സ്വന്തം ലേഖകൻ: ആന്റണി കൊടുങ്കാറ്റിന് പിന്നാലെ ബെറ്റി കൊടുകാറ്റും ബ്രിട്ടനിലേക്ക്. അടുത്തയാഴ്ച നോർത്തേൺ ഇംഗ്ലണ്ടിലും അയർലൻഡിലും നോർത്ത് വെയിൽസിലും സ്കോട്ട്ലൻഡിന്റെ മിക്ക ഭാഗങ്ങളിലും ആഞ്ഞടിക്കുന്ന ബെറ്റി കൊടുങ്കാറ്റ് വേനൽ ചൂടിന് ശമനമുണ്ടാക്കുമെന്നാണ് പ്രതീക്ഷ.
അതേസമയം, വേനൽകാലത്ത് തണുപ്പ് പകരുന്നതിന് പുറമെ ആന്റണി കൊടുങ്കാറ്റ് പലയിടങ്ങളിലും നാശനഷ്ടം വിതച്ചിരുന്നു. മണിക്കൂറിൽ 57 മൈൽ വേഗത്തിൽ വരെ ആഞ്ഞടിച്ചത് കാരണം വെയിൽസിലും സ്കോട്ട്ലൻഡിലും കനത്ത നഷ്ടമാണ് രേഖപ്പെടുത്തിയത്. ഇതിനു പിന്നാലെയാണ് അതിലേറെ വേഗതയും ശക്തമായ മഴയും പ്രവചിക്കുന്ന ബെറ്റിയുടെ വരവ്.
2015നുശേഷം ഇതു രണ്ടാംവട്ടമാണ് സ്വന്തം പേരിൽ അറിയപ്പെടുന്ന രണ്ടു കൊടുങ്കാറ്റുകൾ ഓഗസ്റ്റിൽ ബ്രിട്ടനെ വേട്ടയാടുന്നത്. 2020ൽ എലൻ കൊടുങ്കാറ്റും ഫ്രാൻസിസ് കൊടുങ്കാറ്റും ബ്രിട്ടണിൽ വൻ നാശംവിതച്ചാണ് കടന്നുപോയത്. രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം സെൻട്രൽ സ്കോട്ട്ലൻഡ്, സൌത്ത് വെസ്റ്റ് സ്കോട്ട്ലൻഡ്, നോർത്തേൺ അയർലൻഡ്, നോർത്ത് വെയിൽസ്, കോൺവാൾ എന്നിവിടങ്ങളിൽ 60 മൈൽ സ്പീഡിലുള്ള കാറ്റും ശക്തമായ മഴയുമാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ഇവിടെയെല്ലാം റോഡ്, റെയിൽ ഗതാഗതവും തടസപ്പെടുമെന്ന് മുന്നറിയിപ്പുണ്ട്. കഴിഞ്ഞവർഷം റെക്കോർഡ് ചൂട് സമ്മാനിച്ചാണ് ജൂലൈ, ഓഗസ്റ്റ് മാസങ്ങൾ ബ്രിട്ടനെ വിഴുങ്ങിയത്. 40 ഡിഗ്രി സെൽഷ്യസ് വരെയെത്തിയ കൊടും ചൂടിൽ ബ്രിട്ടൺ വെന്തുരുകി. സമാനമായ വേനൽക്കാലം പ്രതീക്ഷിച്ചായിരുന്നു ഇക്കുറിയും എല്ലാവരുടെയും ഒരുക്കങ്ങൾ.
വീടുകളിൽ എയർ കണ്ടീഷണറുകൾ പിടിപ്പിച്ചും കൂളറുകളും ഫാനും മുൻകൂട്ടി വാങ്ങി സൂക്ഷിച്ചും വേനലിനെ വരവേൽക്കാൻ കാത്തിരുന്നവർക്ക് ജൂലൈയും ഓഗസ്റ്റും സമ്മാനിച്ചത് തരതമ്യേന തണുത്ത കാലാവസ്ഥ. ഒരിക്കൽ പോലും വേനൽച്ചൂട് മുപ്പതു ഡിഗ്രി സെൽഷ്യനു മുകളിലേക്ക് ഉയർന്നില്ല എന്നതും കാലാവസ്ഥാ മാറ്റത്തിൻ്റെ സൂചനയായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല