സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന് നിരുത്തരവാദിപരമായ സമീപനം; വീണ്ടും നോ ഡീല്‍ ബ്രെക്‌സിറ്റിന്റെ സൂചന നല്‍കി ബ്രിട്ടീഷ് ട്രേഡ് സെക്രട്ടറി. ബ്രിട്ടന്റെ അന്താരാഷ്ട്ര ട്രേഡ് സെക്രട്ടറി ലിയാം ഫോക്‌സാണ് ബ്രെക്‌സിറ്റില്‍ കരാറില്ലാതെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രിട്ടന്‍ പുറത്തേക്ക് പോകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയത്.
2019 മാര്‍ച്ചില്‍ ബ്രിട്ടന്‍ ഇയു വിടുന്നതോടെ വ്യാപാര കരാര്‍ ഉള്‍പ്പെടെയുള്ള ഉടമ്പടികള്‍ക്കായുള്ള ചര്‍ച്ചകള്‍ വഴിമുട്ടി നില്‍ക്കുന്നതിനിടെയാണ് ഫോക്‌സിന്റെ വെളിപ്പെടുത്തല്‍. കരാറില്ലാതെ ബ്രിട്ടന്‍ പുറത്തേക്ക് പോകാനുള്ള സാധ്യത കൂടിവരികയാണെന്ന് ബ്രെക്‌സിറ്റ് വാദിയായ ലിയാം ഫോക്‌സ് പറയുന്നു. യൂറോപ്യന്‍ കമ്മീഷനും, ബ്രസല്‍സ് ചീഫ് ചര്‍ച്ചക്കാരനുമായ മൈക്കിള്‍ ബാര്‍ണിയറാണ് ഇതിന് കാരണക്കാരനെന്നും ഫോക്‌സ് ആരോപിക്കുന്നു.
കമ്മീഷന്റെ കടുംപിടുത്തമാണ് കരാറില്ലാതെ പുറത്തേക്ക് പോരാനുള്ള തീരുമാനത്തിലേക്ക് കൊണ്ടെത്തിക്കുന്നത്. ഇയുവിന് ഉദ്യോഗസ്ഥരുടെ സാമ്പത്തിക നിലപാടുകള്‍ നടപ്പാക്കാനാണ് താല്‍പര്യം. അങ്ങിനെയെങ്കില്‍ അത് ജനങ്ങളുടെ ബ്രെക്‌സിറ്റാകില്ല. അതുകൊണ്ട് തന്നെ ഫലം നോ ഡീല്‍ ബ്രെക്‌സിറ്റ് മാത്രമാകുമെന്നും ഫോക്‌സ് വ്യക്തമാക്കി.
അതിനിടെ പ്രധാനമന്ത്രി തെരേസാ മേയ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായുള്ള ചര്‍ച്ചയ്ക്കായി വേനല്‍ക്കാല അവധി വെട്ടിച്ചുരുക്കി. വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട്, ബ്രക്‌സിറ്റ് സെക്രട്ടറി ഡൊമിനിക് റാബ് എന്നിവരും വിവിധ യൂറോപ്യന്‍ നയതന്ത്രജ്ഞരുമായി തിരക്കിട്ട സമവായ ചര്‍ച്ചകളിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല