ലണ്ടന്‍:ലോകത്തിലെ ദരിദ്രരാജ്യങ്ങളെ സഹായിക്കാനായി ബ്രട്ടീഷ്‌സര്‍ക്കാര്‍ നല്കുന്ന സഹായംകൈപ്പറ്റുന്നവരില്‍ ചൈനയും റഷ്യയും ബ്രസീലും ഐസ്‌ലന്റും ബാര്‍ബഡോസും ഉള്‍പ്പെടെ സമ്പന്നരാജ്യങ്ങള്‍. സര്‍ക്കാര്‍ നേരിട്ടുനല്കുന്നതല്ലെങ്കിലും സഹായം മറ്റൊരു മാര്‍ഗത്തിലൂടെ അനര്‍ഹരിലേക്ക് എത്തുകയാണെന്നാണ് വിമര്‍ശനം. അത്യാവശ്യക്കാര്‍ക്കുമാത്രമേ നല്കൂവെന്ന പ്രതിജ്ഞയോടെ തയ്യാറാക്കിയിരിക്കുന്നതാണ് ഈ ഫണ്ടുകള്‍ എന്നത് വിമര്‍ശനത്തിന് ആക്കംകൂട്ടുന്നു. ടര്‍ക്കിയിലെ ഒരു ടെലിവിഷന്‍ ചാനലിനും ഐസ്‌ലന്റ് നാഷണല്‍ പാര്‍ക്കിലെ ടൂറിസംവികസനപദ്ധതിക്കും ബാര്‍ബഡോസിലെ ഹോട്ടല്‍വെയിറ്റര്‍മാരെ പരിശീലിപ്പിക്കുന്ന കേന്ദ്രത്തിനുമെല്ലാം ഇത്തരത്തില്‍ സഹായം ലഭിക്കുന്നുണ്ടെന്നാണ് വെളിപ്പെടുത്തല്‍. പദ്ധതിയിലെ കെടുകാരസ്ഥതയെക്കുറിച്ച് എംപിമാര്‍ ഉള്‍പ്പെടെ രൂക്ഷവിമര്‍ശനം ഉന്നയിച്ചതോടെ സാമ്പത്തിക സഹായത്തിനുള്ള മാനദണ്ഡങ്ങള്‍ പുനഃക്രമീകരിക്കാനുള്ള സമ്മര്‍ദ്ദത്തിലാണ് സര്‍ക്കാര്‍. ചെലവുചുരുക്കലിന്റെ ഭാഗമായി എന്‍എച്ച്എസ് സേവനങ്ങള്‍വരെ ഒരുവശത്ത് വെട്ടിക്കുറച്ചുകൊണ്ടിരിക്കുമ്പോഴാണ് മറുവശത്ത് അനാവശ്യമായി ഇത്തരത്തില്‍ പണം ദാനംചെയ്യുന്നതെന്നാണ് ഇക്കാര്യത്തിലുള്ള വിമര്‍ശകരുടെ നിലപാട്.
കഴിഞ്ഞയാഴ്ച സണ്ടേ ടെലിഗ്രാഫ് പുറത്തുവിട്ട വാര്‍ത്തയാണ് ഇപ്പോള്‍ വിവാദത്തിന്റെ അടിസ്ഥാനം. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്റര്‍നാഷണല്‍ ഡവലപ്‌മെന്റിന് അനുവദിച്ച തുകയുടെ ആറുശതമാനം യൂറോപ്യന്‍ യൂണിയന്റെ സഹായപരിപാടികളിലേക്ക് മാറ്റുകയാണെന്ന് പത്രം കണ്ടെത്തിയിരുന്നു. യൂറോപ്യന്‍ യൂണിയന്‍ നല്കുന്ന 10 ബില്യന്‍ പൗണ്ടിന്റെ സാമ്പത്തികസഹായത്തില്‍ പകുതിയും ഉന്നതവരുമാനമുള്ള രാജ്യങ്ങളിലേക്കാണ് പോകുന്നത്. ഇത്തരം രാജ്യങ്ങളെ സഹായിക്കേണ്ട ആവശ്യമില്ലെന്ന നിലപാട് ബ്രിട്ടന്‍ എടുക്കുന്നുവെങ്കിലും സാമ്പത്തികസഹായം ആ വഴിയിലേക്കാണ് പോകുന്നത്. ചൈനയിലെ 22 പദ്ധതികള്‍ക്കായി യൂറോപ്യന്‍യൂണിയന്‍ 30 മില്യന്‍ ഡോളറാണ് വാഗ്ദാനംചെയ്തിരുന്നത്. ചൈനയ്ക്ക് സഹായം നല്‌കേണ്ടെന്ന നിലപാടിലാണ് ബ്രട്ടീഷ് സര്‍ക്കാരെങ്കിലും പണം നിര്‍ബാധം ബെയ്ജിംഗിലേക്ക് ഒഴുകുകയാണ്. 100ലധികം ശതകോടീശ്വരന്മാരുള്ള റഷ്യയിലേക്ക് 40 മില്യന്‍ ഡോളറിന്റെ സഹായമാണ് എത്തുന്നത്. സെന്റ്പീറ്റേഴ്‌സ് ബര്‍ഗിലെ 240000 പൗണ്ടിന്റെ പദ്ധതി ഉള്‍പ്പെടെയാണിത്. ഏതായാലും പറ്റിയതുപറ്റി. അടുത്തവര്‍ഷം മുതല്‍ ദരിദ്രരാജ്യങ്ങള്‍ക്കുമാത്രം സഹായംനല്കിയാല്‍ മതിയെന്ന തീരുമാനത്തിലാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്റര്‍നാഷണല്‍ ഡവലപ്‌മെന്റ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല