സ്വന്തം ലേഖകൻ: നിര്‍മാണ മേഖലയിലെ തൊഴിലാളി ക്ഷാമം പരിഗണിച്ചു വിദേശ വിദഗ്ധ തൊഴിലാളികളെ തേടി യുകെ. കല്‍പ്പണിക്കാര്‍, മരപ്പണിക്കാര്‍, റൂഫേഴ്സ്, തേപ്പുകാര്‍ ഉള്‍പ്പെടെയുള്ളവരെ ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റില്‍ പെടുത്തി. ഇതോടെ വീസാ ഇളവുകളുടെ സഹായത്തോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശ ജോലിക്കാര്‍ക്ക് ബ്രിട്ടനിലെ കണ്‍സ്ട്രക്ഷന്‍ മേഖലയിലേക്ക് അനായാസം എത്താന്‍ സാധിക്കും. വിദേശത്ത് നിന്നും ജോലിക്കാരെ റിക്രൂട്ട് ചെയ്യാന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ക്ക് അനുമതി നല്‍കിയാണ് ഹോം ഓഫീസ് ഇത്തരം ജോലിക്കാര്‍ക്ക് നിയമങ്ങളില്‍ ഇളവ് അനുവദിച്ചത്.
കല്‍പ്പണിക്കാര്‍, റൂഫേഴ്‌സ്, ടൈല്‍ ജോലിക്കാര്‍, മരപ്പണിക്കാര്‍, ജോയ്‌നേഴ്‌സ്, പ്ലാസ്റ്ററേഴ്‌സ് തുടങ്ങിയ ജോലികളെയാണ് ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റില്‍ പെടുത്തിയത്. രാജ്യത്തിന് ഏറെ ആവശ്യമുള്ള യോഗ്യതകളുള്ള ജോലിക്കാര്‍ക്ക് യുകെയിലേക്ക് വരാന്‍ സാധാരണയായി നല്‍കേണ്ട ചെലവുകള്‍ ആവശ്യം വരില്ല. എന്നുമാത്രമല്ല വീസാ ആപ്ലിക്കേഷന്‍ ഫീസില്‍ ഡിസ്‌കൗണ്ടും ലഭ്യമാകും.
മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് സമ്പദ് വ്യവസ്ഥയെ ഊര്‍ജ്ജസ്വലമാക്കാനും, പ്രധാന ബില്‍ഡിംഗ് പ്രൊജക്ടുകളുടെ പൂര്‍ത്തീകരണത്തിന് സഹായിക്കാനുമാണ് ഹോം ഓഫീസ് ഈ നീക്കങ്ങള്‍ നടത്തുന്നത്. കണ്‍സ്ട്രക്ഷന്‍ മേഖലയിലെ ക്ഷാമം പരിഹരിക്കാന്‍ ഈ മാറ്റം അനിവാര്യമാണെന്ന് ബില്‍ഡ് യുകെ ചീഫ് എക്‌സിക്യൂട്ടീവ് സൂസന്നാ നിക്കോള്‍ പ്രതികരിച്ചു.
ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റില്‍ പെടുത്തിയതോടെ സ്‌കൂളുകള്‍, വീടുകള്‍, ആശുപത്രികള്‍ ഉള്‍പ്പെടെ ആവശ്യമായ ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനം സാധ്യമാക്കാന്‍ കഴിയുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. യുകെ സ്‌പോണ്‍സറുടെ ജോബ് ഓഫര്‍ ലഭ്യമായാല്‍ ചെലവ് കുറഞ്ഞ വീസ ഇവര്‍ക്ക് ലഭിക്കും. പ്രതിവര്‍ഷം 21,000 പൗണ്ടില്‍ താഴെയായിരിക്കും ഈ ജോലിക്കാര്‍ക്ക് ലഭിക്കുന്ന വരുമാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല