സ്വന്തം ലേഖകൻ: ലണ്ടനില്‍ താണ്ഡവമായി സിയാറന്‍ കൊടുങ്കാറ്റ്. മണിക്കൂറില്‍ 104 മൈല്‍ വേഗതയില്‍ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റില്‍ ജനജീവിതം തന്നെ സ്തംഭിച്ചിരിക്കുകയാണ്. കൊടുങ്കാറ്റില്‍ ഇവിടെയുള്ള ആയിരക്കണക്കിന് വീടുകളിലാണ് വൈദ്യുതി വിച്ഛേദിക്കപ്പെട്ടത്.
സിയാറന്‍ കൊടുങ്കാറ്റ് നാശങ്ങള് വിതച്ചത് തെക്കന്‍ ഇംഗ്ലണ്ടിലെ ഡെവണ്‍, കോണ്‍വാള്‍, സസെക്സ്, സറെ തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പടെ വിവിധ പ്രദേശങ്ങളിലാണ്. അതിരൂക്ഷമായ സാഹചര്യം നിലനില്‍ക്കുന്ന സാഹചര്യമായതിനാല്‍ തന്നെ ഇവിടങ്ങളില്‍ മൂന്നൂറിലധികം സ്കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്.
കൊടുങ്കാറ്റിനൊപ്പം കനത്ത വെള്ളപ്പൊക്കവും ഉള്ളതിനാല്‍ റെയില്‍ ഗതാഗതം പലയിടത്തും നിറുത്തി വെച്ചു. പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീഴുന്ന സാഹചര്യമാണ്. അതിനാല്‍ തന്നെ പല പ്രദേശങ്ങളില്‍ നിന്നും വീടുകളില്‍ നിന്നും ആളുകളെ കുടിയൊഴിപ്പിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് അപകട സാധ്യത ഉള്ളതിനാൽ തെക്കന്‍ ഇംഗ്ലണ്ടിലെ സ്കൂളുകള്‍ അടച്ചു പൂട്ടിരിക്കുകയാണ്.
ഇന്ന് അര്‍ധരാത്രി വരെ കാറ്റിനും മഴയ്ക്കും സാധ്യത ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. മോശം കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഹള്‍ മുതല്‍ അബര്ഡീന് വരെയുള്ള ഭാഗങ്ങളില്‍ നാളെ രാവിലെ 6 മണി വരെ മഴ ഉണ്ടാകുമെന്നും മുന്നറിയിപ്പ് ഉണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല