൻഎച്ച്‌എസ് ഇംഗ്ലണ്ട് മേധാവി സർ സൈമൺ സ്റ്റീവൻസ് പറഞ്ഞു. ഒക്ടോബർ തുടക്കത്തിൽ ഇത് 2,000 ആയിരുന്നു.
“മറ്റൊരു തരത്തിൽ പറഞ്ഞാൽ, ഞങ്ങൾക്ക് ഇംഗ്ലണ്ടിലുടനീളം 22 ആശുപത്രികൾ നിറയെ കൊറോണ വൈറസ് രോഗികളെ ലഭിച്ചു,” സർ സൈമൺ ബിബിസി റേഡിയോ 4 ന്റെ ടുഡേ പ്രോഗ്രാമിൽ അറിയിച്ചു.
ബ്രിട്ടീഷ് പ്രധാനമന്ത്രി പത്രസമ്മേളനം നടത്തി ലോക്ക്ഡൌൺ പ്രഖ്യാപിച്ച് ശനിയാഴ്ച മുതൽ ഗുരുതരമായ അസുഖമുള്ള കൊറോണ വൈറസ് രോഗികൾക്കായി രണ്ട് ആശുപത്രികൾ കൂടി തുടങ്ങിയതായും സർ സൈമൺ പറഞ്ഞു.
അതിനിടെ നിരവധി കൺസർവേറ്റീവ് എംപിമാർ രാജ്യവ്യാപക ലോക്ക്ഡൌണിനെ വിമർശിച്ച് രംഗത്തെത്തി. ടോറി ബാക്ക്ബെഞ്ചർമാരിൽ നിന്ന് രൂക്ഷമായ എതിർപ്പുണ്ടായാലും ലേബർ എംപിമാരുടെ പിന്തുണയുടെ ബലത്തിൽ ഉത്തരവ് പാസാക്കിയെടുക്കാമെന്ന പ്രതീക്ഷയിലാണ് സർക്കാർ.
കഴിഞ്ഞ മാസം മുതൽ ഒരു “ഷോർട്ട്” ലോക്ക്ഡൌൺ അല്ലെങ്കിൽ “സർക്യൂട്ട് ബ്രേക്കർ” വേണമെന്ന് ലേബർ പാർട്ടി തുടർച്ചയായി ആവശ്യപ്പെട്ടിരുന്നു. ഒപ്പം വേണ്ടത്ര വേഗത്തിലും നിർണ്ണായകമായും പ്രവർത്തിക്കുന്നില്ലെന്ന് അവർ സർക്കാരിനെ വിമർശിക്കുകയും ചെയ്യുന്നു. അതിനാൽ ലോക്ക്ഡൌണിനെ വിമർശിച്ച ചില ടോറികളെ പിന്തിരിപ്പിക്കാൻ ലേബർ പിന്തുണ സർക്കാരിന് ബലമാകുമെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല