സ്വന്തം ലേഖകൻ: യുകെയിൽ വിദഗ്ധ തൊഴിലാളികൾക്കുള്ള വീസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള ശമ്പളപരിധി ഉയർത്തി ഉത്തരവിറങ്ങി. ഇതനുസരിച്ച് 38,700 പൗണ്ട് (40 ലക്ഷത്തോളം രൂപ) വാർഷിക ശമ്പളമുള്ളവർക്കേ ഇത്തരം വീസയ്ക്ക് അപേക്ഷിക്കാനാവൂ. നിലവിൽ ഇത് 26,200 പൗണ്ട് ആയിരുന്നു. 48% വർധന. ഇന്ത്യക്കാരടക്കം കഴിഞ്ഞ വർഷം ബ്രിട്ടനിലെത്തിയ 3 ലക്ഷത്തോളം പേർക്ക് ഇതു ദോഷമാകും.
കുടിയേറ്റം നിയന്ത്രിക്കുന്നതിനും തൊഴിലാളികൾക്ക് ജീവിതച്ചെലവിനുള്ള തുക ഉറപ്പാക്കുന്നതിനുമാണ് ഈ വർധന നടപ്പിൽ വരുത്തുന്നതെന്ന് യുകെ ഹോം ഓഫിസ് അറിയിച്ചു. കുറഞ്ഞ തുകയ്ക്ക് വിദേശത്തു നിന്നുള്ളവരെ തൊഴിലിനു നിയോഗിക്കാൻ ഇനി കമ്പനികൾക്കാവില്ല. ബ്രിട്ടനിലുള്ളവർക്കു നൽകുന്ന അതേ തുക തന്നെ വിദേശ തൊഴിലാളികൾക്കും നൽകേണ്ടിവരും.
തദ്ദേശീയർ ആവശ്യത്തിനുള്ള മേഖലകളിൽ അവരെ പരിശീലിപ്പിച്ച് ജോലിക്കെടുത്തശേഷമേ ഇനി വിദേശ വിദഗ്ധ തൊളിലാളികളെ നിയോഗിക്കാനാവൂ. ആവശ്യമായ മേഖലകളിൽ മാത്രം നിപുണരായ വിദേശികളുടെ സേവനം പ്രയോജനപ്പെടുത്താം. കുടുംബ വീസയിൽ ആശ്രിതരെ കൊണ്ടുവരുന്നതിനും നിയന്ത്രണം വരും. ഈ മാസം 11 മുതൽ 29,000 പൗണ്ട് (30 ലക്ഷത്തോളം രൂപ) വരുമാനമുള്ളവർക്കേ ആശ്രിതരെ കൊണ്ടുവരാനാവൂ. അടുത്ത വർഷം ഇത് 38,700 പൗണ്ടായി ഉയരും.
നിലവിൽ 18,600 പൗണ്ടായിരുന്നു. വിദ്യാർഥി വീസയിലെത്തുന്നവർക്കും കെയർ വർക്കർമാർക്കും ആശ്രിതരെ കൊണ്ടുവരുന്നതിനു കഴിഞ്ഞ മാസം നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വിദഗ്ധ തൊഴിൽ, ആരോഗ്യ മേഖലകളിൽ പ്രധാനമായും ജോലി ചെയ്യുന്ന ഇന്ത്യക്കാരെയാണ് പുതിയ നിബന്ധനകൾ കൂടുതൽ ബാധിക്കുക. കഴിഞ്ഞ വർഷം ഈ മേഖലയിലെ ഇന്ത്യക്കാരുടെ എണ്ണത്തിൽ മുൻ വർഷത്തെക്കാൾ 11% കുറവുണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല