സ്വന്തം ലേഖകൻ: പുറത്താക്കപ്പെട്ട മുന്‍ ഹോം സെക്രട്ടറി സുവെല്ല ബ്രേവര്‍മാന്‍ പ്രധാനമന്ത്രി റിഷി സുനാകിനെതിരെ കടുത്ത ആരോപണങ്ങളുമായി രംഗത്ത്. വാഗ്ദാനങ്ങളില്‍ നിന്നും സുനാക് പുറകോട്ട്പോയതായും ദുര്‍ബലനായ പ്രധാനമന്ത്രിയാണ് റിഷി എന്നും അവര്‍ ആരോപിക്കുന്നു. ഹോം സെക്രട്ടറി സ്ഥാനത്തു നിന്നും പുറത്താക്കപ്പെട്ട് ഒരു ദിവസം കഴിഞ്ഞപ്പോള്‍ പ്രസിദ്ധപ്പെടുത്തിയ മൂന്ന് പേജ് വരുന്ന ഒരു കത്തിലൂടെയാണ് സുവെല്ല ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.
‘റുവാണ്ട പദ്ധതിയെ മുന്‍നിര്‍ത്തി പാര്‍ട്ടിക്കുള്ളില്‍ ശക്തമായ ഒരു വിമത നീക്കം നടത്തുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ”ഒരാള്‍ വ്യക്തമായും സത്യസന്ധനായിരിക്കണം; നിങ്ങളുടെ പദ്ധതികള്‍ ഒന്നും തന്നെ നടപ്പാകുന്നില്ല, റെക്കോര്‍ഡ് എണ്ണം തെരഞ്ഞെടുപ്പു പരാജയങ്ങളെയാണ് നമ്മള്‍ അഭിമുഖീകരിച്ചത്; നിങ്ങളുടെ പരിഷ്‌കാരങ്ങള്‍ അമ്പേ പരാജയപ്പെട്ടു; നമുക്ക് ഇനി സമയമില്ല. നിങ്ങള്‍ നിങ്ങളുടെ പ്രവര്‍ത്തന രീതി ഉടന്‍ മാറ്റണം.’- കത്തില്‍ സുവെല്ല പറയുന്നു.
വിശ്വാസയോഗ്യമായ ഒരു ബദല്‍ പദ്ധതി നിര്‍ദേശിക്കുന്നതിലും സുനാക് പരാജയപ്പെട്ടു എന്ന് കത്തില്‍ പറയുന്നു. മാത്രമല്ല, തന്റെ നിര്‍ദ്ദേശങ്ങള്‍ പാടെ അവഗണിക്കുകയായിരുന്നു എന്നും സുവെല്ല പറയുന്നു. റൂളിംഗുകള്‍ അവഗനിച്ച് റുവാണ്ടന്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്ന തരത്തില്‍ ആഭ്യന്തര നിയമങ്ങള്‍ മാറ്റുന്നതിന്റെ അടിയന്തിര ആവശ്യമായിരുന്നു ഈ നിര്‍ദ്ദേശം എന്നാണ് കരുതപ്പെടുന്നത്.
അതേസമയം, തീവ്ര വലത് പാര്‍ട്ടി എം പി മാരും റിഷിക്ക് എതിരെ തിരിഞ്ഞിട്ടുണ്ട്. മന്ത്രിസഭ പുനസംഘടനയില്‍ ഡേവിഡ് കാമറൂണിന് ഒരു തിരിച്ചു വരവിനുള്ള വഴിയൊരുക്കിയതില്‍ അവര്‍ അതൃപ്തരാണ്. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ലോര്‍ഡ് കാമറൂണിനെ ഫോറിന്‍ സെക്രട്ടറിയാക്കിയാണ് സുനാക് ക്യാബിനറ്റില്‍ തിരിച്ചെത്തിച്ചത്. nilavile മന്ത്രിമാരില്‍ 9 പേര്‍ കാമറൂണിനൊപ്പം അദ്ദേഹത്തിന്റെ ഗവണ്‍മെന്റില്‍ സേവനം നല്‍കിയവരാണ്.
മുന്‍ മന്ത്രി ജേക്കബ് റീസ് മോഗാണ് ബ്രാവര്‍മാനെ പിന്തുണച്ച് രംഗത്തെത്തിയ പ്രധാനി. എന്നാല്‍ സുനാകിനെതിരെ തിരിയുന്നത് നിലനില്‍പ്പിനെ ബാധിക്കുമെന്നതിനാല്‍ കൂടുതല്‍ വിമതശബ്ദം ഉയര്‍ന്നുകേള്‍ക്കുന്നുമില്ല. കാമറൂണിന്റെ വരവോടെ ബോറിസ് ക്യാമ്പും ആശങ്കയിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല