സ്വന്തം ലേഖകൻ: സർക്കാർ സഹായങ്ങൾ നിരസിച്ച് വഴിയോരങ്ങളിൽ കൂടാരമടിച്ച് അന്തിയുറങ്ങുന്നവർക്കെതിരെ ശക്തമായ നപപടിക്ക് ഒരുങ്ങുകയാണ് ബ്രിട്ടിഷ് സർക്കാർ. ഇത്തരക്കാരെ സംരക്ഷിക്കാനും പുനരധിവസിപ്പിക്കാനും സർക്കാർ നൽകുന്ന സഹായങ്ങൾ സ്വീകരിക്കാതെ, തെരുവു ജീവിതം ശൈലിയാക്കി മാറ്റുന്നവർക്കെതിരെ ഇംഗ്ലണ്ടിലും വെയിൽസിലും പിഴയുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാനൊരുങ്ങുകയാണ് ഹോം ഓഫിസ്.
ഇവരുടെ സാന്നിധ്യം പൊതുജനത്തിനും സമാന്യജീവിതത്തിനും ശല്യമാകുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം. ഇതുസംബന്ധിച്ച നിയമനിർമാണത്തിനുള്ള നിർദേശം ചൊവ്വാഴ്ചത്തെ ചാൾസ് രാജാവിന്റെ പാർലമെന്റ് പ്രസംഗത്തിൽ ഉണ്ടാകുമെന്നാണ് സൂചനകൾ. ആരും തെരുവിൽ ഉറങ്ങാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. അതു തടയുന്നതിനുള്ള വിവിധ പദ്ധതികളും സർക്കാരിനുണ്ട്. അവയോടു സഹകരിക്കാതെയും സ്വീകരിക്കാതെയും ഇത്തരം ജീവിതശൈലി ശീലമാക്കുന്നവരോട് പൊറുക്കാനാകില്ല.
വിദേശങ്ങളിൽനിന്നും എത്തിയിട്ടുള്ള ഇവരിൽ പലരും ഇത്തരം ജീവിതരീതി ശീലമാക്കിയവാരാണ് അത് ബ്രിട്ടന്റെ സംസ്കാരത്തോടു ചേർന്നതല്ല. ഭിക്ഷാടനവും മോഷണവും മയക്കുമരുന്നു വ്യാപാരവുമെല്ലാം പ്രോൽസാഹിപ്പിക്കാൻ സഹായിക്കുന്നതാണ് ഈ ജീവിതരീതി. ഇത് ബ്രിട്ടിഷ് സമൂഹത്തിനു ചേർന്നതല്ലെന്നാണ് ഹോം സെക്രട്ടറിയുടെ വിശദീകരണം. ഇപ്പോൾതന്നെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ അമേരിക്കയിലെ സാൻഫ്രാൻസിസ്കോയും ലൊസാഞ്ചലസും പോലെ നമ്മുടെ നഗരങ്ങളും ക്രിമിനൽ സംഘങ്ങളുടെയും മയക്കുമരുന്നു മാഫിയയുടെയും പിടിയിലാകുമെന്നാണ് ഹോം സെക്രട്ടറി മുന്നറിയിപ്പു നൽകുന്നത്.
വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനവും നടപ്പാതകള്‍ തടസ്സപ്പെടുന്ന വിധത്തിൽ കൂടാരങ്ങൾ സ്ഥാപിക്കുന്നത് തടയുന്ന നിയമമാണ് സർക്കാർ വിഭാവനം ചെയ്യുന്നത്. വീടില്ലാത്തവർക്ക് ടെൻഡുകൾ നൽകി സഹായിക്കുന്ന ചാരിറ്റികൾക്കെതിരെയും നിയമനടപടി സാധ്യമാക്കത്തക്കവിധമാകും പുതിയ നിയമം എന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല