സ്വന്തം ലേഖകൻ: ബ്രിട്ടനിൽ പഠിക്കാനെത്തുന്ന വിദേശ വിദ്യാർഥികൾ കുടുംബാംഗങ്ങളെക്കൂടി കൊണ്ടുവരുന്നതിനു നിയന്ത്രണമേർപ്പെടുത്തുമെന്ന് ബ്രിട്ടൻ വ്യക്തമാക്കിയതോടെ പ്രതിസന്ധി നേരിടുക മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ വിദ്യാർഥികൾ. ബ്രിട്ടനിൽ ആശ്രിതരെ കൊണ്ടുവരുന്നതിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞ വർഷം മാത്രം ഇന്ത്യയിൽനിന്ന് 1,39,539 വിദ്യാർഥികളും അവരുടെ ആശ്രിതരായി 38,990 പേരും ബ്രിട്ടനിലെത്തി.
ആശ്രിതരെ കൊണ്ടുവരുന്നതിൽ ഒന്നാമത് നൈജീരിയൻ വിദ്യാർഥികളാണ്. നൈജീരിയൻ വിദ്യാർഥികളുടെ ആശ്രിതരായി 60,923 പേരാണ് കഴിഞ്ഞ വർഷം ബ്രിട്ടനിലെത്തിയത്. പാക്കിസ്ഥാനിൽ നിന്ന് 28,061 വിദ്യാർഥികളും 9,055 ആശ്രിതരും കഴിഞ്ഞ വർഷം ബ്രിട്ടനിലെത്തി. ബംഗ്ലദേശിൽ നിന്ന് 15,637 വിദ്യാർഥികൾ, 7027 ആശ്രിതർ. ശ്രീലങ്കയിൽ നിന്ന് 5715 വിദ്യാർഥികൾ ആശ്രിതരായി കൊണ്ടുവന്നത് 5441 പേരെയുമാണ്.
ഇന്ത്യൻ വംശജയായ ആഭ്യന്തര മന്ത്രി സ്യൂവെല്ല ബ്രേവർമാനാണ് പുതിയ നിയന്ത്രണങ്ങളെ കുറിച്ച് പാർലമെന്റിൽ വ്യക്തമാക്കിയത്. ഗവേഷണവുമായി ബന്ധപ്പെട്ട പ്രോഗ്രാമുകളിലെ ഒഴികെയുള്ള ബിരുദാനന്തര പഠനത്തിനെത്തുന്ന വിദ്യാർഥികൾക്ക് ഇനി ആശ്രിതരെ കൊണ്ടുവരാനാകില്ല. കുടിയേറ്റം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ ഋഷി സുനക് സർക്കാർ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമാണു പുതിയ നിയമം.
ബ്രിട്ടനിൽ തൊഴിൽ തരപ്പെടുത്തുന്നതിനുള്ള പിൻവാതിലായി സ്റ്റുഡന്റ് വീസയെ ഉപയോഗിക്കുന്നതു തടയുകയാണു ലക്ഷ്യമെന്ന് അവർ പറഞ്ഞു. 9 മാസവും അതിൽക്കൂടുതൽ കാലവും ബിരുദാനന്തര പഠനത്തിനെത്തുന്ന വിദേശ വിദ്യാർഥികൾക്ക് പങ്കാളികളെയും മക്കളെയും ഒപ്പം കൊണ്ടുവരാൻ ഇതുവരെ അനുമതിയുണ്ടായിരുന്നു. ഇത്തരത്തിൽ ആശ്രിതരായെത്തുന്നവരുടെ എണ്ണം 3 വർഷം കൊണ്ട് എട്ടിരട്ടിയായെന്നാണ് സർക്കാർ കണ്ടെത്തൽ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല