1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 6, 2023

സ്വന്തം ലേഖകൻ: യുകെയിലേക്ക് പഠനത്തിനായി ചേക്കേറുന്ന വിദേശരാജ്യക്കാരുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചുവരികയാണ്. വിദ്യാർഥികളുടെ എണ്ണം പെരുകുന്നതനുസരിച്ച് രാജ്യത്ത് ഭവനപ്രതിസന്ധിയും രൂക്ഷമാകുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഒരു 2 BHK ഫ്ലാറ്റിൽ 20 പേർക്കൊപ്പം ശ്വാസംമുട്ടി താമസിക്കേണ്ടി വന്ന ദുരവസ്ഥ ബംഗ്ലാദേശിൽ നിന്ന് ലണ്ടനിലെത്തിയ നസ്മുഷ് ഷഹാദത്ത് എന്ന വിദ്യാർത്ഥി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

നിയമപഠനത്തിനായാണ് നസ്മുഷ് ലണ്ടനിലെ സർവകലാശാലയിൽ അഡ്മിഷൻ നേടിയത്. എന്നാൽ സർവകലാശാല ഒരുക്കിയ താമസസൗകര്യത്തിന്റെ ചിലവ് നസ്മുഷിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. കുറഞ്ഞ ചെലവിൽ തങ്ങാൻ ഒരിടം നോക്കി നടന്ന അദ്ദേഹം ഒടുവിൽ കണ്ടെത്തിയതാകട്ടെ ഇരുപത് പേർ ഒന്നിച്ചു താമസിക്കുന്ന ഒരു 2 BHK ഫ്ലാറ്റും! അത്ര വിശാലമല്ലാത്ത മുറിക്കുള്ളിൽ അട്ടിയടുക്കിയതുപോലെ മെത്തകൾ വിരിച്ച് കഴിയേണ്ടി വന്ന ദിവസങ്ങൾ ഭയാനകമായിരുന്നുവെന്ന് നസ്മുഷ് പറയുന്നു. ഒപ്പം ഉണ്ടായിരുന്നവരെല്ലാം പുരുഷന്മാരായിരുന്നു.

പല ഷിഫ്റ്റുകളിലായി ജോലി ചെയ്യുന്നവരായിരുന്നു അവരിൽ അധികവും. സഹവാസികളുടെ വരവും പോക്കും മൂലം ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥ. വിദേശത്ത് പഠിക്കാൻ പോയ തന്റെ ഈ ദയനീയ സ്ഥിതി വീട്ടുകാർ അറിയുന്നതിനെ പോലും താൻ ഭയന്നിരുന്നതായി നസ്മുഷ് പറയുന്നു. അതിനാൽ ആദ്യത്തെ രണ്ടുമാസക്കാലം വീട്ടിലേക്ക് വിഡിയോ കോൾ ചെയ്യാൻ പോലും മടിച്ചിരുന്നു.

ഏറെ നാളത്തെ ബുദ്ധിമുട്ടുകൾക്കു ശേഷം ഇന്ന് സ്വന്തമായി ഒരു മുറിയുള്ള ഷെയേർഡ് ഫ്ലാറ്റിലേയ്ക്ക് നസ്മുഷ് താമസം മാറ്റിയിട്ടുണ്ട്. എന്നാൽ ഇത്തരം ഒരു താമസ സൗകര്യം കണ്ടെത്തുക എന്നതായിരുന്നു ലണ്ടനിൽ എത്തിയിട്ട് നേരിട്ട ഏറ്റവും വലിയ ബുദ്ധിമുട്ടും വെല്ലുവിളിയും എന്ന് അദ്ദേഹത്തിന്റെ വാക്കുകൾ. നല്ല ഒരു താമസസ്ഥലം കണ്ടെത്താൻ ആവശ്യമായ റഫറൻസുകളോ പേ സ്ലിപ്പുകളോ വിദ്യാർഥികളായി എത്തുന്നവരുടെ പക്കൽ ഉണ്ടാവില്ല എന്നതാണ് അതിന് പ്രധാന കാരണം.

കുടുംബത്തിന്റെ മൊത്തം സമ്പാദ്യവും ചെലവാക്കി മികച്ച ഒരു ഭാവി സ്വപ്നം കണ്ട് യുകെയിൽ പഠനത്തിന് എത്തുന്ന പലരുടെയും അവസ്ഥ ഇതുതന്നെയാണെന്നും അദ്ദേഹം പറയുന്നു. യുകെയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രാജ്യാന്തര തലത്തിൽ നിന്നുള്ള വിദ്യാർഥികളുടെ എണ്ണം വർദ്ധിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്.

ഇതുമൂലം 2015- 16 അധ്യായനവർഷത്തെ അപേക്ഷിച്ച് 2020 -21 അധ്യായനവർഷത്തിൽ രാജ്യാന്തര വിദ്യാർഥികളുടെ എണ്ണത്തിൽ 59 ശതമാനം വർദ്ധനവും യുകെയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്തിനേറെ നിലവിൽ ലണ്ടനിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യുകെ സ്വദേശികളായ വിദ്യാർഥികളെക്കാൾ രാജ്യാന്തര വിദ്യാർഥികളുടെ എണ്ണം അധികവുമാണ്.

ഫലമോ കൃത്യമായ കോൺട്രാക്ട് പോലുമില്ലാതെ താമസ സ്ഥലം ഇവർക്ക് തിരഞ്ഞെടുക്കേണ്ടി വരുന്നു. മുൻകൂറായി വൻ തുക അടയ്ക്കാനാകാത്ത പക്ഷം ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് ജീവിക്കുകയല്ലാതെ ഇവർക്ക് മറ്റു മാർഗ്ഗമില്ല. ഭവനമേഖലയിൽ ഉണ്ടായിരിക്കുന്ന ഈ സമ്മർദ്ദം വിദ്യാഭ്യാസ രംഗത്താകെ പ്രകടമാണെന്ന് സർവ്വകലാശാലകൾ തന്നെ സമ്മതിക്കുകയും ചെയ്യുന്നു.

സാധ്യമായ രീതിയിലെല്ലാം ഇതിന് പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നുണ്ട് എന്നാണ് സ്ഥാപനങ്ങളുടെ വിശദീകരണം. യുകെയിലേക്ക് എത്തുംമുൻപുതന്നെ താമസസൗകര്യം സംബന്ധിച്ച് ധാരണയിൽ എത്തണമെന്നും കോഴ്സുകളിൽ ചേർന്ന ചെയ്ത ശേഷം താമസത്തിന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ അത് അധികാരികളെ കൃത്യമായി ധരിപ്പിക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.