1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 12, 2020

സ്വന്തം ലേഖകൻ: തിങ്കളാഴ്ച മുതൽ സെൽഫ് ഐസോലേഷൻ കാലാവധി 10 ദിവസമാക്കി യുകെ. 14 ദിവസമായിരുന്ന സ്വയം ഒറ്റപ്പെടൽ കാലാവധിയാണ് വെട്ടിക്കുറച്ചത്. ഉയർന്ന അപകട സാധ്യതയുള്ള രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തിയ ശേഷം സെൽഫ് ഐസൊലേഷനിൽ പോകുന്നവർക്കും ഈ മാറ്റം ബാധകമാകും.

10 ദിവസമോ അതിൽ കൂടുതലോ സ്വയം ഒറ്റപ്പെട്ട ഏതൊരാൾക്കും തിങ്കളാഴ്ച മുതൽ അവരുടെ സ്വയം ഒറ്റപ്പെടൽ അവസാനിപ്പിക്കാനാകും. ഇംഗ്ലണ്ടിലെയും വടക്കൻ അയർലണ്ടിലെയും കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം. എന്നാൽ ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ഒഎൻ‌എസ്) കണക്കുകൾ പ്രകാരം ഡിസംബർ 5 മുതൽ ആഴ്ചാവസാനം വരെ ലണ്ടനിലും ഇംഗ്ലണ്ടിന്റെ കിഴക്കുൻ പ്രവശ്യകളിലും കൊറോണ വൈറസ് കേസുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ട്.

അതേസമയം, പുതിയ ഡാറ്റ കാണിക്കുന്നത് വൈറസിന്റെ പുനരുൽപാദനമോ ആർ നമ്പറോ രണ്ടാഴ്ച മുമ്പത്തെ നിലയിലേക്ക് (0.9 – 1) തിരിച്ചെത്തിയെന്നാണ്, അതായത് പകർച്ചവ്യാധി വ്യാപനം രൂക്ഷമല്ലെന്ന് സാരം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, യുകെയിൽ ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ 424 മരണങ്ങളും 21,672 കൊറോണ വൈറസ് കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ലണ്ടൻ, കെന്റ്, എസെക്സ് എന്നിവിടങ്ങളിലെ സെക്കൻഡറി സ്കൂൾ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും അധ്യാപകർക്കും മാസ് ടെസ്റ്റിംഗ് നടത്തുമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് വ്യാഴാഴ്ച അറിയിച്ചു. നാലു സ്വയം ഭരണ പ്രദേശങ്ങളിൽ ഓരോന്നിനും “ട്രാവൽ കോറിഡോർ” രാജ്യങ്ങളുടെ പട്ടികയുണ്ട്. ഈ രാജ്യങ്ങളെ സെൽഫ് ഐസൊലേഷൻ നിയമങ്ങളിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു.

രാജ്യത്ത് കൊവിഡ് വാക്സിൻ വിതരണം പുരോഗമിക്കുന്നതിനിടെ വാക്സീന്‍ ലഭിച്ച ആദ്യ ബാച്ചില്‍ മലയാളി ഡോക്ടർമാരും. ക്രോയ്ഡണ്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ (സിയുഎച്ച്) ചെസ്റ്റ് കണ്‍സള്‍ട്ടന്റും ഇന്റര്‍വെന്‍ഷണല്‍ പള്‍മോണോളജിസ്ററുമായ മലയാളിയായ ഡോ. അജികുമാര്‍ കവിദാസന്‍ ആശുപത്രിയിൽ നിന്ന് വാക്സിൻ സ്വീകരിച്ച 50 പേരില്‍ ഒരാളായി.

വാക്സീന്റെ കാര്യത്തില്‍ ബ്രിട്ടന്‍ ലോകചരിത്രത്തില്‍ ഇടംപിടിച്ചപ്പോള്‍ അതില്‍ ആദ്യത്തെ ചെറുകണമായി പങ്കാളിയാവാന്‍ സാധിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്നും വാക്സീന്‍ കുത്തിവെയ്പ്പു സ്വീകരിയ്ക്കുന്നതില്‍ ഭയപ്പാടിന്റെ ഒരു ലാഞ്ചനപോലും വേണ്ടന്നും ഡോ. അജികുമാര്‍ പറഞ്ഞു. 1.5 എംഎല്‍ വാക്സീന്‍ സാധാരണ ഫ്ലൂവിനെതിരെ കുത്തിവെയ്പ്പു നടത്തുന്നതു പോലെ മാത്രമേ ഉള്ളുവെന്നും ആരും തന്നെ പേടിക്കേണ്ടന്നുമാണ് ഡോക്ടറുടെ നിലപാട്.

മാഞ്ചസ്റ്ററിലെ താമസക്കാരിയും തിരുവനന്തപുരം സ്വദേശിനിയുമായ ഡോ. ശ്രീദേവി നായരും ബുധനാഴ്ച ഫൈസർ വാക്സീന്റെ ആദ്യ ഡോസ് സ്വീകരിച്ചു. സ്റ്റോക്ക്പോർട്ട് നാഷനൽ ഹെൽത്ത് സർവീസ് ഫൌണ്ടേഷൻ ട്രസ്റ്റ് ഹോസ്പിറ്റലിലെ ഡോക്ടറായ ശ്രീദേവി നായർ ഇന്ത്യയിൽനിന്നുള്ള പഠനത്തിനുശേഷം ഇംഗ്ലണ്ടിൽനിന്നും അയർലണ്ടിൽനിന്നും നിരവധി ബിരുദാനന്തര ബിരുദങ്ങളും നേടിയിട്ടുണ്ട്. ഓറോ -ഫേഷ്യൽ വിദഗ്ധയായ ഡോക്ടർ ഈ മേഖലയിൽ നിരവധി ഗവേഷണങ്ങൾ നടത്തുകയും പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

രോഗികൾക്ക് നൽകാനായി കൊണ്ടുവന്ന ആദ്യ വാക്സീനുകളിലെ ബാക്കിയായ മരുന്ന് ആശുപത്രികളിൽ സേവനമനുഷ്ഠിക്കുന്ന ആരോഗ്യ പ്രവർത്തകർക്കുകൂടി നൽകാൻ അധികൃതർ തീരുമാനിച്ചതാണ് ശ്രീദേവി ഉൾപ്പെടെയുള്ളവർക്ക് വാക്സിൻ ലഭിക്കാൻ വഴി തുറന്നത്. വാക്സീൻ സ്വീകരിച്ചതിനുശേഷം പ്രത്യേകിച്ച് ആരോഗ്യ പ്രശ്നങ്ങളൊന്നുംതന്നെ അനുഭവപ്പെടുന്നില്ലെന്ന് ഡോക്ടർ പറയുന്നു. ഡിസംബർ മുപ്പത്തിയൊന്നിന് രണ്ടാമത്തെ ഡോസുകൂടി എടുക്കുന്നതോടെ പ്രതിരോധം പൂർണമാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.