സ്വന്തം ലേഖകൻ: എന്‍എച്ച്എസ് സേവനങ്ങളെ ഇപ്പോഴത്തെ പ്രതിസന്ധിയില്‍ എത്തിച്ചത് കഴിഞ്ഞ 30 വര്‍ഷക്കാലത്തെ ജനറല്‍ പ്രാക്ടീസിലും, സോഷ്യല്‍ കെയറിലും കൃത്യമായി നിക്ഷേപങ്ങള്‍ നടത്തുന്നതില്‍ വന്ന വീഴ്ചകളെന്ന് റിപ്പോര്‍ട്ട്. മൂന്ന് ദശകമായി നയങ്ങളിലെ വമ്പന്‍ മണ്ടത്തരങ്ങളാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്നാണ് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നത്.
ഇംഗ്ലണ്ടിലെ ഹെല്‍ത്ത്, കെയര്‍ സിസ്റ്റം ആശുപത്രികളില്‍ നിന്നും മാറിനിന്ന് കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കുകയാണ് വേണ്ടതെന്ന് കിംഗ്‌സ് ഫണ്ട് കൂട്ടിച്ചേര്‍ത്തു. പ്രൈമറി, കമ്മ്യൂണിറ്റി സര്‍വ്വീസുകള്‍ പ്രാമുഖ്യം നല്‍കി വേണം നയങ്ങള്‍ തീരുമാനിക്കാനെന്ന് ഇവരുടെ റിപ്പോര്‍ട്ട് വാദിക്കുന്നു.
എന്‍എച്ച്എസുമായി രോഗികള്‍ കൂടുതല്‍ അടുത്ത് വരുന്നത് ജിപിമാര്‍, ഫാര്‍മസിസ്റ്റുകള്‍, ഡിസ്ട്രിക്ട് നഴ്‌സുമാര്‍ എന്നിവരിലൂടെയാണ്. എന്നാല്‍ നികുതിദായകരുടെ പണവും, ജീവനക്കാരെയും ആനുപാതികമല്ലാത്ത രീതിയില്‍ ആശുപത്രികളിലേക്ക് വഴിതിരിച്ച് വിടുകയാണ് ചെയ്യുന്നത്. ഇത് കെടുകാര്യസ്ഥതയ്ക്കും, കാലതാമസങ്ങള്‍ക്കും ഇടയാക്കുന്നു, റിപ്പോര്‍ട്ട് പറയുന്നു.
പരിചരണം വീടിന് അരികിലേക്ക് എത്തിക്കുകയാണ് ഏറ്റവും നല്ല നീക്കമെന്ന് കിംഗ്‌സ് ഫണ്ട് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. തിക്കും തിരക്കുമുള്ള ആശുപത്രികള്‍ക്ക് മറുപടി കൂടുതല്‍ ആശുപത്രികളല്ല. ജിപിയുടെ അപ്പോയിന്റ്‌മെന്റ് ലഭിക്കാന്‍ ബുദ്ധിമുട്ടുന്ന രോഗികള്‍ അവരുടെ അവസ്ഥ മോശമാകുകയും, സമ്മര്‍ദത്തിലായ എ&ഇയില്‍ നിന്നും അടിയന്തര സഹായം തേടേണ്ട അവസ്ഥയും വരുന്നുവെന്നാണ് മുന്നറിയിപ്പ്.
നിലവില്‍ ഓരോ ദിവസവും എന്‍എച്ച്എസില്‍ 876,164 ജിപി അപ്പോയിന്റ്‌മെന്റുകളാണ് നല്‍കുന്നത്. 2018/19-ല്‍ നിന്നും 34,219 എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ ഡിമാന്‍ഡ് വര്‍ദ്ധിക്കുന്നതിനൊപ്പം പ്രൈമറി കെയറില്‍ പണം നല്‍കുമെന്ന വാഗ്ദാനം ലംഘിക്കപ്പെടുകയാണ്. 2016/16-ല്‍ 8.9 ശതമാനം ചെലഴിച്ച ഇടത്ത് 2021/22 എത്തുമ്പോള്‍ 8.1 ശതമാനമായി ചുരുങ്ങുകയാണ് ചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല