1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 20, 2024

സ്വന്തം ലേഖകൻ: യുകെയിലെ ജനജീവിതം താറുമാറാക്കാന്‍ അടുത്ത തീവ്ര കൊടുങ്കാറ്റ് വരുന്നു. മെറ്റ് ഓഫീസ് ഇഷയെന്ന് പേരിട്ട കൊടുങ്കാറ്റ് വിനാശകാരിയായ 80 മൈല്‍ വരെ വേഗത്തിലുള്ള കാറ്റാണ് രാജ്യത്തിന് സമ്മാനിക്കുക. നോര്‍ത്ത് അമേരിക്കയില്‍ നിന്നും മാറി രൂപപ്പെടുന്ന ഇഷാ കൊടുങ്കാറ്റ് യുകെയിലേക്ക് നീങ്ങുന്ന ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ഇതോടൊപ്പം പുറത്തുവന്നിട്ടുണ്ട്.

യുകെയില്‍ ഞായറാഴ്ച ഉച്ച മുതല്‍ തിങ്കളാഴ്ച ഉച്ച വരെ 24 മണിക്കൂര്‍ നീളുന്ന കാറ്റിനുള്ള മഞ്ഞ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ് മെറ്റ് ഓഫീസ്. ഞായറാഴ്ച മുതല്‍ തിങ്കളാഴ്ച വരെ നാല് ഇഞ്ച് വരെ മഴയ്ക്കും സാധ്യത കല്‍പ്പിക്കുന്നു. ഇതോടെയാണ് 24 മണിക്കൂര്‍ നീളുന്ന മഞ്ഞ ജാഗ്രത പുറപ്പെടുവിച്ചിരിക്കുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 വരെയാണ് മുന്നറിയിപ്പ് നിലവിലുള്ളത്.

വ്യാപകമായ യാത്രാ ദുരിതങ്ങള്‍ നേരിടുമെന്ന് ആശങ്കയുണ്ട്. കാറ്റ് ജീവന് അപകടകരമാകുമെന്നാണ് മുന്നറിയിപ്പ്. മൊബൈല്‍ ഫോണുകള്‍ പ്രവര്‍ത്തനരഹിതമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. പാര്‍ക്കുകള്‍, ഫുഡ് മാര്‍ക്കറ്റ്, ഗോള്‍ഫ് കോഴ്‌സുകള്‍ എന്നിവയെല്ലാം അടച്ചിടുകയും ചെയ്തിട്ടുണ്ട്, നാല് ഇഞ്ച് വരെ മഴയ്ക്കാണ് ഞായറാഴ്ച സാധ്യത പറയുന്നത്. ഇതോടെ പവര്‍കട്ടും വ്യാപകമാകും.

കാലാവസ്ഥാ നിരീക്ഷകര്‍ രണ്ട് ആംബര്‍ മുന്നറിയിപ്പുകളും നല്‍കിയിട്ടുണ്ട്. സസെക്‌സിലെയും, കെന്റിലെയും ചില ഭാഗങ്ങള്‍ക്ക് തിങ്കളാഴ്ച അര്‍ദ്ധരാത്രി 12 വരെയും, വെസ്റ്റേണ്‍ ഇംഗ്ലണ്ടിലും, വെയില്‍സിലും ആംബര്‍ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചു. നോര്‍ത്ത്, സ്‌കോട്ട്‌ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളില്‍ ഞായറാഴ്ച വൈകുന്നേരം 6 മുതല്‍ തിങ്കളാഴ്ച രാവിലെ 9 വരെയും മുന്നറിയിപ്പ് നിലവിലുണ്ട്.

തീരപ്രദേശങ്ങളില്‍ വലിയ തിരമാലകളും, അവശിഷ്ടങ്ങള്‍ പറക്കുന്നതും അപകടകരമായ സ്ഥിതി സൃഷ്ടിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കി. കൊടുങ്കാറ്റ് മൂലം യാത്രാ ദുരിതവും, റോഡുകളും, പാലങ്ങളും അടച്ചിടേണ്ട അവസ്ഥയും വരും. കൂടാതെ ട്രെയിനുകളും, ബസുകളും വൈകുകയും, റദ്ദാക്കാനും സാധ്യത നിലനില്‍ക്കുന്നു.

കാറ്റ് വിനാശം സൃഷ്ടിച്ചാല്‍ ഫോണ്‍ ശൃംഖലയും, വൈദ്യുതി വിതരണവും സാരമായ പ്രശ്‌നങ്ങള്‍ നേരിടും. നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലെ ചില ഭാഗങ്ങളില്‍ കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ ഈ മേഖലയില്‍ ആംബര്‍ മുന്നറിയിപ്പുകളാണ് നിലവിലുള്ളത്. വെസ്റ്റേണ്‍ ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട്, സ്‌കോട്ട്‌ലണ്ടിലെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലും ആംബര്‍ മുന്നറിയിപ്പുകള്‍ നിലവില്‍ വരും.

വെള്ളപ്പൊക്കം യുകെയുടെ ഭൂരിഭാഗം മേഖലകളിലും ഉണ്ടാകുമെന്നാണ് അറിയിപ്പ്. മഞ്ഞ ജാഗ്രത നല്‍കിയിട്ടുള്ള മേഖലകളിലും ഇത് പ്രതീക്ഷിക്കാം. എന്‍വയോണ്‍മെന്റ് ഏജന്‍സി 12 വെള്ളപ്പൊക്ക മുന്നറിയിപ്പുകളും, 59 സാധ്യതാ മുന്നറിയിപ്പുകളും നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.