ലിവര്‍പൂളിലെ ആയിരത്തോളം വരുന്ന കത്തോലിക്കാ വിശ്വാസികളുടെ ആധ്യാത്മിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ വൈദികനില്ലാത്ത അവസ്ഥ.കഴിഞ്ഞ ഏഴു വര്‍ഷമായി ലിവര്‍പൂള്‍ അതിരൂപതയില്‍ സീറോമലബാര്‍ ചാപ്ലിന്‍ ആയി സേവനം ചെയ്തു വന്ന ബാബു അപ്പാടന്‍ അച്ചനെ മാതൃ രൂപത തിരികെ വിളിച്ചത് മൂലമാണ് ഈ പ്രതിസന്ധി.ഇദ്ദേഹം കുര്‍ബാന ചൊല്ലിയിരുന്ന ഏഴു മാസ് സെന്ററുകളിലും ഇപ്പോള്‍ നാഥനില്ലാത്ത അവസ്ഥയാണ് ഉള്ളത്.സാധാരണഗതിയില്‍ പകരം വൈദികനെ ഏര്‍പ്പാടാക്കിയത് ശേഷം മാത്രമെ ഉള്ള വൈദികനെ പിന്‍വലിക്കാവൂ എന്നിരിക്കെ അപ്പാടന്‍ അച്ചനെ തിരികെ വിളിച്ച സഭാനേതൃത്വ നടപടി രൂപതയിലെ വിശ്വാസികളില്‍ പ്രതിഷേധം ഉയര്‍ത്തിയിരിക്കുകയാണ്.
അതിനിടെ ഏഴുവര്‍ഷം ലിവര്‍പൂളില്‍ സേവനം ചെയ്ത അച്ചന് വേണ്ട രീതിയില്‍ യാത്രയയപ്പ് നല്‍കാത്തതിനെ തുടര്‍ന്ന് ലിവര്‍പൂളിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.വൈദികനെ പിന്‍വലിക്കരുത് എന്ന്‍ ആവശ്യപ്പെട്ട് വിശ്വാസികള്‍ തയ്യാറാക്കിയ മെമോറാണ്ടത്തിലെ ഉള്ളടക്കം ലിവര്‍പൂളിലെ ഒരു നേതാവ് തിരുത്തിയതായും പറയപ്പെടുന്നു.മെമോറാണ്ടത്തിലെ ആദ്യ പേജ് അപ്പാടന്‍ അച്ചനെ മാറ്റണം എന്ന രീതിയില്‍ ഇയാള്‍ തിരുത്തുകയായിരുന്നു.ഇതേ തുടര്‍ന്ന്‍ ഉടലെടുത്ത അഭിപ്രായ വ്യത്യാസങ്ങള്‍ ആണ് അച്ചന് യാത്രയയപ്പ് നല്കാതിരിക്കുന്നതിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചത്.വിവാദങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് അടുത്ത ഞായറാഴ്ച നടക്കുന്ന പാരീഷ് കൌണ്‍സില്‍ പ്രശ്ന കലുഷിതം ആകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.അതിനിടെ ഈ പ്രശ്നം സമുദായ വല്‍ക്കരിക്കാന്‍ ചില ശകുനി മാധ്യമ പ്രവര്‍ത്തകരും രംഗത്തിറങ്ങിയിട്ടുണ്ട്.
