സ്വന്തം ലേഖകൻ: യുകെയിൽ ഇന്ന് ഗെറിറ്റ് കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രമായ മെറ്റ് ഓഫിസ് മുന്നറിയിപ്പ് നൽകി. ചിലയിടങ്ങളിൽ കാറ്റിന് ഒപ്പം കനത്ത മഴയും മഞ്ഞും പെയ്യുമെന്നാണ് മുന്നറിയിപ്പ്. ഇതേ തുടർന്ന് വാഹന യാത്രക്കാർക്ക് പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുകെയിൽ മിക്കയിടങ്ങളിലും ‘യെല്ലോ അലർട്ട്’ മുന്നറിയിപ്പ് മെറ്റ് ഓഫിസ് കഴിഞ്ഞ ദിവസങ്ങളിൽ നൽകിയിരുന്നു.
ഒരാഴ്‌ചയ്‌ക്കിടെ ആഞ്ഞടിക്കുന്ന രണ്ടാമത്തെ കൊടുങ്കാറ്റിന്റെ ആശങ്കയിലാണ് ഇപ്പോൾ യുകെ. കൊടുങ്കാറ്റ് സീസണിലെ ഏഴാമത്തെ കൊടുങ്കാറ്റാണ് ഗെറിറ്റ്. ഇന്ന് പുലർച്ചെ പടിഞ്ഞാറ് ഭാഗത്ത് നിന്നാകും യുകെയിൽ കൊടുങ്കാറ്റ് വീശുന്നത് എന്നാണ് മെറ്റ് ഓഫിസ് പ്രവചനം. ഇത് പിന്നീട് ദിവസം മുഴുവൻ രാജ്യത്തുടനീളം ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
ക്രിസ്മസ് ആഘോഷങ്ങൾ കഴിഞ്ഞ് ആളുകൾ വീടുകളിലേക്ക് മടങ്ങുന്ന ദിവസങ്ങളിൽ ഒന്നായതിനാൽ റോഡുകളിൽ തിരക്കേറുമെന്നാണ് പ്രതീക്ഷ. ഇത് വലിയരീതിയിലുള്ള ഗതാഗതക്കുരുക്ക്, യാത്രാതടസ്സങ്ങൾ എന്നിവയ്ക്ക് കാരണമാകും. ഡ്രൈവർമാർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.
ഇന്ന് റോഡുകളിൽ യാത്ര ചെയ്യുന്നവരോട് മുന്നിലുള്ള വാഹനത്തിന് പിന്നിൽ നല്ല അകലം പാലിച്ചു വേണം വാഹനം ഓടിക്കേണ്ടതെന്ന് നിർദ്ദേശമുണ്ട്. റോഡുകൾ നനഞ്ഞിരിക്കുന്നത് മൂലം വാഹനങ്ങൾ ബ്രേക്കിട്ടാലും മുന്നിലേക്ക് നീങ്ങിയാകും നിൽക്കുക. അതുപോലെ തുറന്ന സ്ഥലങ്ങളിലൂടെ പോകുമ്പോൾ ശക്തമായ കാറ്റ് പെട്ടെന്ന് വാഹനങ്ങളിൽ ഇടിക്കുമെന്ന് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകുന്നു. ഇത് വാഹനങ്ങൾ മറിയാനോ നിയന്ത്രണം വിടാനോ കാരണമായേക്കും. കഴിവതും വേഗത കുറച്ച് പോകുന്നതാകും നല്ലത് എന്നാണ് നിർദ്ദേശം.
ഇംഗ്ലണ്ടിന്റെ തെക്കൻ തീരങ്ങളിലും വടക്ക്-പടിഞ്ഞാറൻ ഇംഗ്ലണ്ടിലും വെയിൽസിലും സ്കോട്‌ലൻഡിന്റെ ഭൂരിഭാഗവും നോർത്തേൺ അയർലൻഡിലും കാറ്റിന്റെ ഏറ്റവും പുതിയ യെല്ലോ അലർട്ട് മുന്നറിയിപ്പുകൾ നിലവിലുണ്ട്. ഇവിടങ്ങളിൽ മണിക്കൂറിൽ 50-60 മൈൽ വേഗതയിൽ കാറ്റ് പ്രതീക്ഷിക്കാമെന്ന് മെറ്റ് ഓഫിസ് അറിയിച്ചു.
ഉയർന്ന പ്രദേശങ്ങളിലും തുറന്ന തീരങ്ങളിലും മണിക്കൂറിൽ 70 മൈൽ വരെ വേഗത്തിൽ കാറ്റുവീശാം. യുകെയുടെ മധ്യഭാഗ പ്രദേശങ്ങളെ മാത്രമാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പിൽ നിന്നും ഒഴിവാക്കിയിട്ടുള്ളത്. ചില പ്രദേശങ്ങളിൽ കനത്ത മഴ ഉണ്ടാകാനുള്ള സാധ്യത മെറ്റ് ഓഫിസ് പ്രവചിക്കുന്നുണ്ട്. വടക്കൻ അയർലൻഡിന്റെ ചില ഭാഗങ്ങളിൽ 60 മില്ലീമീറ്ററും വെയിൽസിലെ ഉയർന്ന പ്രദേശങ്ങളിൽ 90 മില്ലീമീറ്ററും മഴ പെയ്തേക്കാം എന്നാണ് പ്രവചനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല