1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 31, 2023

സ്വന്തം ലേഖകൻ: കുടിയേറ്റക്കാർക്ക് എതിരെ വാളും പരിചയം എടുത്ത് മുറവിളി കൂട്ടുന്ന യുകെ ഹോം സെക്രട്ടറി, രാജ്യത്തെ കുടിയേറ്റക്കാരുടെ എണ്ണം കുത്തനെ കുറയ്ക്കാൻ പുതിയ പദ്ധതികൾ പ്രഖ്യാപിക്കാൻ ഒരുങ്ങുന്നു. വിദേശ കുടിയേറ്റക്കാരുടെ വരവ് വെട്ടിക്കുറയ്ക്കാനുള്ള ശ്രമത്തിൽ സ്‌കിൽഡ് വർക്കർ അഥവാ വിദഗ്ധ കുടിയേറ്റ തൊഴിലാളികളുടെ ശമ്പള പരിധി വർദ്ധിപ്പിക്കാനാണ് ഇന്ത്യൻ വംശജ കൂടിയായ സുയെല്ല ബ്രാവർമാൻ പദ്ധതിയിടുന്നത്.

വീസ ഇഷ്യൂ ചെയ്യുന്നതിനുമുമ്പ് സ്‌കിൽഡ് വർക്കർ വീസയിലെ ജോബ് സ്‌പോൺസറുടെ ഓഫർ ശമ്പളം നിലവിലെ 26,200 പൗണ്ടിൽ നിന്ന് ഉയർത്തണമെന്ന് ആഭ്യന്തര സെക്രട്ടറി ആവശ്യപ്പെടുന്നു. ഇതനുസരിച്ച് സ്‌കിൽഡ് വർക്കർ വീസയുടെ ഓഫർ ശമ്പളപരിധി 34,500 പൗണ്ടുവരെയായി വർധിപ്പിച്ചേക്കും. അടുത്ത മാസം ഔദ്യോഗിക ഇമിഗ്രേഷൻ കണക്കുകൾ പുറത്തുവരുന്നതിന് മുമ്പ് പ്രഖ്യാപനം വന്നേക്കും .

നിലവിലെ കുടിയേറ്റക്കാരുടെ ആകെ സംഖ്യ വളരെ കൂടുതലാണെന്ന് പ്രധാനമന്ത്രി അംഗീകരിക്കുന്നു. പ്രധാനമന്ത്രി ഋഷി സുനക്കിന്റെ കൂടി നിർദ്ദേശപ്രകാരമാണ് വർദ്ധനവ് പരിഗണിക്കുന്നതെന്ന് ഹോം ഓഫീസ് വൃത്തങ്ങൾ വ്യക്തമാക്കി. മെയ് മാസത്തിലെ കണക്കനുസരിച്ച് മൊത്തം കുടിയേറ്റം 606,000 ആയി ഉയർന്നു. പ്രത്യേക പദ്ധതികൾക്ക് കീഴിൽ ഉക്രെയ്നിൽ നിന്നും ഹോങ്കോങ്ങിൽ നിന്നുമുള്ളവരുടെ വരവാണ് കുടിയേറ്റ സംഖ്യ കുത്തനെ ഉയർത്തിയത്.

സോഷ്യല്‍ കെയര്‍ പോലുള്ള മേഖലകളിലെക്ക് സ്‌കില്‍ഡ് വര്‍ക്കേഴ്‌സിനുള്ള വീസാ ഫീസ് അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇരട്ടിയാക്കാനാണ് തീരുമാനം. ആ വിധത്തിൽ സോഷ്യൽ കെയർ മേഖലയിലേക്കുള്ള വിദേശ ജോലിക്കാരുടെ കുടിയേറ്റം നല്ലരീതിയിൽ തടയാം എന്നും ഹോം ഓഫീസ് കണക്കുകൂട്ടുന്നു. നിലവില്‍ പ്രതിവര്‍ഷം ശരാശരി 1,20,000 പേരാണ് ഈ റൂട്ടിലൂടെയെത്തുന്നത്.

സീസൺ സ്റ്റാഫുകൾ ഉൾപ്പെടെയുള്ള അവിദഗ്ധ തൊഴിലാളികളുടെ ആശ്രിതർ സ്ഥിരതാമസമാക്കുന്നതിൽ നിന്ന് തടയുന്നതും പരിഗണനയിലുണ്ട്. അതുപോലെ ഒട്ടുമിക്ക വിദേശ വിദ്യാർത്ഥികളെയും അവരുടെ ആശ്രിതരെ കൊണ്ടുവരുന്നതിൽ നിന്ന് ഇതിനകം തന്നെ ബ്രാവർമാൻ വിലക്കിയിട്ടുണ്ട്. സ്റ്റഡി വീസയിൽ നിന്നും വർക്കർ വീസയിലേക്ക് മാറാനുള്ള നിയമാനുമതിയും ഇല്ലാതാക്കി. ഇതൊക്കെ കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുന്നതിന് കാര്യമായി സഹായിച്ചിട്ടുണ്ട്.

ഇതിനൊക്കെ പുറമേയാണ് ഇപ്പോൾ കൂടുതൽ കർശനമായ പുതിയ നടപടികളുമായി ഹോം ഓഫീസും സുയെല്ലയും രംഗത്തെത്തുന്നത്. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെയും ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിലെയും വിദഗ്ധർ പ്രവചിക്കുന്നത് , ഈ ദശാബ്ദത്തിന്റെ അവസാനം വരെ,   ബ്രെക്‌സിറ്റിന് മുമ്പുള്ള തലത്തേക്കാൾ 250,000 നും 350,000 നും ഇടയിൽ അധിക കുടിയേറ്റം ഉണ്ടാകുമെന്നാണ്.

സോഷ്യൽ കെയർ മേഖലയിൽ, കുടിയേറ്റക്കാരുടെ എണ്ണം നിയന്ത്രിക്കുന്നത് മലയാളികൾ ഉൾപ്പെടെ യുകെയിലേക്ക് ജോലിക്കായി വരുവാൻ തയ്യാറെടുക്കുന്ന ഇന്ത്യൻ നഴ്സുമാർക്ക് തിരിച്ചടിയാകും. പ്രത്യേകിച്ച് നിലവിലെ പോയിൻറ് ബേസ്ഡ് സിസ്റ്റത്തിലൂടെ യുകെയിൽ രജിസ്ട്രേഷൻ നടത്തുവാൻ കഴിയാത്തവർക്ക്.

കെയറർ വീസയിൽ യുകെയിലെത്തുന്ന സ്റ്റാഫ് നേഴ്സുമാരുടെ എണ്ണത്തിലും കാര്യമായ കുറവ് വരുംവർഷങ്ങളിൽ വന്നേക്കാം. എങ്കിലും ഒട്ടുമിക്ക എൻഎച്ച്എസ് ആശുപത്രികളും ഇതര ആരോഗ്യ സ്ഥാപനങ്ങളും ഇപ്പോഴും നേഴ്സുമാരുടെ കുറവ് കാര്യമായി നേരിടുന്നതിനാൽ ഈ രംഗത്തെ നിരോധനം ആരോഗ്യമേഖലയെ ഇനിയും കൂടുതൽ പ്രതിസന്ധിയിലാക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.