1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 20, 2023

സ്വന്തം ലേഖകൻ: വിലക്കയറ്റത്തിൽ നട്ടം തിരിയുന്ന ബ്രിട്ടിഷുകാർക്ക് തെല്ല് ആശ്വാസമായി ഭക്ഷ്യോൽപന്നങ്ങളുടെ വില കുറയ്ക്കാൻ സൂപ്പർ മാർക്കറ്റുകളുടെ തീരുമാനം. പ്രധാനപ്പെട്ട ഭക്ഷ്യോൽപന്നങ്ങൾക്കെല്ലാം തന്നെ അഞ്ചു മുതൽ 25 ശതമാനം വരെ വില കുറയ്ക്കാനാണ് പ്രമുഖ സൂപ്പർ മാർക്കറ്റ് ശൃംഖലകളുടെ തീരുമാനം. ടെസ്കോ, സെയിൻസ്ബറീസ്, ആൾഡി എന്നീ സൂപ്പർ മാർക്കറ്റ് ശൃംഖലകളാണ് ആദ്യം വിലക്കുറവ് പ്രഖ്യാപിച്ചത്. ഇവരെ പിന്തുർടന്ന് ഇന്നലെ മോറിസൺസ്, എം ആൻഡ് എസ് എന്നിവയും വിലക്കുറവ് പ്രഖ്യാപിച്ചു.

കഴിഞ്ഞ ആഴ്ചകലിൽ മൊത്തവിപണിയിൽ ഉണ്ടായ വിലക്കുറവ് ജനങ്ങൾക്കു നൽകാൻ സൂപ്പർ മാർക്കറ്റ് റീട്ടെയ്ൽ ചെയിനുകൾ തയാറാകുന്നില്ലെന്ന ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനത്തിന് വിപണിയിലെ ഭീമന്മാരായ സൂപ്പർ മാർക്കറ്റ് ശൃംഖലകൾ തയാറായത്.

മിൻസ് ബീഫ്, തക്കാളി, ഗ്രീക്ക് സ്റ്റൈൽ യോഗർട്ട് സീരിയൽസ്, ബ്രഡ്, പാൽ തുടങ്ങിയ നിരവധി ഉൽപന്നങ്ങൾക്കാണ് മോറിസൺസും മാർക്ക് ആൻഡ് സ്പെൻസറും വിലക്കുറവ് പ്രഖ്യാപിച്ചത്. 47 ഉൽപന്നങ്ങൾക്ക് 25 ശതമാനം വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ടെന്ന് രാജ്യത്തെ അഞ്ചാമത്തെ വലിയ ശൃംഖലയായ മോറിസൺസ് അവകാശപ്പെടുന്നു. മാർക്ക് ആൻഡ് സ്പെൻസർ 70 ഇനം ഭക്ഷ്യോൽപന്നങ്ങൾക്കാണ് വിലക്കുറവ് പ്രഖ്യാപിച്ചിട്ടുള്ളത്.

ബ്രഡ്, പാൽ, ബട്ടർ തുടങ്ങിയ ഉൽപന്നങ്ങൾക്ക് വിലക്കുറവ് പ്രഖ്യാപിച്ചായിരുന്നു ടെസ്കോയും സെയിൻസ്ബറീസും ഈ ട്രെൻഡിന് തുടക്കമിട്ടത്. കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ ബ്രിട്ടനിൽ ഭക്ഷ്യോൽപന്നങ്ങളുടെ വിലയിൽ 19.1 ശതമാനത്തിന്റെ വർധനയാണുണ്ടായത്.

45 വർഷത്തിനുള്ളിലെ ഏറ്റവും ഉയർന്ന വിലവർധനയായിരുന്നു ഇത്. പെട്രോൾ, ഡീസൽ വിലയിലെ കുറവിനനുസരിച്ച് മൊത്തവ്യാപാര വിപണിയിൽ കഴിഞ്ഞ ആഴ്ചകളിൽ പല ഉൽപന്നങ്ങൾക്കും വിലക്കുറവ് അനുഭവപ്പെട്ടിരുന്നു. എന്നാൽ ഈ കുറവ് ജനങ്ങൾക്ക് നൽകാൻ സൂപ്പർ മാർക്കറ്റ് ശൃംഖലകൾ തയാറാകാതിരുന്നതിനെതിരെ വലിയ വിമർശനമാണ് ഉയർന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.