1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 2, 2023

സ്വന്തം ലേഖകൻ: ട്രെയിൻ ഡ്രൈവർമാരുടെ ഓവർടൈം വിലക്ക് കാരണം ഇംഗ്ലണ്ടിൽ ഒരാഴ്ച ട്രെയിൻ യാത്ര തടസപ്പെടും. ട്രെയിൻ ഡ്രൈവർമാരുടെ സംഘടനയായ അസോസിയേറ്റഡ് സൊസൈറ്റി ഓഫ് ലോക്കോമോട്ടീവ് എഞ്ചിനീയേർസ് ആൻഡ് ഫയർമെൻ (അസ്ലെഫ്) യൂണിയനാണ് മുന്നറിയിപ്പ് നൽകിയത്. ട്രെയിൻ ഡ്രൈവർമാരുടെ ഓവർടൈം നിരോധനം കാരണമാണ് അടുത്ത ആറ് ദിവസത്തേക്ക് ട്രെയിൻ യാത്രക്കാർക്ക് തടസമുണ്ടാവുക. തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെ ഇംഗ്ലണ്ട് ആസ്ഥാനമായുള്ള 16 ട്രെയിൻ കമ്പനികളിൽ ഡ്രൈവർമാരുടെ കുറവ് സേവനത്തെ ബാധിക്കും.

യാത്രയ്ക്ക് മുമ്പ് യാത്രക്കാർ ട്രെയിനുകളുടെ ലഭ്യത പരിശോധിക്കണമെന്ന് നിർദ്ദേശം വന്നിട്ടുണ്ട്. മിക്ക ട്രെയിൻ കമ്പനികളും തങ്ങളുടെ മുഴുവൻ ഷെഡ്യൂളുകളും പ്രവർത്തിപ്പിക്കുന്നതിന് ഓവർടൈം ജോലി ചെയ്യുന്ന ഡ്രൈവർമാരെയാണ് ആശ്രയിക്കുന്നത്. ശമ്പള വർധന അവശ്യപ്പെട്ടു പണിമുടക്കുകൾ വർധിച്ചതോടെയാണ് ഓവർടൈം നിരോധനം വന്നത്.

ചില ട്രെയിനുകൾ റദ്ദാക്കി പുനഃക്രമീകരണം നടത്തേണ്ടി വരുമെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ പറയുന്നു. പുനഃക്രമീകരിക്കുന്ന ട്രെയിനുകളുടെ സേവനങ്ങൾ പതിവിലും തിരക്കുള്ളതായിരിക്കാൻ സാധ്യതയുണ്ട്. വിംബിൾഡൺ ടെന്നീസ് ചാമ്പ്യൻഷിപ്പിന് പോകുന്നവർ അവരുടെ യാത്രകൾക്ക് കൂടുതൽ സമയം കണ്ടത്തണമെന്നും നിർദ്ദേശമുണ്ട്. നോർത്തേൺ റെയിൽവേ നൽകുന്ന മുന്നറിയിപ്പ് പ്രകാരം ട്രെയിൻ സർവീസുകൾ താമസിക്കാൻ സാധ്യത ഉണ്ട്‌.

കൂടാതെ ഷോർട്ട് നോട്ടീസ് റദ്ദാക്കലുകളും ഉണ്ടാകും. ഗ്രേറ്റ് വെസ്റ്റേൺ റെയിൽവേയുടെ മുന്നറിയിപ്പ് പ്രകാരം ട്രെയിൻ റദ്ദാക്കലുകൾ ഉണ്ടാകാം. കൂടാതെ നൈറ്റ് റിവിയേര സ്ലീപ്പർ സർവീസ് ഞായറാഴ്ച വരെ രണ്ട് ദിശകളിലും പ്രവർത്തിക്കില്ലെന്നും അറിയിക്കുന്നുണ്ട്. ശനിയാഴ്ച അത്യാവശ്യമെങ്കിൽ മാത്രം യാത്ര ചെയ്യാൻ ചിൽട്ടേൺ റെയിൽവേ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്നു.

കഴിഞ്ഞ മാസം പത്ത് ട്രെയിൻ ഓപ്പറേറ്റർമാരിലെ അസ്ലെഫ് അംഗങ്ങൾ പണിമുടക്ക് നടത്തിയിരുന്നു ഒത്തുതീർപ്പില്ലെങ്കിൽ ആറ് മാസം കൂടി പണിമുടക്ക് നീണ്ടു നിൽക്കുമെന്ന് അസ്ലെഫ് യൂണിയൻ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.