അതെ സമയം യു കെയിലെ സഭാ വിശ്വാസികളുടെ ആധ്യാത്മിക വളര്‍ച്ചയില്‍ സീറോമലബാര്‍ സഭാനേതൃത്വം വേണ്ട താല്‍പ്പര്യം കാണിക്കുന്നില്ലെന്ന പരാതി വിശ്വാസികള്‍ക്കിടയില്‍ വ്യാപകമായുണ്ട്.തലമുറകളായി ഉറച്ച ക്രൈസ്തവ വിശ്വാസത്തില്‍ വളര്‍ന്നിട്ടുള്ള ആളുകളാണ് യു കേയിലേക്ക് കുടിയേറിയ ഭൂരിപക്ഷം സീറോമലബാര്‍ വിശ്വാസികളും.എന്നാല്‍ ഇവരെ നയിക്കാന്‍ സഭ അയക്കുന്നതാകട്ടെ നോര്‍ത്ത് ഇന്ത്യയില്‍ അന്യ മതക്കാര്‍ക്കിടയില്‍ സേവനം നടത്തുന്ന മിഷന്‍ വൈദികരെയും പരിചയ സമ്പത്ത് കുറഞ്ഞ യുവ വൈദികരെയുമാണ്.ഇടവക ഭരണത്തില്‍ പരിചയ സമ്പത്തുള്ള വൈദികരെ കൂടുതലായി അയക്കണമെന്ന ആവശ്യം സഭാനേതൃത്വം ചെവിക്കൊള്ളുന്നില്ല,
യോക്കൊബായ,ഓര്‍ത്തോഡോക്സ്,മാര്‍ത്തോമ തുടങ്ങിയ സഭാ വിഭാഗങ്ങള്‍ വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങള്‍ നിറവേറ്റി മുന്നേറുമ്പോഴും സീറോ മലബാര്‍ സഭാ നേതൃത്വത്തിന് അനങ്ങാപ്പാറ നയമാണ്.ഇതര വിഭാഗങ്ങള്‍ സ്വന്തമായി പള്ളികള്‍ വാങ്ങുകയും സഭാസംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യുമ്പോഴും യു കെ മലയാളികളില്‍ ഭൂരിപക്ഷമായ സീറോമലബാര്‍ സഭയില്‍ കാര്യമായൊന്നും സംഭവിക്കുന്നില്ല.സഭ അയച്ചിരിക്കുന്ന ചില വൈദികര്‍ നവീകരണ പ്രസ്ഥാനം യു കെയില്‍ വ്യാപിപ്പിക്കുന്നതില്‍ മുഴുകിയിരിക്കുന്നതിനാല്‍ സഭാ സംവിധാനം ശക്തിപ്പെടുത്തുന്നതിന് സമയം ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.ഇതിനായി ഇടവക ഭരണത്തില്‍ പരിചയമുള്ള കൂടുതല്‍ വൈദികര്‍ വേണമെന്ന ആവശ്യം വിശ്വാസികളില്‍ പരക്കെയുണ്ട്.
സീറോമലബാര്‍ സഭയുടെ യു കെയിലെ പ്രവര്‍ത്തനങ്ങള്‍ എകൊപിപ്പിക്കാന്‍ ഒരു മിഷന്‍ വൈദികനെ ലണ്ടനില്‍ നിയമിച്ചിട്ടുണ്ടെങ്കിലും ഇദ്ദേഹത്തിന്‍റെ അധികാര പരിധി രണ്ടു രൂപതകളില്‍ മാത്രം ആയതിനാല്‍ കാര്യമായ ഏകോപനം നടക്കുന്നുമില്ല.ഓരോ അതിരൂപതയിലും നിയമിതരായിരിക്കുന്ന വൈദികര്‍ തങ്ങളുടെ ഇഷ്ട്ടപ്രകാരമുള്ള പരിഷ്ക്കാരങ്ങള്‍ ആണ് നടപ്പിലാക്കുന്നത്.മൈഗ്രന്റ്സ് കമ്മീഷന്‍ ചെയര്‍മാന്‍ ആയ ഒരു ബിഷപ്പിന് യു കെയുടെ ചാര്‍ജ് ഉണ്ടെങ്കിലും സ്വന്തം രൂപതയിലെ തിരക്കുകള്‍ മൂലം അദ്ദേഹത്തിന് യു കെയില്‍ യഥാസമയം സന്ദര്‍ശിക്കാനോ അജഗണങ്ങളുടെ ആത്മീയ കാര്യങ്ങള്‍ അന്വേഷിക്കാനോ സമയം കിട്ടാറില്ല.വര്‍ഷത്തില്‍ പത്തോളം പിതാക്കന്മാര്‍ വന്നു പോകാറുണ്ടെങ്കിലും വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങളെക്കുറിച്ച് അന്വേഷിക്കാറില്ലെന്നും ആക്ഷേപമുണ്ട്.നവീകരണ പാതയില്‍ മുന്നേറുന്ന യു കെയിലെ സഭാ സംവിധാനം കൂടുതലായി ശക്തിപ്പെടുത്താന്‍ കേരളത്തിലെ സഭാനേതൃത്വം അടിയന്തിര നടപടികള്‍ കൈക്കൊള്ളുമെന്ന പ്രതീക്ഷയിലാണ് വിശ്വാസി സമൂഹം.ഈ മാസങ്ങളില്‍ യു കെ സന്ദര്‍ശിക്കുന്ന പിതാക്കന്മാരെ നേരില്‍ കണ്ട് ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്താനുമാണ് ഒരു വിഭാഗം തീരുമാനിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല