സ്വന്തം ലേഖകന്‍: കുടിയേറ്റക്കാരെക്കൊണ്ട് പൊറുതിമുട്ടി, ഫ്രഞ്ച് തുറമുഖമായ കലെയില്‍ മതില്‍ കെട്ടാനൊരുങ്ങി ബ്രിട്ടീഷ് അധികൃതര്‍. കലെയ് തുറമുഖത്തേക്കുള്ള അപ്രോച്ച് റോഡില്‍ 13 അടി ഉയരത്തില്‍ ഒരു കിലോമീറ്റര്‍ നീളത്തിലാണു മതില്‍ നിര്‍മിക്കുന്നത്. ഈ മാസം ആരംഭിക്കുന്ന നിര്‍മാണം വര്‍ഷാവസാനം പൂര്‍ത്തിയാക്കാമെന്നാണു കരുതുന്നതെന്ന് ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മതിലിന്റെ മതിപ്പുനിര്‍മാണ ചെലവ് 30 ലക്ഷം ഡോളറാണ്. ഇതു മുഴുവന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ വഹിക്കും. മതില്‍ നിര്‍മാണം സംബന്ധിച്ചു ഫ്രാന്‍സുമായി മാര്‍ച്ചില്‍ കരാര്‍ ഒപ്പിട്ടിരുന്നുവെന്നു മന്ത്രി റോബര്‍ട്ട് ഗുഡ്‌വില്‍ പാര്‍ലമെന്ററി കമ്മിറ്റിയില്‍ വ്യക്തമാക്കി.
ഫ്രഞ്ചു തുറമുഖമായ കലെയില്‍നിന്നു കടലിനടിയിലൂടെയുള്ള തുരങ്കത്തിലൂടെ ബ്രിട്ടനിലെ ഡോവറിലേക്കു പോകുന്ന ട്രക്കുകളിലും മറ്റും അനധികൃതമായി കടന്നുകൂടി നിരവധി പേര്‍ ബ്രിട്ടനിലെത്താറുണ്ട്. കലെയിലെ ജംഗിള്‍ എന്നറിയപ്പെടുന്ന അഭയാര്‍ഥി ക്യാമ്പില്‍ തമ്പടിക്കുന്നവരാണ് നേരായ മാര്‍ഗത്തിലൂടെയും അല്ലാതെയും ബ്രിട്ടനിലേക്കു കുടിയേറുന്നത്.
ക്യാമ്പംഗങ്ങളില്‍ ചിലര്‍ റോഡില്‍ തടിവെട്ടിയിട്ടു ട്രക്കു തടയുകയും പിന്നീട് അവയില്‍ കയറിപ്പറ്റുകയുമാണ്. 2100 പോലീസുകാരെ സുരക്ഷക്കായി നിയമിച്ചിട്ടുണ്ടെങ്കിലും എല്ലാ റോഡുകളും സംരക്ഷിക്കാന്‍ ഇവര്‍ക്കാവുന്നില്ല.ഘട്ടംഘട്ടമായി കലെയിലെ ജംഗിള്‍ അടച്ചുപൂട്ടുമെന്ന് ഈയിടെ ക്യാമ്പു സന്ദര്‍ശിച്ച ഫ്രഞ്ച് ആഭ്യന്തരമന്ത്രി ബര്‍നാര്‍ഡ് കസെന്യൂവ പ്രസ്താവിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല