കഴിഞ്ഞ 30 വര്‍ഷമായി യുകെയിലുണ്ടായിരുന്ന ഒരു പൗണ്ട് കോയിന്റെ മുഖം മാറുന്നു. പുതിയ കോയിന്റെ ഡിസൈനിന് സര്‍ക്കാര്‍ അനുവാദം നല്‍കി. ബജറ്റില്‍ ചാന്‍സിലര്‍ ജോര്‍ജ് ഓസ്‌ബോണ്‍ പുതിയ കോയിന്റെ ഡിസൈന്‍ അവതരിപ്പിക്കും.
12 വശങ്ങളുള്ള പുതിയ കോയിന്റെ ഡിസൈന്‍ രൂപകല്‍പ്പന ചെയ്തത് ക്യൂന്‍ മേരീസ് ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ഡേവിഡ് പിയേര്‍സാണ്. റോയല്‍ മിന്റ് കോംപറ്റീഷനില്‍ ആറായിരത്തോളം എന്‍ട്രികളോട് മത്സരിച്ചാണ് 15കാരനായ ഡേവിഡ് പിയേഴ്‌സിന്റെ ഡിസൈനിന് അംഗീകാരം ലഭിച്ചത്.
ബ്രിട്ടണില്‍ വളരെ പ്രശസ്തമായ റോസ്, ലീക്ക് (വെളുത്തുള്ളിയുടെ ചെടി), തിസില്‍ (മുള്‍ച്ചെടി), ഷാംറോക്ക് (മൂന്നു ഇലകളുള്ള ചെടി) എന്നിവയാണ് കോയിന്റെ ഉള്ളിലുള്ള ഡിസൈന്‍. റോയല്‍ കൊറോണെറ്റ് (കിരീടം) ല്‍ നിന്ന് ഈ നാല് ചെടികളും പൊങ്ങി നില്‍ക്കുന്നതാണ് പുതിയ കോയിന്റെ ഡിസൈന്‍.
1983 മുതല്‍ പ്രചാരത്തിലുള്ളതാണ് ഇപ്പോഴത്തെ കോയിന്‍. പഴയ സാങ്കേതിക വിദ്യയില്‍നിര്‍മ്മിച്ചിരിക്കുന്ന കോയിന് കാലപ്പഴക്കമായി, തന്നെയുമല്ല അതിന്റെ വ്യാജന്‍ നിര്‍മ്മിക്കാന്‍ എളുപ്പവുമാണ്. ഈ സാഹചര്യത്തിലാണ് പുതിയ കോയിന്‍ രൂപകല്‍പ്പന ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഇപ്പോള്‍ പ്രചാരത്തിലുള്ള ഒരു പൗണ്ട് കോയിന്റെ മൂന്നു ശതമാനം വ്യാജ കോയിനുകളാണെന്നാണ് റോയല്‍ മിന്റിന്റെ കണക്ക്. അതായത് ഏകദേശം 45 മില്യണ്‍ പൗണ്ട്. യുകെയുടെ ചില ഭാഗങ്ങളില്‍ ഈ കണക്ക് ആറു ശതമാനമായി വരെ ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എല്ലാ വര്‍ഷവും രണ്ടു മില്യണ്‍ പൗണ്ടിന്റെ എങ്കിലും കോയിന്‍ സര്‍ക്കുലേഷനില്‍നിന്ന് പിന്‍വലിക്കാറുണ്ട്. വ്യാജനാണെന്ന് കണ്ടെത്തുന്നതിനെ തുടര്‍ന്നാണിത്. പുതുതായി നിര്‍മ്മിക്കുന്ന കോയിന്റെ വ്യാജന്‍ നിര്‍മ്മിക്കാന്‍ സാധിക്കില്ലെന്നാണ് അധികൃതരുടെ വാദം. 2017 മുതല്‍ പുതിയ കോയിന്‍ നിലവില്‍ വരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല