സ്വന്തം ലേഖകൻ: ലോകം നടുങ്ങിയ സെപ്റ്റംബര്‍ 11 ന് ശേഷമുള്ള ഏറ്റവും വലിയ സുരക്ഷാ ഭീഷണിയിലാണ് ബ്രിട്ടനെന്ന് വിദഗ്ധര്‍. തീവ്രവാദികളുടെ ഏകോപിപ്പിച്ചു കൊണ്ടുള്ള ആക്രമണത്തിന് സാധ്യത ഏറെയെന്ന് മുന്നറിയിപ്പ് നല്‍കുന്ന വിദഗ്ധര്‍, പുറമെ നിന്നുള്ള ഒരു വ്യക്തി നടത്തുന്ന ഒറ്റപ്പെട്ട ആക്രമണത്തിനുള്ള സാധ്യതയും തള്ളിക്കളയാന്‍ ആവില്ലെന്ന് പറയുന്നു. അമേരിക്കയില്‍ സെപ്റ്റംബര്‍ 11 നടന്ന ആക്രമണത്തിന് ശേഷം, ചോര്‍ത്തിയെടുത്ത തീവ്രവാദികളുടെ ആശയവിനിമയങ്ങളുടെ എണ്ണം ഏറ്റവും കൂടുതലായ ഒരു കാലമാണിതെന്നും അവര്‍ പറയുന്നു.
ആഗോളാടിസ്ഥാനത്തില്‍ തന്നെ പുതിയ തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഒരു അവസരമാക്കി ഇസ്രയേല്‍- ഹമാസ് യുദ്ധത്തെ മാറ്റിയിട്ടുണ്ട് എന്നും മുന്നറിയിപ്പില്‍ പറയുന്നു. മാത്രമല്ല, അടുത്ത ഞായറാഴ്ച്ച ആരംഭിക്കുന്ന റമദാന്‍ മാസത്തില്‍, ഇസ്ലാമിക രാജ്യങ്ങളില്‍ തീവ്രവാദം ശക്തിപ്പെടുന്നതിനുള്ള സാധ്യതയും വിദഗ്ധര്‍ തള്ളിക്കളയുന്നില്ല. ഇക്കാര്യങ്ങള്‍ വ്യക്തമായി അറിയാവുന്ന ഒരു എം പിയെ ഉദ്ധരിച്ചുകൊണ്ട് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തീവ്രവാദികള്‍ തമ്മിലുള്ള ആശയവിനിമയം എക്കാലത്തേക്കാള്‍ വര്‍ദ്ധിച്ചിട്ടുണ്ട് എന്നാണ്.
മാത്രമല്ല, അത് നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരികയാണെന്നും പറയുന്നു. 2001 ല്‍ ഇരട്ട ടവറുകള്‍ നിലം പൊത്തുന്നതിന് മുന്‍പും ഇത്തരത്തിലുള്ള ഒരു വര്‍ദ്ധനവ് ദൃശ്യമായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വിദ്വേഷം പരത്തുന്ന ആശയങ്ങളുമായി രാജ്യത്തെ വിഭജിക്കാന്‍ ഒരു കൂട്ടര്‍ ശ്രമിക്കുകയാണെന്ന് പ്രത്യേക മാധ്യമ സമ്മേളനം വിളിച്ച് ചേര്‍ത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക് മുന്നറിയിപ്പ് നല്‍കിയതിന് തൊട്ടു പിന്നാലെയാണ് ഈ മുന്നറിയിപ്പും വരുന്നത്.
റോക്ക്ഡെയ്ല്‍ ഉപതെരഞ്ഞെടുപ്പില്‍ ജോര്‍ജ്ജ് ഗാലോവിന്റെ വിജയത്തിനെ തുടര്‍ന്നായിരുന്നു ഋഷി മാധ്യമ സമ്മേളനം വിളിച്ചു ചേര്‍ത്തത്. ഇസ്ലാമിക തീവ്രവാദികളും തീവ്ര വലതുപക്ഷക്കാരും വിഷം വമിപ്പിക്കുകയാണെന്ന് അദ്ദേഹം മാധ്യമ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഒരു ജനത എന്ന നിലയില്‍ ബ്രിട്ടീഷുകാരുടെ ആത്മവിശ്വാസംനശിപ്പിക്കുന്നതിനാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്ലാമിക തീവ്രവാദത്തെ ഒതുക്കുവാന്‍ പോലീസും രഹസ്യാന്വേഷണ വിഭാഗവും കഠിന യത്നത്തിലാണെന്ന് മുന്‍ ആഭ്യന്തര മന്ത്രി റോബര്‍ട്ട് ജെന്റിക്കും പറഞ്ഞിരുന്നു.
ഉടനടിയുള്ള ആക്രമണത്തിന് പുറമെ തലമുറകളെ മൗലികവാദികളാക്കുന്ന ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതിയും ഉണ്ടെന്ന് ചില വിദഗ്ധര്‍ പറയുന്നു. ഹമാസ് ഭീകരര്‍ ഇസ്രയേലിനെ ആക്രമിച്ചതിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങള്‍ യുവ ബ്രിട്ടീഷ് മുസ്ലീങ്ങളെ തീവ്രവാദത്തോട് അടുപ്പിക്കാന്‍ ഇടയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല