
സ്വന്തം ലേഖകൻ: യുകെയില്‍ യൂണിവേഴ്സല്‍ ക്രെഡിറ്റ് ചൈല്‍ഡ് കെയര്‍ വകയില്‍ രക്ഷിതാക്കള്‍ക്ക് ജൂണ്‍ മുതല്‍ 47 ശതമാനം കൂടുതല്‍ തുക ക്ലെയിം ചെയ്യാം. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനത്തിലൂടെ ഇക്കാര്യം ഗവണ്മെന്റ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് പ്രകാരം ഒരു കുട്ടിയുടെ ചൈല്‍ഡ് കെയറിനായി 951 പൗണ്ടും രണ്ട് കുട്ടിയുടെ ചൈല്‍ഡ് കെയറിനായി 1630 പൗണ്ടുമാണ് രക്ഷിതാക്കള്‍ക്ക് ക്ലെയിം ചെയ്യാന്‍ സാധിക്കുക.
2023ലെ ബജറ്റിന്റെ ഭാഗമായിട്ടാണ് ഇത് സംബന്ധിച്ച നയം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ പ്രയോജനം യുകെയിലുടനീളം ലഭ്യമായിരിക്കും. നിലവിലെ വര്‍ധിച്ച് വരുന്ന ചൈല്‍ഡ് കെയര്‍ ചെലവുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുതിയ വര്‍ധനവ് തീര്‍ത്തും അപര്യാപ്തമാണെന്നും ഇതിന് പുറമെ ഈ വര്‍ഷം ചൈല്‍ഡ് കെയര്‍ വര്‍ക്കര്‍മാര്‍ക്ക് യാതൊരു വിധ ശമ്പള വര്‍ധനവും വരുത്തിയിട്ടില്ലെന്നും ലേബര്‍ പാര്‍ട്ടി കുറ്റപ്പെടുത്തി.
നിലവിലെ നിയമമനുസരിച്ച് ഇംഗ്ലണ്ട്, സ്കോട്ട്ലന്‍ഡ്, വെയില്‍സ് എന്നിവിടങ്ങളിലുള്ളവരും ചൈല്‍ഡ് കെയര്‍ ചെലവിന് സര്‍ക്കാരില്‍ നിന്ന് പിന്തുണ ലഭിക്കാന്‍ അര്‍ഹരുമായവര്‍ ആദ്യം ചൈല്‍ഡ് കെയറിനായി സ്വന്തം കൈയില്‍ നിന്ന് പണം ചെലവഴിക്കുകയും തുടര്‍ന്ന് ഇത് റീഫണ്ടിനായി ക്ലെയിം ചെയ്യുകയുമാണ് ചെയ്യുന്നത്. എന്നാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇത്തരത്തില്‍ ക്ലെയിം ചെയ്യാവുന്ന തുക മാസത്തില്‍ ഒരു കുട്ടിക്ക് 646 പൗണ്ടായി പരിമിതപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ 2010 മുതല്‍ ചൈല്‍ഡ് കെയര്‍ ചെലവുകളില്‍ 44 ശതമാനം വര്‍ധനവുണ്ടായിട്ടുമുണ്ടെന്നാണ് ട്രേഡ്സ് യൂണിയന് കോണ്‍ഗ്രസ് നടത്തിയ വിശകലനം വെളിപ്പെടുത്തുന്നത്.
ലോകത്തില്‍ തന്നെ ചൈല്‍ഡ് കെയര്‍ ചെലവുകള്‍ ഏറ്റവും അധികമുള്ള രാജ്യമാണ് യുകെ എന്നാണ് ഓര്ഗനൈസേഷന് ഫോര്‍ എക്കണോമിക് കോഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് (ഒഇസിഡി) പറയുന്നത്. രണ്ട് കുട്ടികളുള്ള ദമ്പതിമാര്‍ക്ക് അവരുടെ വരുമാനത്തിന്റെ 30 ശതമാനത്തിനടുത്ത് ചൈല്‍ഡ് കെയറിനായി ചെലവാക്കേണ്ടുന്ന അവസ്ഥയാണുള്ളതെന്നും ഒഇസിഡി വെളിപ്പെടുത്തുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ചൈല്‍ഡ് കെയറിനായി കൂടുതല്‍ തുക അനുവദിക്കുന്ന സര്‍ക്കാരിന്റെ പുതിയ നീക്കം പ്രശംസിക്കപ്പെടുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല