1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 10, 2023

സ്വന്തം ലേഖകൻ: സര്‍വ്വേ ഫലങ്ങളില്‍ നിരാശരായ ഒരു കൂട്ടം എം പിമാര്‍ ബോറിസ് ജോണ്‍സണ്‍ പാര്‍ട്ടി നേതൃത്വത്തിലേക്ക് വരുന്നതിന് കളമൊരുക്കുന്നതായി ചില റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. നെയ്ജല്‍ ഫരാജുമായി യോജിച്ച് പാര്‍ട്ടിക്കുള്ളില്‍ ഒരു അട്ടിമറിക്കാണ് അവര്‍ ഒരുങ്ങുന്നത്. വരുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വന്‍ തിരിച്ചടി സംഭവിക്കുന്നത് ഒഴിവാക്കാന്‍ മുന്‍ പ്രധാനമന്ത്രിയെ കളത്തില്‍ ഇറക്കണമെന്നാണ് ഒരു കൂട്ടം കണ്‍സര്‍വേറ്റീവ് എം പിമാര്‍ വിശ്വസിക്കുന്നത്.

വരുന്ന ചൊവ്വാഴ്ച ഋഷി സുനകിന്റെ സുപ്രധാന നടപടിയായ റുവാണ്ടന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ബില്ല് അവതരിപ്പിക്കാന്‍ ഇരിക്കെയാണ് ഈ പുതിയ സംഭവ വികാസങ്ങള്‍. സുവെല്ലാ ബ്രേവര്‍മാനെ ഹോം സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിയതിന് ശേഷം ഋഷിയുടെ എതിര്‍പക്ഷം ശക്തി സംഭരിക്കാന്‍ ആരംഭിച്ചതായി ഡെയ്‌ലി മെയില്‍ പറയുന്നു. റോബര്‍ട്ട് ജെന്റികിന്റെ രാജിയോടെ ഇത് കൂടുതല്‍ ശക്തമായി.

ജനപ്രതിനിധി സഭയിലെ വോട്ടിംഗില്‍ കൂടുതല്‍ എം പിമാര്‍ ഋഷിയുടെ എതിര്‍പക്ഷത്ത് നിലയുറപ്പിക്കും എന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. സുനക് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തി, വരുന്ന പൊതു തിരഞ്ഞെടുപ്പിന് മുന്‍പായി സര്‍ കിയര്‍ സ്റ്റാര്‍മറുടെ നേതൃത്വത്തിലുള്ള ലേബര്‍ പാര്‍ട്ടിയുമായുള്ള വ്യത്യാസം പരിഹരിക്കുകയാണ് ലക്ഷ്യം. ടോറികളുടെ പിന്തുണ കുറഞ്ഞു വരുന്നതായും വോട്ടര്‍മാര്‍ കൂടുതലായി നെയ്ജന്‍ ഫരാജിന്റെ ബ്രെക്‌സിറ്റ് പാര്‍ട്ടിയുടെ പിന്മുറക്കാരായ റിഫോം പാര്‍ട്ടിയിലേക്ക് പോകുന്നതായും ചിലര്‍ വിലയിരുത്തുന്നുണ്ട്.

ഐ ടി വിയുടെ അയാം എ സെലിബ്രിറ്റി എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് പ്രതിച്ഛായ വര്‍ദ്ധിപ്പിച്ച ഫരാജെയോട് മല്ലടിച്ച്, കൂടുതല്‍ ആളുകളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ ബോറിസ് ജോണ്‍സനു മാത്രമെ കഴിയു എന്ന് ജോണ്‍സന്റെ അനുയായികള്‍ വിശ്വസിക്കുന്നു. പ്രത്യേകിച്ച്, 2019- ലെ പൊതു തെരഞ്ഞെടുപ്പില്‍, ലേബര്‍ പാര്‍ട്ടിയില്‍ നിന്നും പിടിച്ചെടുത്ത മിഡ്‌ലാന്‍ഡ്‌സിലെയും വടക്കന്‍ ഇംഗ്ലണ്ടിലെയും റെഡ് വാള്‍ നിയോജകമണ്ഡലങ്ങളില്‍ ബോറിസിന്റെ സാന്നിദ്ധ്യം അനിവാര്യമാണെന്ന് അവര്‍ പറയുന്നു.

എന്നാല്‍, ഋഷിയുടെ ക്യാമ്പും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഈ പദ്ധതികള്‍ എല്ലാം തന്നെ അറിയുന്നുണ്ടെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ ഋഷി സുനക് തന്നെ പാര്‍ട്ടിയെ നയിക്കുമെന്നും അവര്‍ പറയുന്നു. അതേസമയം ഫരാജിന്റെ പാര്‍ട്ടിയുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്ന വാര്‍ത്ത ബോറിസ്വ് ജോണ്‍സന്റെ വക്താവ് നിഷേധിച്ചു. രാഷ്ട്രീയത്തില്‍ രണ്ട് വന്‍ തോക്കുകള്‍ തമ്മില്‍ എന്ത് കരാറില്‍ ഏര്‍പ്പെട്ടാലും അത് ഉടന്‍ തന്നെ തകരുമെന്നും ഫരാജുമായി അടുത്ത വൃത്തങ്ങളും പറയുന്നു.

ഏതായാലും, പുതിയനിയമം പാര്‍ലമെന്റില്‍ എത്തുന്ന ചൊവ്വാഴ്ച്ച ഋഷിയെ സംബന്ധിച്ച് നിര്‍ണ്ണായകമായ ദിവസമാണ്. എത്ര എം പിമാരെ അനുകൂലമാക്കി നിര്‍ത്താന്‍ ആകുമെന്ന് അന്നറിയാം. കുടിയേറ്റ നിയന്ത്രണം നടപ്പിലാക്കാന്‍ പുതിയ നിയമം മതിയാകില്ലെന്നാണ് രാജിവെച്ച ഇമിഗ്രേഷന്‍ മന്ത്രി ജെന്റിക് പറയുന്നത്. അതേസമയം, ഋഷിയെ താഴെയിറക്കാന്‍ ശ്രമിക്കുന്നു എന്ന വാര്‍ത്ത മുന്‍ ഹോം സെക്രട്ടറി സുവെല്ല ബ്രേവര്‍മാന്‍ നിഷേധിക്കുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ ഋഷി പാര്‍ട്ടിയെ നയിക്കും എന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.